വിശ്വാസി വിനയാന്വിതനാകണം
വിശ്വാസി വിനയാന്വിതനാകണം
🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴
മക്കഃയിലെ പ്രബോധന കാലം. മുസ്‌ലിമായവരോട് കഠിനമായ വിരോധവും അക്രമവും. സഹിക്കവയ്യാതെ മുസ്‌ലിംകൾ എത്യോപ്യയിലേക്ക് രണ്ടു തവണ പലായനം ചെയ്തു. ഖുറൈശികളുടെ കൂട്ടത്തിൽ നിന്ന് കടുത്ത അക്രമം അഴിച്ചു വിടുന്നവരായിരുന്നു ഉമർ ബ്നുൽ ഖത്ത്വാബ്.
ലൈലാ ബിൻത് അബീ ഹസ്മഃ(റ), തൻ്റെ ഭർത്താവ് ആമിർ(റ)നോടൊപ്പം പലായനത്തിനൊരുങ്ങിയ സന്ദർഭം.
ഒരുക്കങ്ങൾ കണ്ട് ലൈലാ(റ)നോട് ഉമർ ചോദിച്ചു: " ഉമ്മു അബ്ദില്ലാഹ്, എവിടേക്കാ.?"
അൽപം നീരസത്തോടെ ബീവി പറഞ്ഞു:
"നിങ്ങളെല്ലാം ഞങ്ങളെ കഷ്ടപ്പെടുത്തിയില്ലെ? ഇവിടെ എങ്ങനെ ജീവിക്കാനാ ? ഞങ്ങൾ പോകുകയാണ്, ഈ നാട് വിട്ട് .."
ഉമർ: "നിങ്ങളെ അല്ലാഹു സംരക്ഷിക്കട്ടെ."
ഈ മറുപടി കേട്ട് മഹതി അൽഭുതപ്പെട്ടു. കടുത്ത വിരോധിയായ ഉമറിൻ്റെ ഭാഗത്ത് നിന്ന് ഇത്തരം സമാധാന വാക്ക് പ്രതീക്ഷിച്ചതല്ല. എന്തോ, മഹതിയുടെ മനോവിഷമത്താലുള്ള വാക്ക് അവരുടെ ഹൃദയത്തിൽ അടയാളം വരുത്തിയിട്ടുണ്ടാകണം.
ചില ആവശ്യങ്ങൾക്ക് വേണ്ടി പുറത്ത് പോയ ആമിർ(റ) തിരിച്ചു വന്നപ്പോൾ, മഹതി ഉമറിൻ്റെ മനസ്സ് മാറിയ സംഭവം പറഞ്ഞു. ആമിർ(റ) വിശ്വസിച്ചില്ല.
"ഹേയ്, അങ്ങനെയുണ്ടാവില്ല. ഖത്ത്വാബിൻ്റെ കഴുത വിശ്വസിച്ചാലും ഉമർ വിശ്വസിക്കുന്ന പ്രശ്നമില്ല.."
വാക്കുകൾ കടുത്തു പോയെന്ന് തോന്നണ്ട. അതിനുമാത്രം പീഠനങ്ങൾ ഉമറിൽ നിന്ന് ഉണ്ടായിരുന്ന സമയമായിരുന്നു അത്. ഉമർ(റ)വിൻ്റെ മനം മാറ്റത്തിൻ്റെ തുടക്കമായി കിതാബുകളിൽ ഉദ്ധരിച്ച സംഭവമാണിത്. അവരുടെ ഹൃദയത്തിൻ്റെ കടുപ്പം മനസ്സിലാക്കാനാണിത് പറഞ്ഞത്. ഇനി വിശ്വാസിയായ ഖലീഫഃ ഉമറു ബ്നുൽ ഖത്ത്വാബ്(റ)വിനെ പറയാം. ആ മാറ്റത്തിൻ്റെ ആഴം മനസ്സിലാക്കാൻ സാധിക്കും.
ഉമർ(റ) ഭരണം ഏറ്റെടുത്ത ആദ്യ ഘട്ടം. പ്രജകളെ അഭിമുഖീകരിച്ചൊരു പ്രസംഗം നടത്തി. ചരിത്ര പ്രസിദ്ധമാണത്. മഹാൻ പറഞ്ഞു:
"ഞാൻ നന്മ കൽപിക്കുമ്പോൾ നിങ്ങളെന്നോട് സഹകരിക്കുക. ചീത്തയാണെങ്കിൽ വഴിപ്പെടരുത്. നിങ്ങളിലാരെങ്കിലും എൻ്റെ പക്കൽ നിന്നും വല്ല വ്യതിചലനവും കണ്ടാൽ തിരുത്തിക്കോളണം.."
ഇത് പറഞ്ഞപ്പോൾ സദസ്സിൽ നിന്ന് ഒരാൾ എഴുന്നേറ്റ് പറഞ്ഞു:
والله، لو رأينا فيك اعوجاجا لقومناه بسيوفنا..
"അല്ലാഹുവാണെ സത്യം, താങ്കളിൽ നിന്നും വല്ല വ്യതിചലനവും കാണുന്ന പക്ഷം, ഞങ്ങളുടെ വാളുകൾ വെറുതെയിരിക്കില്ല.."
ഇത്കേട്ട ഖലീഫഃയുടെ പ്രതികരണം ഇങ്ങനെയായിരുന്നു:
هاه، الحمد لله الذي جعلني في قوم إذا ملت عدلوني.
