വഹ്ഹാബി; നിസ്ബഃയിൽ ശങ്കിക്കേണ്ടതില്ല!

വഹ്ഹാബി; 
നിസ്ബഃയിൽ ശങ്കിക്കേണ്ടതില്ല!

🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴

ബിദ്അത് സംഘത്തിലെ ഒരു വിഭാഗത്തെ 'വഹ്ഹാബികൾ' എന്ന് വിളിക്കുന്നതിൽ ചിലർ ശങ്കിക്കുന്നത് ശ്രദ്ധയിൽ പെട്ടു. ഇവരുടെ സൂത്രധാരനായ ഇബ്നു അബ്ദിൽ വഹാബ് എന്നയാളിലേക്ക് ചേർത്താണ് ഈ അറബ് വിളിപ്പേര്. അദ്ദേഹത്തിൻ്റെ യഥാർത്ഥ നാമം 'മുഹമ്മദ്' എന്നാണ്. ഉപ്പ 'അബ്ദുൽ വഹാബ്' എന്ന ഒരു സൽകർമ്മിയായ നല്ല മനുഷ്യനുമാണ്. ഇദ്ദേഹത്തിൻ്റെ മകൻ എന്ന അർത്ഥത്തിലാണ് 'ഇബ്നു അബ്ദിൽ വഹാബ്' എന്ന് വിളിക്കുന്നത്. ഇയാളിലേക്ക് ചേർത്തി വഹ്ഹാബി എന്ന് വിളിക്കുന്നത് അദ്ദേഹത്തിൻ്റെ പിതാവിലേക്കുള്ള നിസ്ബഃയാവില്ലേ, പിതാവ് സ്വാലിഹായ മനുഷ്യനുമായിരിക്കേ, ബിദ്അത് പ്രസ്ഥാനത്തെ അദ്ദേഹത്തിലേക്ക് ചേർത്തു വിളിക്കുന്നത് മോശമായില്ലേ - എന്നൊക്കെയാണ് ഇവരുടെ ശങ്ക. എന്നാൽ ഇവിടെ ചെറിയൊരു ധാരണാ പിശക് വന്നതാണ്. പറയാം:

ഇമാം ശാഫിഈ(റ)വിൻ്റെ യഥാർത്ഥ പേര് 'മുഹമ്മദ് ബ്നു ഇദ്‌രീസ് എന്നാണെങ്കിലും 'ശാഫിഈ' എന്ന് ചേർത്തു വിളിക്കുന്നത് അവരുടെ വല്യുപ്പമാരിലെ 'ശാഫിഅ്' എന്നവരിലേക്കുള്ള നിസ്ബഃയായിട്ടാണ്. അതേ സമയം നമ്മെക്കുറിച്ചും 'ശാഫിഈ' ആണെന്ന് പറയാറില്ലേ ? അത് ഇമാം ശാഫിഈ(റ)വിലേക്ക് ചേർത്തിയിട്ടാണ്. ഒന്നുകൂടെ പറഞ്ഞാൽ, നമ്മെക്കുറിച്ച് 'ശാഫിഈ' എന്ന് പറയുമ്പോൾ, 'ശാഫിഅ്' എന്നവരിലേക്ക് ചേർത്തി വിളിക്കപ്പെടുന്ന ആളിലേക്ക് ചേർത്തി വിളിക്കപ്പെടുന്നവർ എന്നാണ്. ഇതുപോലെ ഇന്നത്തെ വഹ്ഹാബികളെ ഇപ്പേരു വിളിക്കുമ്പോൾ - 'അബ്ദുൽ വഹാബ് എന്ന് ഉപ്പാക്ക് പേരുള്ള ഒരാളിലേക്ക് ചേർത്തി വിളിക്കപ്പെടുന്നവൻ' എന്നേ ഉദ്ദേശമുള്ളൂ.