"വാഹ്, ഞാൻ നന്മയെ തൊട്ട് തെറ്റിമ്പോഴും നേരെയാക്കുന്ന ഒരുത്തമ സമുദായത്തിൽ എന്നെ ചേർത്ത റബ്ബിന് സർവ്വ സ്തുതിയും! "
പിന്നീട് ലോകത്തെ മുഴുവൻ സാമ്രാജ്യങ്ങളുടെയും പേടി സ്വപ്നമായി മാറിയ ഒരു ചക്രവർത്തി പ്രജകളോട് സംവദിച്ചതാണ് ഇത്. ഇന്നത്തെ ഭരണാധികാരികളെ ഈ രൂപത്തിൽ നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ? മേൽ സംഭവം മറ്റു രീതിയിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുഹാജിറുകളുടെയും അൻസ്വാരികളുടെയും കൂട്ടത്തിലിരുക്കുമ്പോൾ ഉമർ(റ) ചോദിക്കുന്നു:
"ഞാൻ നന്മയുടെ വഴിയിൽ നിന്നും തെറ്റിയാൽ നിങ്ങളെങ്ങനെയായിരിക്കും ?"
കൂടെയുള്ളവർ പ്രതിവചിച്ചു: "അസ്ത്രമുനകൾ മിനുക്കിയെടുക്കും പോലെ താങ്കളെ നേരെയാക്കിയെടുക്കും.."
ഇത് കേട്ട് ഉമർ(റ) പറഞ്ഞു: "അങ്ങനെയാവുമ്പഴേ നിങ്ങൾ നിങ്ങളാവൂ.."
ഒന്നാം ഖലീഫഃ സ്വിദ്ധീഖുൽ അക്ബർ(റ)വിൻ്റെ ഇത്തരത്തിലുള്ള പ്രസംഗവും ചരിത്രത്തിൽ കാണാം. മഹാൻ പറഞ്ഞു:
"فإني قد وليت عليكم وليست بخيركم، ....، والضعيف فيكم قوي عندي حتى أريح عليه حقه إن شاء الله، والقوي فيكم ضعيف حتى آخذ الحق منه إن شاء الله...". اه
(تاريخ الخلفاء للسيوطي - ٥٧)
"നിങ്ങളുടെ മേൽ എന്നെ ഭരണം ഏൽപിക്കപ്പെട്ടിരിക്കുന്നു. ഞാൻ നിങ്ങളിൽ ഉത്തമനല്ല.. നിങ്ങളിലെ ബലഹീനർക്ക് എൻ്റെ മുന്നിൽ എന്നും സ്ഥാനമുണ്ട്. നിങ്ങളിലെ ശക്തന്മാർ, അവരുടെ ബാധ്യതകൾ നിറവേറ്റാതെ ഞാൻ വിടുന്നതല്ല.."
പാവങ്ങളുടെ അത്താണിയാണെന്നും ധനികരുടെ വാലാട്ടിയാവില്ലെന്നുമുള്ള പ്രസക്തമായ നയ പ്രഖ്യാപനമാണിത്. ഇസ്‌ലാമിക ഭരണം കൃത്യമായി പ്രയോഗത്തിൽ കൊണ്ടുവന്ന ഇവരെ ലോകം എന്നും ആവശ്യപ്പെടുന്നുണ്ട്. ഭരണാധികാരിയാണെന്ന വമ്പോ പത്രാസോ കാണിക്കാതെ വിനയം തുളുമ്പുന്ന ജീവിതം കാഴ്ചവെച്ച മഹാരഥന്മാർ !
ഒരിക്കൽ, സ്വഹാബാക്കൾക്കെല്ലാം വസ്ത്രം തുന്നിക്കാനുള്ള ശീല ലഭിച്ചു. ഒരു പൂർണ്ണമായ ഖമീസ്വിന് തികയാത്തതായിരുന്നു അത്. അങ്ങനെ, മിമ്പറിൽ കയറിയ ഖലീഫഃ ഉമർ(റ) പൂർണ്ണമായ ഖമീസ്വ് ധരിച്ചെത്തിയതായി സദസ്യർ കാണുന്നു. അവരിലൊരാൾ ഇത് ചോദ്യം ചെയ്തു:
"താങ്കളെല്ലാവർക്കും നൽകിയ ശീല പൊതുവെ ചെറുതായിരുന്നു. ഞങ്ങളേക്കാൾ പൊക്കമുള്ള താങ്കൾക്ക് മുഴുവനായും ഖമീസ്വ് തയ്ക്കാൻ ശീലയുണ്ടെങ്കിൽ മറ്റുള്ളവരേക്കാൾ അങ്ങ് കൂടുതൽ ശീലയെടുത്തിട്ടുണ്ടല്ലേ ? ഈ നിലയാണെങ്കിൽ താങ്കൾക്ക് വഴിപ്പെടാൻ പ്രയാസമുണ്ട്.."
ഉമർ(റ) മകനായ അബ്ദുല്ലാഹ്(റ)വിലേക്ക് ചൂണ്ടിക്കാണിച്ചു. അദ്ദേഹം കാര്യം വിശദീകരിച്ചു: 'ജനങ്ങളേ, അതെൻ്റെ ശീല ഉപ്പാക്ക് കൊടുത്തതാണ്. രണ്ടും കൂട്ടി തുന്നിയപ്പോൾ ഈ രൂപത്തിലായതാണ്..'
ഇങ്ങനെ ചോദ്യം ചെയ്യാൻ അവസരമുള്ള പ്രജകളും, ലളിതവും വിനയയവും നിറഞ്ഞ വ്യക്തിത്വത്തിനുടമയായ ഖലീഫഃയും!
മറ്റൊരിക്കൽ, സ്ത്രീകളുടെ 'മഹ്റി'ൻ്റെ കാര്യത്തിൽ ചില പരിധികൾ നിശ്ചയിക്കാൻ ഖലീഫഃ തീരുമാനിച്ചു:
"നിങ്ങൾ വലിയ തോതിൽ മഹ്ർ ആവശ്യപ്പെടാതിരിക്കുക.."
ഒരു സ്ത്രീ ഇതിനെ ചോദ്യം ചെയ്തു: "എന്താണിത് ? അല്ലാഹു പറഞ്ഞില്ലേ:
{ وَءَاتَیۡتُمۡ إِحۡدَىٰهُنَّ قِنطَارࣰا فَلَا تَأۡخُذُوا۟ مِنۡهُ شَیۡـًٔاۚ }
[النساء- ٢٠]
"നിങ്ങളിലാരെങ്കിലും ഭാര്യക്ക് ഒരു 'ഖിൻത്വാർ' കണക്കെ മഹ്ർ നൽകിയാലും, അതിൽ നിന്ന് ഒന്നും തന്നെ തിരിച്ച് വാങ്ങാൻ പാടില്ല (ത്വലാഖിന് ശേഷം)."
എത്ര വേണമെങ്കിലും മഹ്ർ വാങ്ങാമെന്ന് അല്ലാഹു പറഞ്ഞിരിക്കെ താങ്കൾ അതിന് പരിധി വെക്കുകയാണോ? ജനങ്ങളെല്ലാം താങ്കളേക്കാൾ കാര്യങ്ങൾ മനസ്സിലാക്കുന്നവരാണ്.." - ഇത്രയും കടുത്ത ഭാഷയിൽ പറഞ്ഞ് നിർത്തിയ ആ സ്ത്രീയെ ശകാരിക്കാനോ നിലക്ക് നിർത്താനോ ഉമർ(റ) തുനിഞ്ഞില്ല. പകരം, വിനയാന്വിതനായി ജനങ്ങളോട് പറഞ്ഞു: "ആ സ്ത്രീ പറഞ്ഞതാണ് ശരി, ഈ അമീറുൽ മുഅ്മിനീന് പിഴച്ചിരിക്കുന്നു.."
പിന്നീടൊരിക്കൽ, സഹചാരികളോടൊപ്പം പോകുകയായിരുന്നു ഉമർ(റ). വഴിയരികിൽ ഒരു വയോധികയെ കണ്ടു. തന്നോട് എന്തോ പറയാനുണ്ടെന്ന് മനസ്സിലാക്കിയ ഉമർ(റ) അടുത്തു ചെന്നു. അവർ പറയാൻ തുടങ്ങി:
"ഉമർ, താങ്കളൊരു കൊച്ചു ഉമറാണ്, ഉക്കാള്വ് ചന്തയുടെ സമയത്ത് കുട്ടികളെ വടി കൊണ്ട് തടഞ്ഞു വെച്ചല്ലേ ? പ്രജകളോട് നല്ല രൂപത്തിൽ പെരുമാറിക്കോണം.."
ഉപദേശം അൽപം അധികമായെന്ന് കൂടെയുള്ളവർക്ക് തോന്നി. ഭരണാധികാരിയോട് ഇങ്ങനെയൊക്കെ പെരുമാറിയതും അവരെ ചൊടിപ്പിച്ചു. അവർ ശകാരിക്കാൻ തുനിഞ്ഞു. അപ്പോൾ ഉമർ(റ) പറഞ്ഞു:
"ഹേയ്, അരുത്, അതാരാണെന്നറിയാമോ ? ഇവരുടെ പരാതികൾ അല്ലാഹു പരിഗണിച്ചവരാണ്, ബീവി ഖൗലഃ ബിൻത് സഅ്ലബഃ(റ) ആണിവർ. ഇവരെ കേൾക്കാൻ അല്ലാഹു തആലാ തയ്യാറായെങ്കിൽ, പിന്നെ ഈ ഉമറിന് എന്ത് പ്രയാസം. ! അവർ മുഴുവൻ പറഞ്ഞ് തീരുവോളം ഞാനിവിടെ നിൽക്കും, അത് രാത്രി വരെയാണെങ്കിലും.."
{ قَدۡ سَمِعَ ٱللَّهُ قَوۡلَ ٱلَّتِی تُجَـٰدِلُكَ فِی زَوۡجِهَا وَتَشۡتَكِیۤ إِلَى ٱللَّهِ وَٱللَّهُ یَسۡمَعُ تَحَاوُرَكُمَاۤۚ إِنَّ ٱللَّهَ سَمِیعُۢ بَصِیرٌ }
[المجادلة- ١]
തൻ്റെ ഭാർത്താവിൻ്റെ കാര്യത്തിൽ പരാതിപ്പെടേണ്ടി വന്നപ്പോൾ തിരുനബി(സ്വ) തങ്ങളുടെ അരികെ വരികയും പരിഹാരം തേടുകയും ചെയ്തതുമായി ബന്ധപ്പെട്ട് ഇറങ്ങിയ ആയതാണിത്. അതാണ് ഉമർ(റ) സൂചിപ്പിച്ചത്.
ഹൃദയസ്പർശിയായ മറ്റൊരു ചരിത്രമുണ്ട്. ഒരു ചെറ്റക്കുടിലിലേക്ക് രഹസ്യമായി കടന്നുചെല്ലുന്ന ഖലീഫഃ ഉമർ(റ)വിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു ത്വൽഹത്(റ). കാര്യമറിയാൻ ഒരിക്കൽ ആ വീട്ടിൽ പോയി അദ്ദേഹം. അപ്പോഴുണ്ട് പ്രായമായ ഒരു ഉമ്മ ഇരിക്കുന്നു. അന്ധയാണവർ. അടുത്തു ചെന്ന് ഇവിടെ വരാറുള്ള ആഗതനെ നിങ്ങൾക്കറിയുമോ എന്ന് ചോദിച്ചു. അവർ പറഞ്ഞു: "അയാൾ ആരെന്നറിയില്ല, ഇന്നത്ര ദിവസമായി ഇവിടെ വരുന്നു. എൻ്റെ വിസർജ്യങ്ങളെല്ലാം ശുദ്ധിയാക്കും. വേണ്ടതെല്ലാം ചെയ്ത് തരും.. അങ്ങനെയുള്ള ഒരു മനുഷ്യൻ.." ഇത് കേട്ട് അന്ധാളിച്ചു പോയി ത്വൽഹത്(റ).