നിസ്ബഃകൾ കേൾക്കുമ്പഴേക്ക് ആശയക്കുഴപ്പം വരാതിരിക്കാൻ കുറച്ച് ഉദാഹരണങ്ങൾ നോക്കാം: കസേരക്കച്ചവടം ചെയ്യുന്നത് കൊണ്ടോ മറ്റോ 'കസേരക്കാരനായ കോമു' എന്ന് പറയണമെങ്കിൽ അറബിയിൽ എങ്ങനെ ഉപയോഗിക്കുമെന്നറിയുമോ ? 'കോമു അൽ കുർസീ' എന്നാണ്. കസേരക്കും 'കുർസീ' എന്നാണല്ലോ പറയുക. അപ്പോൾ, രണ്ടും കേൾക്കാൻ ഒരുപോലെയാണെങ്കിലും അർത്ഥത്തിൽ വ്യത്യാസമുണ്ട്. കോമുവിനെക്കുറിച്ചാകുമ്പോൾ കുർസിയ്യിലേക്ക് ചേർക്കപ്പെട്ടവൻ എന്നും കസേരയെപ്പറ്റിയാവുമ്പോൾ അതിൻ്റെ പേര് എന്നും മനസ്സിലാക്കണം. അത്ര തന്നെ. 

ശാഫിഈ മദ്ഹബിലെ മുൻഗാമികളിൽ പെട്ട വലിയ ഇമാമായിരുന്നു അബൂബക്ർ അൽ ഖഫ്ഫാലു ശ്ശാശീ(റ). القفّال - എന്നത് ഒരു നിസ്ബഃയാണ്. വാതിലുകൾ ലോക്കിടാൻ ഉപയോഗിക്കുന്ന 'പൂട്ട്', അതിന് ഖുഫ്‌ല് എന്നാണ് അറബിയിൽ പറയുക. അത് വിറ്റ് ജീവിക്കുന്നവരായിരുന്നു മഹാൻ. പിന്നീട് തൻ്റെ നാൽപതാം വയസ്സിൽ ഇൽമ് പഠിക്കുന്നതിൽ വ്യാപൃതനാവുകയും സർവ്വരാലും വാഴ്ത്തപ്പെടുന്ന ഇമാമായി മാറുകയുമായിരുന്നു. 'പൂട്ട്' കച്ചവടം നടത്തുന്നവർ എന്ന അർത്ഥത്തിലാണ് القفّال എന്ന് പറയുന്നത്.

ഗോതമ്പ് എന്നർത്ഥമുള്ള حنطة ലേക്ക് ചേർത്ത് പേര് വന്നതാണ് الإمام أبوبكر الحناط എന്നത്.

 നിസ്ബഃയിൽ എല്ലായിടത്തും ياء അവസാനത്തിൽ വരേണ്ടതില്ലെന്നും فعّال، فاعل، فَعِل തുടങ്ങിയ വസ്നിലും മറ്റും നിസ്ബഃയിൽ ഉപയോഗിമുണ്ടെന്നും അൽഫിയ്യഃയിൽ കാണാം:

ومع فاعل وفعّال فَعِل #
في نَسَبٍ أغنى عنِ اليَا فَقُبِل. اه‍ 

ഇനി, ചില അക്ഷരങ്ങൾ കൂട്ടിയും കുറച്ചും നിസ്ബഃ വരാറുണ്ട്. റബ്ബാനീ, സ്വമദാനീ, വഹ്ദാനീ തുടങ്ങിയവ യഥാക്രമം റബ്ബ്, സ്വമദ്, വഹ്ദത് എന്നിവയിലേക്കുള്ള നിസ്ബഃയാണ്. ا ، ن എന്നീ രണ്ടക്ഷരങ്ങൾ കൂടുതലാക്കിയിട്ടുണ്ട്. അത് ആശയത്തെ ശക്തി കൂട്ടി അവതരിപ്പിക്കാനാണ്. മഹാന്മാരെക്കുറിച്ച് العالم الرباني والصمداني എന്ന് പ്രയോഗിച്ചത് കാണാം. അവിടെ الرباني എന്നാകുമ്പോൾ പഠിച്ചതനുസരിച്ച് പ്രവർത്തിക്കുന്ന, റബ്ബിലേക്ക് ചേർക്കപ്പെടുന്നയാൾ എന്നാണ്:

{ وَلَـٰكِن كُونُوا۟ رَبَّـٰنِیِّـۧنَ بِمَا كُنتُمۡ تُعَلِّمُونَ ٱلۡكِتَـٰبَ وَبِمَا كُنتُمۡ تَدۡرُسُونَ }
[آل عمران- ٧٩]
{كُونُوا رَبَّانِيِّينَ} 
عُلَمَاء عَامِلِينَ مَنْسُوبِينَ إلَى الرَّبّ بِزِيَادَةِ أَلِف وَنُون. اه‍
 (تفسير الجلالين)

ഇനി, صمداني എന്നാകുമ്പോൾ എല്ലാ കാര്യത്തിലും മറ്റൊരാളിലേക്കും ആശ്രയിക്കാതെ, റബ്ബിലേക്ക് മാത്രം ഭരമേൽപിക്കുന്നയാൾ എന്നാണ് അർത്ഥമാക്കുന്നത്:

(قَوْلُهُ وَالْعَالِمِ الصَّمَدَانِيِّ )
 أَيْ الْمَنْسُوبِ إلَى الصَّمَدِ أَيْ الْمَقْصُودِ فِي الْحَوَائِجِ قَالَهُ شَيْخُ الْإِسْلَامِ فِي الْكِتَابِ الْمَذْكُورِ، وَلَعَلَّ الْمُرَادَ بِالنِّسْبَةِ هُنَا أَنَّهُ يَعْتَمِدُ فِي أُمُورِهِ كُلِّهَا عَلَى اللَّهِ بِحَيْثُ لَا يَلْتَجِئُ إلَى غَيْرِهِ تَعَالَى فِي أَمْرٍ مَا. اه‍
( علي الشبراملسي: ١/١٠)

'നവാ' എന്ന ദേശത്തേക്ക് നിസ്ബഃ ചെയ്യുമ്പോൾ نواوي എന്നും 'മർവാ' എന്നിടത്തേക്ക് مروزي എന്നും 'റയ്യി'ലേക്കാകുമ്പോ رازي എന്നുമാണ്. ഇവിടെയെല്ലാം ചില ഹർഫുകൾ അധികം വന്നത് ശ്രദ്ധിച്ചല്ലോ. ഇനി നിലവിലെ ഹർഫുകളിൽ നിന്ന് ചിലതിനെ ഒഴിവാക്കി വന്ന നിസ്ബഃ നോക്കൂ:
യമൻ എന്ന നാട്ടിലേക്ക് ചേർത്തി يَمَانٌ എന്ന് പറയുന്നു.
(الإيمان يمان) 
أَيْ يَمَنِيٌّ، وَالْأَلِفُ عِوَضٌ عَنْ يَاءِ النِّسْبَةِ. اه‍ 
(مرقاة المفاتيح)

ഖുർആൻ സൂറതുകളിൽ 'മക്കിയ്യ്, മദനിയ്യ്' എന്നതിൻ്റെ ഉദ്ദേശം ഹിജ്റഃക്ക് മുമ്പ് അവതരിച്ചത്, ശേഷം അവതരിച്ചത് എന്നാണ്. അല്ലാതെ മക്കഃയിൽ വെച്ച്, മദീനഃയിൽ വെച്ച് അവതരിച്ചത് എന്നല്ല.

എൻ്റെ നാടായ 'പള്ളിപ്പുറം' എന്നതിലേക്ക് ചേർത്തിയിട്ടാണ് فضفري എന്ന് പറയുന്നത്. അല്ലാതെ ഒരു കുടുംബത്തിലേക്ക് ചേർത്തതോ ബിരുദ നാമമോ അല്ല. യൂസുഫുൽ ഫള്ഫരീ, അബ്ദുൽ ഖാദിർ ഫള്ഫരീ, അബ്ദുർറഹ്മാൻ ഫള്ഫരീ (കുട്ടി മുസ്‌ലിയാർ) തുടങ്ങിയ പർവ്വത സമാനരായ പണ്ഡിതരെക്കൊണ്ട് കേളിപെറ്റ നാടാണത്. ഇവരുടെയെല്ലാം പേരിൻ്റെ കൂടെ ഈ വാക്ക് പ്രസിദ്ധമാണ്. ഇക്കാര്യം ഒരു വിദ്വാനോട് പങ്കുവെച്ചപ്പോൾ അയാൾ ഇതിനെ എതിർത്തു. അവസാനം 'മീമി'ല്ലാത്തത് ശരിയല്ലെന്നാണ് അയാളുടെ പക്ഷം.  ഞാൻ പറഞ്ഞു - മീമിനെ കളഞ്ഞപ്പോൾ തന്നെ ഉറപ്പായിട്ടുണ്ട്, ഇത് നിസ്ബഃയാണെന്ന്. അറബീകരിച്ചതിന് ശേഷമാണല്ലോ നിസ്ബഃ ചെയ്യുക. ഇതര ഭാഷകളിൽ നിന്നും അറബീകരിക്കുമ്പോൾ ചില വ്യത്യാസപ്പെടുത്തൽ നിബന്ധനയുണ്ട്. 
അതിൻ്റെ ഭാഗമായി മീമിനെ കളഞ്ഞു. ശേഷം നിസ്ബഃ ചെയ്തു. 