(അൽ ബിദായഃ 10/185)
പരിവാരങ്ങളോടൊപ്പം രാജാവായി വാഴേണ്ട ഖലീഫഃ ആരാരുമറിയാതെ ഇത്രമേൽ സേവനങ്ങൾ ചെയ്യുന്നു!
പറഞ്ഞു വരുന്നത്, കടുത്ത ഹൃദയത്തിനുടമയായ ഉമർ(റ) വിൻ്റെ മനസ്സ് ഇത്രമേൽ വിനയാന്വിതനാക്കി മാറ്റിയ ഘടകത്തെക്കുറിച്ചാണ്. അതെ, പരിശുദ്ധ ദീനുൽ ഇസ്‌ലാമാണത്. അതിലുപരി മുത്ത്നബി(സ്വ) തങ്ങളുടെ 'സ്വുഹ്ബ'തും റബ്ബിനോടുള്ള ഭയഭക്തിയും ഇതിന് മാറ്റു കൂട്ടിയിട്ടുണ്ട് മഹാനർക്ക്.
സ്വഹാബീ പ്രമുഖനായ അബൂ ദർറ്(റ) തൻ്റെ അടിമകളിൽ പെട്ട, കറുത്ത വർഗ്ഗക്കാരനായ ഒരാളോട്, എന്തോ കാര്യത്തിൽ വഴക്കിട്ടു. ദേഷ്യത്തിനിടെ 'കറുത്ത പെണ്ണിൻ്റെ മോനേ..' എന്നൊരു പരാമർശം വന്നുപോയി. അടിമ നേരെ തിരുനബി(സ്വ) തങ്ങളുടെ അടുത്ത് പോയി കേസ് പറഞ്ഞു. അദ്ദേഹത്തെ വിളിപ്പിച്ചു. തങ്ങൾ പറഞ്ഞു:
(إنك امرؤٌ فيك جاهلية، هم إخوانكم خولكم، جعلهم الله تحت أيديكم، فمن كان أخوه تحت يده فليطعمه مما يأكل، وليلبسه مما يلبس، ولا تكلفوهم ما يغلبهم، فإن كلفتموهم فأعينوهم).
(رواه البخاري - ٥٧٠٣)
"ഇപ്പഴും ജാഹിലിയ്യൻ സംസ്കാരം മാറ്റാനായില്ലേ ? അവർ (അടിമകൾ) നിങ്ങളുടെ സഹോദരന്മാരാണ്, അവരെ നിങ്ങളുടെ അധികാരത്തിൽ ആക്കിയെന്ന് മാത്രം. നിങ്ങൾ ധരിക്കുന്നത് പോലെ അവരെ ധരിപ്പിക്കുക. നിങ്ങൾ ഭക്ഷിക്കുന്നത് അവർക്കും നൽകുക..."
ഈ ഉപദേശത്തിന് ശേഷം, അബൂ ദർറ്(റ) വിനെയും അവരുടെ അടിമയേയും ഒരുപോലോത്ത വസ്ത്രമണിഞ്ഞവരായി കാണപ്പെട്ടു.
ദേഷ്യപ്പെട്ടത് ബിലാൽ(റ)വിനോടാണെന്നും, സംഭവിച്ചതിൻ്റെ ഖേദത്താൽ അബൂ ദർറ്(റ), ബിലാൽ(റ)വിൻ്റെ കാൽ തൻ്റെ മുഖത്ത് വെക്കാതെ നിലത്ത് നിന്ന് തലയുയർത്തില്ലെന്ന് ശപഥം ചെയ്യുകയും അത് നടക്കുകയും ചെയ്തുവെന്നാണ് മറ്റൊരു നിവേദനത്തിലുള്ള്ളത്. എളിമയുടെ ആൾരൂപങ്ങളായിരുന്നു ഇവരെല്ലാം.
അല്ലാഹു പറയുന്നു:
{ وَعِبَادُ ٱلرَّحۡمَـٰنِ ٱلَّذِینَ یَمۡشُونَ عَلَى ٱلۡأَرۡضِ هَوۡنࣰا وَإِذَا خَاطَبَهُمُ ٱلۡجَـٰهِلُونَ قَالُوا۟ سَلَـٰمࣰا }
[الفرقان- ٦٣]
"കാരുണ്യവാനായ റബ്ബ് ഇഷ്ടപ്പെടുന്ന, അവൻ്റെ ആളുകളായ അടിമകൾ, അടക്കവും ഒതുക്കവുമുള്ള വിനയാന്വിതരായി ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരാണ്, വിവരമില്ലാത്തവരെ കുറ്റമറ്റ സംസാരത്തോടെ സമീപിക്കുന്ന നല്ല രീതിയുള്ളവരാണവർ.."
പ്രസ്തുത സൂക്തത്തിൻ്റെ ബാക്കി ഭാഗങ്ങളിൽ ഇനിയും ഇവരുടെ വിശേഷങ്ങൾ തുടരുന്നുണ്ട്. അക്കൂട്ടത്തിൽ കാണാം:
{ وَٱلَّذِینَ لَا یَشۡهَدُونَ ٱلزُّورَ وَإِذَا مَرُّوا۟ بِٱللَّغۡوِ مَرُّوا۟ كِرَامࣰا }
[الفرقان- ٧٢]
"കള്ളത്തരങ്ങളിലും കുഫ്റ്, ശിർക്ക് തുടങ്ങിയ ശറഈ വിരുദ്ധ കാര്യങ്ങളിലും പങ്കെടുക്കുകയോ അതിനെ സപ്പോർട്ട് ചെയ്യുകയോ ചെയ്യാത്തവരാണവർ.. "
ഒരു കാര്യം ശ്രദ്ധിപ്പിക്കാനാണിത് പറഞ്ഞത്, അതായത്, یَمۡشُونَ عَلَى ٱلۡأَرۡضِ هَوۡنࣰا എന്നതിൽ നിന്നും, അത്തരക്കാർ വളരെ സാധുക്കളും നിലപാടില്ലാത്തവരുമാണെന്ന് ധരിക്കാവതല്ല. തെറ്റിനെതിരെ ശക്തമായി രംഗത്ത് വരാനും വേണ്ടത് ചെയ്യാനും സുസജ്ജമാകലോടെ തന്നെ എളിമയുടെ പര്യായങ്ങളാകണം - ഇതാണ് ഈ സ്വഭാവത്തിൽ നിന്നും നേടിയെടുക്കേണ്ടത്. അത് കൊണ്ട് തന്നെ,
{ یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ مَن یَرۡتَدَّ مِنكُمۡ عَن دِینِهِۦ فَسَوۡفَ یَأۡتِی ٱللَّهُ بِقَوۡمࣲ یُحِبُّهُمۡ وَیُحِبُّونَهُۥۤ أَذِلَّةٍ عَلَى ٱلۡمُؤۡمِنِینَ أَعِزَّةٍ عَلَى ٱلۡكَـٰفِرِینَ یُجَـٰهِدُونَ فِی سَبِیلِ ٱللَّهِ وَلَا یَخَافُونَ لَوۡمَةَ لَاۤىِٕمࣲۚ ذَ ٰلِكَ فَضۡلُ ٱللَّهِ یُؤۡتِیهِ مَن یَشَاۤءُۚ وَٱللَّهُ وَ ٰسِعٌ عَلِیمٌ }
[المائدة- ٥٤]
{ أَشِدَّاۤءُ عَلَى ٱلۡكُفَّارِ رُحَمَاۤءُ بَیۡنَهُمۡۖ }
[الفتح- ٢٣]
തുടങ്ങിയ സ്വഭാവങ്ങളൊന്നും ഇപ്പറഞ്ഞതിനോട് എതിരല്ല.
വിനയാന്വിതനാവുക - ഇത് വിശ്വാസി ആർജ്ജിച്ചെടുക്കേണ്ട ഒരു സ്വഭാവമാണ്.
മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് നമ്മുടെ ആവശ്യങ്ങളേക്കാൾ മുൻതൂക്കം കൊടുക്കുന്ന ഒരു മനസ്സ് - അതുണ്ടായിരിക്കണം. അല്ലാഹു പറയുന്നു:
{ وَٱلَّذِینَ تَبَوَّءُو ٱلدَّارَ وَٱلۡإِیمَـٰنَ مِن قَبۡلِهِمۡ یُحِبُّونَ مَنۡ هَاجَرَ إِلَیۡهِمۡ وَلَا یَجِدُونَ فِی صُدُورِهِمۡ حَاجَةࣰ مِّمَّاۤ أُوتُوا۟ وَیُؤۡثِرُونَ عَلَىٰۤ أَنفُسِهِمۡ وَلَوۡ كَانَ بِهِمۡ خَصَاصَةࣱۚ وَمَن یُوقَ شُحَّ نَفۡسِهِۦ فَأُو۟لَـٰۤىِٕكَ هُمُ ٱلۡمُفۡلِحُونَ }
[الحشر-٩]
അൻസ്വാരീ സ്വഹാബികളെ പുകഴ്ത്തിക്കൊണ്ട് ഇറങ്ങിയ സൂക്തമാണിത്. "മദീനയെ വാസസ്ഥലമായി തെരെഞ്ഞെടുത്ത വിശ്വാസികളായ ഒരു കൂട്ടർ, അവരിലേക്ക് പലായനം ചെയ്ത് കടന്നു വന്നവരെ ഇഷ്ടത്തോടെ സ്വീകരിച്ചു, ആഗതർക്ക് ലഭിച്ച കാര്യങ്ങളിലൊന്നും അസൂയ ലവലേശം ഉണ്ടായില്ല, തങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങളിലും ആഗതർക്ക് പ്രാമുഖ്യം നൽകി, പിശുക്കിനെ തൊട്ട് സംരക്ഷിക്കപ്പെട്ട വിഭാഗം - അവർ തന്നെ വിജയിച്ചവർ.."
അൻസ്വാരികളെക്കുറിച്ച് അറിഞ്ഞാലേ ഈ വാക്കുകളുടെ ആഴം മനസ്സിലാവൂ. തങ്ങൾക്ക് വേണ്ടി തയ്യാർ ചെയ്ത അൽപ ഭക്ഷണം വിരുന്നുകാർക്ക് വേണ്ടി മാറ്റിവെച്ച അബൂ ത്വൽഹതുൽ അൻസ്വാരി(റ)യെ മറക്കാൻ കഴിയില്ല. ആഗതരറിയാതിരിക്കാൻ വിളക്കണച്ച് ഇരുട്ടിൽ ഭക്ഷിക്കും പോലെ അഭിനയിച്ചു അദ്ദേഹം ! തിരുനബി(സ്വ) തങ്ങൾക്ക് ഇതേക്കുറിച്ച് അക്കാര്യം റബ്ബിൻ്റെയടുക്കൽ സ്വീകാര്യമായെന്ന് വഹ്‌യ് ഇറങ്ങി. തന്നെക്കാളേറെ മറ്റുള്ളവരെ പരിഗണിക്കുക എന്ന സ്വഭാവമാണ് ഇവിടുത്തെ ഹൈലൈറ്റ്.
പൊതുവെ എല്ലാ വിശ്വാസികളെയും വിനയമുള്ളവരാക്കി മാറ്റാൻ, ഹൃദയ ശുദ്ധിവരുത്താൻ പല ആത്മീയ നിയന്ത്രണങ്ങളും ഇസ്‌ലാം കൽപിച്ചിട്ടുണ്ട്. പലതും നിയമമാക്കി തന്നെ വെച്ചിട്ടുണ്ട്. മറ്റുള്ളവരോട് പാലിക്കേണ്ട ചില നിയമങ്ങൾ നോക്കൂ.