നാദാപുരം പള്ളിയുടെ ഇടത് ഭാഗത്തെ മഖ്ബറഃയിൽ അന്ത്യവിശ്രമം കൊള്ളുന്നവരാണ് അഹ്‌മദുശ്ശീറാസീ(ഖു:സി). ചില تعليقات ൽ ഉദ്ധരണി കൊടുത്ത ശേഷം أ ح م ش എന്ന സൂചനാപദം ചേർക്കുന്നത് അവരിലേക്കാണ്. മലപ്പുറം ജില്ലയിലെ മങ്കടക്കടുത്ത ചേരിയം ദേശക്കാരനാണ് ഓർ. അവിടേക്ക് ചേർത്താണ് شيرازي എന്ന് പറയുന്നത്. ഇമാം അബൂ ഇസ്ഹാഖ് അശ്ശീറാസീ(റ), شيراز എന്ന ഇറാനിലെ ദേശത്തേക്കുള്ള നിസ്ബഃയുമാണ്.

കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലേക്ക് ചേർത്ത് شرواني എന്ന് പ്രയോഗിക്കുന്നുണ്ട്. തുഹ്ഫഃക്ക് ഹാശിയഃ എഴുതിയ അബ്ദുൽ ഹമീദ് അശ്ശർവാനീ(റ) എന്നവർ داغستان ലെ شروان എന്ന പ്രദേശത്തേക്കുള്ള നിസ്ബഃയുമാണ്.

ചാപ്പനങ്ങാടിയിലേക്ക് ചേർത്ത് جفني എന്നാണ് ഉപയോഗിക്കുന്നത്. മലയാളത്തിൽ നിന്ന് അറബീകരിച്ചപ്പോഴുള്ള ഏറ്റക്കുറച്ചിലുകളാണ് മുകളിൽ കണ്ടത്.

ചുരുക്കത്തിൽ വിചിത്രമായ പല രൂപങ്ങളും ഈ നിസ്ബഃയിൽ കാണാമെന്നതാണ് നേര്. വീട് ഖബ്ർസ്ഥാനിക്കടുത്ത് ആയതിൻ്റെ പേരിൽ المقبري എന്ന് ചേർത്തി വിളിക്കുന്നവരാണ് أبو سعيد المقبري എന്നവർ.

وَيُقَالُ الْمَقْبُرِيُّ .... وَقِيلَ كَانَ مَنْزِلُهُ عِنْدَ الْمَقَابِرِ. اه‍ 
(شرح مسلم للنووي- ٢/٦٩)

റാവിമാരിൽ പെട്ട ഒരു മഹാനാണ് خالد الحذّاء - رض എന്നവർ. حذاء എന്നാൽ ചെരിപ്പ് കച്ചവടക്കാരൻ എന്നാണ്. പക്ഷേ, മഹാൻ ആ ജോലി ചെയ്തിരുന്നില്ലെന്നും, ചെരിപ്പ് വിൽക്കുന്നിടത്ത് ഇരിക്കുന്നത് കൊണ്ടാണ് ഈ നിസ്ബഃ വന്നതാണെന്നും കാണാം:

وَأَمَّا خَالِدٌ فَهُوَ بن مِهْرَانَ الْحَذَّاءُ ... قَالَ أَهْلُ الْعِلْمِ لَمْ يَكُنْ خَالِدٌ حَذَّاءً قَطُّ وَلَكِنَّهُ كَانَ يَجْلِسُ إِلَيْهِمْ فَقِيلَ لَهُ الْحَذَّاءُ لِذَلِكَ. اه‍ 
(شرح مسلم للنووي- ١/٢١٨)

ബദ്ർ യുദ്ധത്തിൽ പങ്കെടുത്തിട്ടില്ലെങ്കിലും അവിടെ താമസിച്ചതിൻ്റെ പേരിൽ കിട്ടിയ പേരാണ് أبو مسعود البدري എന്നത്. 