പൊതു റോഡിൻ്റെ സൈഡിൽ, ഗതാഗതത്തിനും വഴിയാത്രക്കാർക്കും ബുദ്ധിമുട്ടാവുന്നില്ലെങ്കിൽ തണൽ കൊള്ളാനും വിശ്രമിക്കാനും, എന്നല്ല - സൊറ പറഞ്ഞിരിക്കാനും ഉപയോഗപ്പെടുത്താം. ട്രാഫിക് തടസ്സമോ യാത്രക്കാർക്ക് ബുദ്ധിമുട്ടോ, അത് ചെറിയ രൂപത്തിലായാലും പറ്റില്ലെന്നത് വ്യക്തമാണ്. ഉണ്ടെങ്കിൽ തടയുകയും വേണം. ഇസ്‌ലാമിക ഭരണ സംവിധാനത്തിൽ ഇങ്ങനെയാണെന്നാണ് പറഞ്ഞത്. ഇനി ഇന്ത്യൻ നിയമം അനുവദിക്കുന്നില്ലെങ്കിൽ അതിവിടെ പറഞ്ഞ് പ്രശ്നമുണ്ടാക്കരുതെന്നർത്ഥം. ഇവിടെ ജീവിക്കുമ്പോൾ രാജ്യത്തിൻ്റെ നിയമങ്ങൾ അനുസരിക്കണമല്ലോ.
പിന്നെ, സൊറ പറഞ്ഞിരിക്കാമെന്നതിൽ സ്വൽപം വിശദീകരണമുണ്ട് ട്ടോ. അതായത്, ആ ഇരിപ്പ് രണ്ടാം കിട ഏർപ്പാടാണ്. ചെയ്യരുതെന്ന് തിരുനബി(സ്വ) ഒരിക്കൽ പറഞ്ഞതാണ്:
قَالَ صلى الله عليه وسلم: (إِيَّاكُمْ وَالْجُلُوسَ عَلَى الطُّرُقَاتِ).
(رواه البخاري - ٢٣٣٣)
" നിങ്ങൾ വഴിയോരങ്ങളിൽ ഇരിക്കരുത്.."
ഇത് കേട്ട സ്വഹാബത് ചോദിച്ചു, അതിലെന്തെങ്കിലും ഇളവ് കിട്ടാൻ വേണ്ടി:
'ഞങ്ങളൊക്കെ സാധാരണ സംസാരിച്ചിരിക്കാറുള്ളതല്ലേ നബിയേ..'
അപ്പോൾ അവിടുന്ന് പറഞ്ഞു:
(فَإِذَا أَبَيْتُمْ إِلَّا الْمَجَالِسَ، فَأَعْطُوا الطَّرِيقَ حَقَّهَا).
"എങ്കിൽ ഇരിക്കുന്നത് വിലക്കുന്നില്ല, പക്ഷേ, വഴിയോരത്തെ ഹഖ്ഖ് - കടമ - വീട്ടിയേ പറ്റൂ.."
സ്വഹാബത്: " ആ കടമകളെന്താണെന്ന് പറഞ്ഞാലും."
തങ്ങൾ പറഞ്ഞു:
(غَضُّ الْبَصَرِ، وَكَفُّ الْأَذَى، وَرَدُّ السَّلَامِ، وَأَمْرٌ بِالْمَعْرُوفِ، وَنَهْيٌ عَنِ الْمُنْكَرِ).
" അന്യസ്ത്രീകളെയും ഹറാമിലേക്കും നോക്കാതിരിക്കുക, വഴിയോരത്തെ തടസ്സങ്ങൾ നീക്കുക, സലാം മടക്കുക, നന്മ കൽപിക്കുകയും ചീത്ത തടയുകയും ചെയ്യുക.."
ഗീബതും നമീമതും പറയരുതെന്ന് ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ. വാക്ക് കൊണ്ടോ മറ്റോ, എന്നല്ല, ഒരു നോട്ടം കൊണ്ട് പോലും മറ്റുള്ളവരെ വേദനിപ്പിക്കരുതെന്ന് പഠിപ്പിച്ചതാണ് നമ്മുടെ ഇസ്‌ലാം.
റോഡ് സൈഡിലെ കച്ചവടത്തെക്കുറിച്ചും - വഴിയാത്രക്കാർക്കും ഗതാഗതത്തിനും തടസ്സമുണ്ടാക്കരുത് എന്ന നിബന്ധനയോടെ തന്നെ - ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്:
- റോഡരികിലും, നിശ്ചിത സമയങ്ങളിൽ മാത്രം നടക്കുന്ന ചന്തകളിലും, ഒരാൾ കച്ചവടം ചെയ്യുന്ന സ്ഥലത്ത്, മറ്റൊരാൾ വന്ന് കൈയ്യേറാൻ പാടില്ല. വീണ്ടും തിരിച്ചു വരണമെന്ന ഉദ്ദേശ്യത്തിൽ അവിടം വിട്ട് പോയതാണെങ്കിലും മറ്റൊരാൾക്ക് അവിടെ അവകാശമില്ല. എന്നാൽ, ദീർഘ സമയം വരാതിരുന്നതിനാൽ, അത് കാരണത്തോടെയാണെങ്കിലും ശരി, അദ്ദേഹത്തിൻ്റെ ഉപഭോക്താക്കളെല്ലാം മറ്റൊരാളെ ആശ്രയിക്കുന്ന നിലയെത്തിയിട്ടുണ്ടെങ്കിൽ, പഴയ കച്ചവടക്കാരനെ കാത്തിരിക്കേണ്ടതില്ല. ആ സ്ഥലം മറ്റുള്ളവർക്ക് ഉപയോഗപ്പെടുത്താം.
(തുഹ്ഫഃ 6/218-219)
ولو جلس فيه للمعالمة ثم فارقه تاركا للحرفة أو منتقلا إلى غيره بطل حقه وإن فارقه ليعود لم يبطل إلا أن تطول مفارقته بحيث ينقطع معاملوه عنه ويألفون غيره. اه (منهاج الطالبين)
പൊതുവെ, തിരിച്ചു വരാനെന്ന മട്ടിൽ എഴുന്നേറ്റു പോയ ഒരാളുടെ സ്ഥലത്ത് മറ്റുള്ളവർ കൈയ്യേറി ഇരിക്കരുതെന്ന നിയമവും ഇസ്‌ലാമിലുണ്ട്. ആശുപത്രികളിലും മറ്റും ക്യൂ നിൽക്കുമ്പോൾ ഇക്കാര്യം വിശ്വാസികൾക്ക് ശ്രദ്ധിച്ചേ പറ്റൂ. താൻ തന്നെ മതിയെന്ന ഭാവമൊന്നും പറ്റില്ല.
മറ്റുള്ളവരെ ബുദ്ധിമുട്ടാക്കരുതെന്ന നിയമം നിസ്കാരത്തിലുമുണ്ട്:
ഒരു സ്വഫ്ഫിൽ തനിച്ച് നിൽക്കരുത്. മുമ്പുള്ള സ്വഫ്ഫിൽ വിടവുണ്ടെങ്കിൽ അവിടേക്ക് കയറി നിൽക്കണം. പ്രത്യക്ഷത്തിൽ വിടവില്ലെങ്കിലും അവൻ കേറി നിന്നാൽ അഡ്ജസ്റ്റ് ചെയ്ത് സൗകര്യം ലഭിക്കുമെങ്കിലും കേറി നിൽക്കണം. അപ്പഴും മറ്റുള്ളവർക്ക് പ്രയാസം സൃഷ്ടിക്കരുതെന്ന് പ്രത്യേകം ഓർമ്മിപ്പിച്ചിട്ടുണ്ട്.
ّ (بَلْ يَدْخُلُ الصَّفَّ إنْ وَجَدَ سَعَةً) ... بِأَنْ كَانَ لَوْ دَخَلَ فِيهِ وَسِعَهُ أَيْ مِنْ غَيْرِ إلْحَاقِ مَشَقَّةٍ لِغَيْرِهِ كَمَا هُوَ ظَاهِرٌ. اه
(تحفة: ٢/٣١١)
ഇനി, വിടവില്ലെങ്കിൽ തൊട്ടുമുമ്പുള്ള സ്വഫ്ഫിൽ നിന്ന് ഒരാളെ മെല്ലെ വലിക്കണം. തുടർച്ചയായ മൂന്ന് അനക്കങ്ങളില്ലാതെ അവൻ ഇറങ്ങി നിന്ന്, രണ്ട് പേരും പുതിയ സ്വഫ്ഫായി നിൽക്കുകയാണ് വേണ്ടത്. എന്നാൽ, മുമ്പിലെ സ്വഫ്ഫിൽ സൗകര്യമുണ്ടായിരിക്കെ അവനെ വലിക്കുന്നത് നിഷിദ്ധമാണ്. കാരണം, മുമ്പിലെ സ്വഫ്ഫിൽ നിൽക്കുക എന്ന സ്രേഷ്ടത അവനിക്ക് നഷ്ടപ്പെടുത്തലാണ് ഇവിടെ പ്രശ്നം:
وَيُؤْخَذُ مِنْ فَرْضِهِمْ ذَلِكَ فِيمَنْ لَمْ يَجِدْ فُرْجَةً حُرْمَتُهُ عَلَى مَنْ وَجَدَهَا لِتَفْوِيتِهِ الْفَضِيلَةَ عَلَى الْغَيْرِ مِنْ غَيْرِ عُذْرٍ. اه
(تحفة: ٢/٣١١)
ഇമാം നിൽക്കുന്നവൻ ഇതിലേറെ കൂടുതൽ ശ്രദ്ധിക്കാൻ കടമപ്പെട്ടവനാണ്. ഏത് സമയത്തും ആളുകൾ വന്ന് ജമാഅത് നിസ്കാരത്തിൽ കൂടാനുള്ള സാധ്യതയുണ്ടെങ്കിൽ മൂന്നിലേറെ തവണ ദിക്റുകൾ ചൊല്ലരുത്. والضحى സൂറതോ അതിന് താഴെയുള്ളവയോ അവയോട് സമാനതയുള്ള സൂറതുകളോ അല്ലാതെ ഓതരുത്. തിരുനബി(സ്വ) തങ്ങൾ പറഞ്ഞു:
(إذا أمَّ أحدُكم الناسَ فليُخفِّف، فإن فيهم الصغيرَ والكبيرَ والضعيفَ وذا الحاجة، فإذا صلى وحده فليُصلِّ كيف شاء)
(متفق عليه)
"ജനങ്ങൾക്ക് ഇമാമായി നിൽക്കുമ്പോൾ നിങ്ങൾ ലഘുവാക്കണം. അവരിൽ ചെറിയവരും പ്രായമുള്ളവരും, ബലഹീനരും മറ്റു പല ആവശ്യക്കാരുമുണ്ടാകും. തനിച്ചാകുമ്പോൾ എത്രയും നീട്ടി നിസ്കരിക്കുവിൻ.. "
അത് കൊണ്ടാണ്, ജമാഅത് നിസ്കാരം ദീർഘിപ്പിക്കണമെങ്കിൽ എണ്ണിത്തിട്ടപ്പെടുത്താൻ പറ്റിയ ആളുകളെ മാത്രം കൂട്ടി, വാക്കാൽ സമ്മതവും വാങ്ങിയ ശേഷമായിരിക്കണമെന്ന നിബന്ധന കർമ്മശാസ്ത്ര ഇമാമുകൾ വെച്ചത്.