ഇമാം ശാഫിഈ(റ)ൻ്റെ പ്രധാന ഗുരുവര്യരും ഫത്‌വാക്ക് ഇജാസത് നൽകിയവരുമാണ് مسلم بن خالد الزنجي رض. വെളുത്ത മനുഷ്യനായിരുന്നു മഹാൻ. കറുത്തവൻ എന്നർത്ഥമുള്ള الزنجي എന്നാണ് മഹാനരെ പരിചയപ്പെടുത്തുന്നത്. ഇത് വിപരീതാർത്ഥത്തിൽ ഉപയോഗിക്കുന്ന നിസ്ബഃയാണെന്ന് ഒരു വിഭാഗം ചരിത്രകാരന്മാർ പറയുന്നുണ്ട്:

قال سويد بن سعيد : سمي الزنجي لسواده . كذا قال : وخالفه ابن سعد وغيره ، فقالوا : كان أشقر ، وإنما لقب بالزنجي بالضد. اه‍ 
(سير أعلام النبلاء، ثبت ابن حجر)

ഇമാം മാലിക്(റ)വിനെ സംബന്ധിച്ച് الأصبحي എന്നും التيمي എന്നും കാണാം. അവരുടെ കുടുംബത്തിലേക്ക് ചേർത്ത് الأصبحي എന്നും ഈ കുടുംബം ഖുറൈശികളിലെ തൈമ് ഖബീലഃയുമായി സഖ്യകക്ഷികളായതിനാൽ അതിലേക്ക് ചേർത്ത് التيمي എന്നും പറയുന്നതാണ്.

ഇമാം ബുഖാരീ(റ)ന് ഈ നാമം റഷ്യയിലെ ബുഖാറഃ എന്ന നാട്ടിലേക്ക് ചേർത്താണ്. മഹാനരെക്കുറിച്ച് الجعفي എന്നും പറയാറുണ്ട്. അത് പക്ഷേ, അവരുടെ ഉപ്പാപ്പ مغيرة എന്നവർ يمان بن أخنس الجعفي എന്നവരാൽ ഇസ്‌ലാം സ്വീകരിച്ചതാണ്. അവരിലേക്ക് - ഉപ്പാപ്പയെ ഇസ്‌ലാമിലേക്ക് കൊണ്ടുവന്ന ആളിലേക്ക് - ചേർത്തി വിളിക്കുന്നതാണ് الجعفي എന്ന് ഇമാം ബുഖാരി(റ)ന്.

ഇമാം മാവറദീ(റ)യെ കേട്ടിട്ടില്ലേ? അവരുടെ ഉപ്പ പനിനീർ വെള്ളം കച്ചവടം ചെയ്തിരുന്നു. ഇതേ ജോലി ഇമാമും ചെയ്തു. പനിനീരിന് ماء الورد എന്നാണ് പറയുക. അതിലേക്ക് ചേർത്ത് -   ماء الورد വിറ്റിരുന്ന ആൾ - എന്നാണ് ماوردي എന്നതിൻ്റെ ന്യായം.

 മേൽ പറഞ്ഞ നിസ്ബഃകൾക്ക് മറ്റു പല കാരണങ്ങളും കിതാബുകളിലുണ്ട്. വിചിത്രമായി തോന്നിയത് പറഞ്ഞെന്നേയുള്ളൂ.