(തുഹ്ഫഃ : 2/54)
എല്ലാ മദ്ഹബുകാരുമുള്ള സ്ഥലത്തെ ഇമാമിന് അഭിപ്രായന്തരങ്ങളെയെല്ലാം മാനിക്കൽ നിർബന്ധമാണ്, അത്തരക്കാർക്കേ ഇമാമിൻ്റെ വേതനത്തിനും അർഹതയുള്ളൂ:
سئل شهاب الرملي عن إمام مسجد يصلي بعموم الناس: هل يجب على الإمام أن يراعي الخلاف أو لا ويقتصر على مذهبه فاجاب: بأنه يجب عليه رعاية الخلاف. اهـ
(حاشية الجمل: ١/٥٢١)
(ﻓﺮﻉ) ﻧﻘﻞ ﺷﻴﺨﻨﺎ اﻟﺸﻮﺑﺮﻱ ﺃﻥ اﻹﻣﺎﻡ ﺇﺫا ﻟﻢ ﻳﺮاﻉ اﻟﺨﻼﻑ ﻻ ﻳﺴﺘﺤﻖ اﻟﻤﻌﻠﻮﻡ، ﻗﺎﻝ ﻷﻥ اﻟﻮاﻗﻒ ﻟﻢ ﻳﻘﺼﺪ ﺗﺤﺼﻴﻞ اﻟﺠﻤﺎﻋﺔ ﻟﺒﻌﺾ اﻟﻤﺼﻠﻴﻦ ﺩﻭﻥ ﺑﻌﺾ ﺑﻞ ﻗﺼﺪ ﺣﺼﻮﻟﻬﺎ ﻟﺠﻤﻴﻊ اﻟﻤﻘﺘﺪﻳﻦ، ﻭﻫﻮ ﺇﻧﻤﺎ ﻳﺤﺼﻞ ﺑﺮﻋﺎﻳﺔ اﻟﺨﻼﻑ اﻟﻤﺎﻧﻌﺔ ﻣﻦ ﺻﺤﺔ ﺻﻼﺓ اﻟﺒﻌﺾ ﺃﻭ اﻟﺠﻤﺎﻋﺔ ﺩﻭﻥ اﻟﺒﻌﺾ. اهـ
(حاشية الجمل: ١/٥٦٣)
പള്ളിയിൽ നജസ് കണ്ടയുടൻ അതെടുത്തു മാറ്റൽ അത് ശ്രദ്ധയിൽ പെട്ടവൻ്റെ മേൽ فرض عين ആയ നിർബന്ധമാണ്. ക്ലീനിങ്ങ് സ്റ്റാഫിനെ ശമ്പളം നൽകി ഏൽപിച്ചിട്ടുണ്ടെങ്കിൽ പോലും ഈ നിയമത്തിന് മാറ്റമില്ല. അവരെ വിളിച്ചു വരുത്തി എടുപ്പിക്കുകയല്ല വേണ്ടത്:
ويجب إخراج نجس منه فورا عينيا على من علم به وإن أرصد لإزالته من يقوم بها بمعلوم كما اقتضاه إطلاقهم. اه
(فتح المعين - ١٠١)
ഉറങ്ങുന്നവനെ ശല്യപ്പെടുത്തിക്കൊണ്ടുള്ള ഖുർആൻ പാരായണം, മസ്ബൂഖിന് ശല്യമായിക്കൊണ്ട് ശബ്ദമുയർത്തുന്ന ദിക്റ് ദുആകൾ, വിളിച്ചുണർത്താൻ ഏൽപിച്ചവരെയല്ലാതെ സ്വുബ്ഹിക്ക് മുമ്പ് ഉണർത്തുന്നത് തുടങ്ങി മറ്റുള്ളവർക്ക് പ്രയാസമുണ്ടാകുമെന്ന കാരണത്താൽ മാത്രം വിരോധിക്കപ്പെട്ട അനവധി നിയമങ്ങൾ പാലിക്കാൻ വിശ്വാസിക്ക് ബാധ്യതയുണ്ട്.
(لا ضَرَرَ ولا ضِرَارَ )
ഇസ്‌ലാമിൽ തനിക്ക് പ്രയാസമുള്ളവയോ മറ്റുള്ളവരെ കഷ്ടപ്പെടുത്തലോ ഇല്ല. എന്ന പ്രസിദ്ധമായ ആപ്തവാക്യം തിരുനബി(സ്വ) തങ്ങൾ തന്നെ പറഞ്ഞതാണ്. അലസതയും ദേഹേച്ഛയും മാറ്റി വെച്ചാൽ, ചെയ്യുന്നതെല്ലാം തൻ്റെ നന്മക്കും സ്വർഗ്ഗപ്രാപ്തിക്കും വേണ്ടിയാണെന്ന് വരുമ്പോൾ യഥാർത്ഥത്തിൽ ഇത് വളരെ കൃത്യമാണ്. അനേകം നിയമങ്ങളുടെ ഉള്ളുകള്ളിയും ഇതാണത്രെ !
തദടിസ്ഥാനത്തിൽ മേൽവിവരിച്ച നിയമങ്ങളെല്ലാം പാലിച്ച്, അന്യരുടെ ഇടങ്ങളിലും, അവകാശങ്ങളിലും തന്നേക്കാൾ മുൻഗണന നൽകി, വമ്പും പത്രാസും മാറ്റിവെച്ച് പള്ളിയിലെ നജസ് നീക്കി - ഇങ്ങനെയൊക്കെ ജീവിക്കുമ്പോൾ വിനയമുള്ളവരായി നമ്മൾ മാറും. എല്ലാത്തിലുമുപരി പ്രപഞ്ച സ്രഷ്ടാവായ റബ്ബിൻ്റെ മുമ്പിൽ താഴ്മയുള്ളവരായി മാറും. അതാണല്ലോ ജീവിത ലക്ഷ്യവും.
✍️
അഷ്റഫ് സഖാഫി പള്ളിപ്പുറം
(കേട്ടെഴുത്ത് -
അബൂ ഹസന: ഊരകം)
💫
Comments
Post a Comment