നമ്മുടെയെല്ലാം أم المدارس ആയ ബാഖിയാത് കോളേജിന് ആ പേര് വന്ന ചരിത്രം കേട്ടിട്ടുണ്ടോ ? പ്രഥമ ബിരുദദാനത്തിന് സമയമടുത്തപ്പോൾ സ്ഥാപകനായ ശംസുൽ ഉലമാ ഹള്റത് അബ്ദുൽ വഹാബ്(ഖു:സി) കൂടെയുള്ളവരോട് മുശാവറഃ ചെയ്തത്രെ. അന്ന് ചിലർ ഇങ്ങനെ അഭിപ്രായപ്പെട്ടു: വെല്ലൂർ ലത്വീഫിയ്യഃ കോളജിൽ അവിടുത്തെ സ്ഥാപകരായ عبد اللطيف (ഖു.സി) എന്നവരിലേക്ക് (മഹാനർ അബ്ദുൽ വഹാബ് ഹള്റതിൻ്റെ വന്ദ്യഗുരുവുമാണ്, മദീനഃയിൽ വെച്ചായിരുന്നു അവരുടെ വഫാത്. അബ്ബാസ്(റ)വിൻ്റെ ചാരെ മറവ് ചെയ്യണമെന്ന് അന്നത്തെ ഭരണാധികാരിക്ക്, തിരുനബി(സ്വ) തങ്ങളുടെ സ്വപ്ന നിർദ്ദേശമുണ്ടാവുകയും അങ്ങനെ വൻജനാവലിയുടെ സാനിധ്യത്തിൽ ദഫ്ൻ ചെയ്യുകയും ചെയ്തു.) ചേർത്ത് പറയുന്ന പോലെ ഇവിടെ عبد الوهاب എന്നതിലേക്ക് ചേർത്ത് 'വഹ്ഹാബി' എന്നാക്കിയാലോ ? 
ഇതിനെ ഓർ നിരാകരിച്ചു. "ബിദഈ കക്ഷികളുടെ പേരായി അറിയപ്പെട്ട സ്ഥിതിക്ക് അത് വേണ്ട.." 
പിറ്റേന്ന് രാത്രി, 
{ وَٱلۡبَـٰقِیَـٰتُ ٱلصَّـٰلِحَـٰتُ خَیۡرٌ عِندَ رَبِّكَ ثَوَابࣰا وَخَیۡرٌ أَمَلࣰا }
[الكهف- ٤٦]
എന്ന ആയത് പലതവണയായി ഒരാൾ ഓതുന്നത് മഹാൻ സ്വപ്നത്തിൽ ദർശിക്കുകയും അത് നല്ല സൂചനയായി മനസ്സിലാക്കി, കോളേജിന് 'ബാഖിയാതുസ്സ്വാലിഹാത്' എന്ന് പേര് വെക്കുകയും ചെയ്തു. ഇതിലേക്ക് ചേർത്ത് باقوي എന്ന് ബിരുദനാമമായി തീരുമാനിക്കുകയുമായിരുന്നു. ഈ സംഭവം ബഹുമാനപ്പെട്ട സ്വദഖതുല്ലാഹ് ഉസ്താദ്(ഖു:സി) ബാഖിയാതിൻ്റെ നൂറാം വാർഷിക സോവനീറിൽ എഴുതിയ ലേഖനത്തിലുണ്ട്. ചില സാഹചര്യത്താൽ അവിടെ നിന്നും പഠനം നിർത്തേണ്ടി വന്ന തൻ്റെ അരുമ ശിഷ്യർക്ക് പിന്നീട് 'വഹബീ' എന്ന നാമത്തിൽ ബിരുദം നൽകിയതും ഓർ, ബാനീ ബാഖിയാതിൻ്റെ സ്മരണക്കു വേണ്ടിയാണെന്ന് കേട്ടിട്ടുണ്ട്.

ഇങ്ങനെ പലതുമുണ്ട്. ഓർമ്മയിൽ വന്ന ചിലത് മാത്രം വെച്ച് കുറിച്ചതാണ്.
പൊതുവെ, ഈ നിസ്ബഃയുടെ ഉപയോഗം വന്നത് കാര്യങ്ങൾ ചുരുക്കിപ്പറയുക എന്ന ലക്ഷ്യത്തിലാണ്. رجل من أهل مكة എന്നതിന് പകരം رجل مكي എന്ന് പ്രയോഗിച്ചാൽ മതിയല്ലോ. ഇപ്രകാരം, ഏതൊന്നിൻ്റെയും ചെറുത് എന്നുപയോഗിക്കാൻ تصغير പ്രയോഗം അറബിയിലുണ്ട്. അവിടെയും ചുരുക്കിപ്പറയലുണ്ട്. رجل صغير എന്നതിന് رُجَيْل എന്ന ഒറ്റപ്പ്രയോഗം മതി. ഇങ്ങനെ اختصار ഉണ്ടാവുക എന്ന ബന്ധത്തിൻ്റെ അടിസ്ഥാനത്തിലാണ് അൽഫിയ്യഃയിൽ باب النسب യുടെ തൊട്ടുടനെ باب التصغير ചേർത്തത്.

 ബാബുകൾ തമ്മിലുള്ള ബന്ധം അൽഫിയ്യഃയിൽ ഉടനീളം കാണാം. اسم فعل ഉം نون التأكيد ഉം അടുത്തടുത്ത് വിവരിക്കാനുള്ള കാരണം, نون التأكيد ലെ പോലെ തന്നെ اسم فعل ലും تأكيد ഉണ്ടെന്ന് അറിയിക്കാനാണ്. ഇവകളിൽ ആദ്യം اسم فعل ൻ്റെ ബാബ് കൊടുത്തത്, അതിലെ تأكيد കലിമതിൻ്റെ സ്വതത്തിൽ തന്നെ ഉള്ളതിനാലാണ്. نون التأكيد ഉള്ള കലിമതിന് ആ نون ചേർന്ന് വന്നതിനാൽ കിട്ടിയതാണല്ലോ. ഈ ന്യായം حاشية ابن حمدون ൽ പറഞ്ഞിട്ടുണ്ട്.

 അത് കൊണ്ട് തന്നെ, ദൂരെയാവുക എന്നർത്ഥത്തിന് بَعُدَ എന്ന സാധാരണ ക്രിയ പ്രയോഗിക്കുന്നതും شَتَّانَ എന്ന اسم فعل പ്രയോഗിക്കുന്നതും വലിയ അന്തരമുണ്ട്. വളരെയധികം ദൂരെയായി എന്ന ആശയം شَتَّانَ യിലടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് സ്വബ്ബാനിൽ ഇതിന് بَعُدَ جدٌا എന്ന് വിശദീകരണം നൽകിയത്.

നിർബന്ധമായും കൂടെ കൂട്ടിക്കോ എന്നർത്ഥമുള്ള الزم എന്ന فعل الأمر നേക്കാൾ ഒരുപടി മുന്നിലാണ് عليك എന്ന اسم فعل ൻ്റെ പ്രയോഗത്തിന്. عليك بالسواد الأعظم، عليكم بالجماعة- ഇജ്മാഉള്ള കാര്യത്തെ ഒരിക്കലും തന്നെ കൈവിടരുത്, അതിനെ ശക്തമായ നിലയിൽ കടിച്ച് പിടിക്കണം - എന്ന് പറയുന്നതിൽ ശക്തികൂടിയ നിർദ്ദേശമാണുള്ളത്. 
വിശുദ്ധ ഖുർആനിലെ هيهات പോലെയുള്ള മറ്റു اسم فعل ഉപയോഗിച്ച സ്ഥലങ്ങളിലെല്ലാം ഇത്തരം تأكيد കൾ ശ്രദ്ധിക്കാതെ പോകരുത്. ഇതെല്ലാം ഇബ്നു മാലിക്(റ) അൽഫിയ്യഃയിലെ ബാബുകളുടെ ക്രമീകരണത്തിലൂടെ പറയാതെ പറഞ്ഞിട്ടുണ്ട്.

✍️
 അഷ്റഫ് സഖാഫി പള്ളിപ്പുറം

(കേട്ടെഴുത്ത് -
അബൂ ഹസന: ഊരകം)
💫



Comments

Popular posts from this blog

അഗത്തി ഉസ്താദ്; മാർഗ്ഗ ദർശിയായ ഉറ്റ സുഹൃത്ത്. (ഭാഗം - 3)

لِكُلّ مَقَالٍ رِجَالٌ، ولِكُلّ رِجَالٍ مَقَالٌ

അഗത്തി ഉസ്താദ്; മാർഗ്ഗദർശിയായ ഉറ്റ സുഹൃത്ത് (ഭാഗം - 4 )