മാപ്പിള സാഹിത്യത്തിന്റെ വിളക്കു കത്തിച്ച ശുജാഈ
മാപ്പിള സാഹിത്യത്തിന്റെ
വിളക്കു കത്തിച്ച ശുജാഈ
▪️▪️▪️▪️▪️▪️
ഒരു ദിവസം അണ്ടത്തോട് മൊയ്തു മുസ്‌ലിയാരും കൂട്ടുകാരും പൊന്നാനി ജുമുഅത്ത്പള്ളിയിൽ വിളക്കത്തിരുന്ന് ഓതുകയായിരുന്നു. ആകസ്മികമായി എണ്ണ തീർന്ന് വിളക്കണഞ്ഞു. മൊയ്തു മുസ്‌ലിയാർ ഒട്ടും അമാന്തിച്ചു നിന്നില്ല. തൻ്റെ കൈവശമുണ്ടായിരുന്ന അത്തർകുപ്പി തുറന്ന് വിളക്കിലൊഴിച്ചു. വിളക്ക് തെളിഞ്ഞു കത്തി. പള്ളിയകം പ്രകാശം നിറഞ്ഞു. ഒപ്പം സുഗന്ധവും പരന്നു. മഖ്ദൂം വിശ്രമിക്കുകയായിരുന്ന മുറിയിലേക്കും വാസനയെത്തി. അദ്ദേഹം പുറത്തിറങ്ങി വിദ്യാർത്ഥികളോട് ചോദിച്ചു: "ഈ വിളക്കു കത്തിച്ച ശുജാഈയാരാണ്?" സഹപാഠികൾ മൊയ്തു മുസ്‌ലിയാരെ ചൂണ്ടിക്കാണിച്ചു. അതോടെ കൂട്ടുകാർക്കിടയിൽ 'ശുജാഈ'യായ അദ്ദേഹം പിൽക്കാലത്ത് മാപ്പിള മലബാറിന്റെ ശുജാഈ മൊയ്തു മുസ്‌ലിയാരായി.
മതപണ്ഡിതൻ, പ്രഭാഷകൻ, ഗ്രന്ഥകാരൻ, കവി എന്നീ നിലകളിൽ പ്രസിദ്ധനായ ശുജാഈ മൊയ്തു മുസ്‌ലിയാർ ഹി. 1278 (ക്രി. 1861) ൽ ചരിത്ര ദേശമായ അണ്ടത്തോട് ജനിച്ചു. പിതാവ് കുളങ്ങരവീട്ടിൽ അബ്ദുൽ ഖാദിർ നല്ലൊരു മതപണ്ഡിതനായിരുന്നു. പിതാവിൽ നിന്ന് ഇസ്‌ലാമിന്റെ ബാലപാഠങ്ങൾ സ്വായത്തമാക്കിയ ശേഷം എരമംഗലം, വെളിയങ്കോട് പള്ളിദർസുകളിൽ ഓതിപ്പഠിച്ചു. പൊന്നാനിയിലായിരുന്നു ഉപരിപഠനം. ചീയ്യാമു മുസ്‌ലിയാർ, അബ്ദുറഹ്മാൻ എന്ന കുഞ്ഞൻ ബാവ മുസ്‌ലിയാർ (മ.ഹി. 1276/1922), തുന്നൻ വീട്ടിൽ മുഹമ്മദ് മുസ്‌ലിയാർ (ഹി. 1276-1343) എന്നിവരായിരുന്നു പ്രധാന ഗുരുനാഥന്മാർ.
സർഗ്ഗധനരരായിരുന്ന മഹാജ്ഞാനികളായിരുന്നു ഗുരുവര്യന്മാർ. ശൈഖ് അഹ്മദ് മഖ്ദൂമിന്റെ പുത്രനും പ്രഗൽഭനായ കോങ്ങണംവീട്ടിൽ ബാവ മുസ്‌ലിയാരുടെ ശിഷ്യനുമാണ് കുഞ്ഞൻബാവ മുസ്‌ലിയാർ. ഖാളി, മുഫ്തി, മുദരിസ്, ഗ്രന്ഥകാരൻ, ചികിത്സകൻ എന്നീ നിലകളിൽ ശോഭിച്ച ബഹുമുഖ പ്രതിഭ. വൈദ്യ സാരം, കിതാബു ബയാനിൽമുകഫ്ഫിറാത്ത്, ഖസ്വീദതുൽവിത് രിയ്യയുടെ അറബിമലയാള തർജ്ജമ എന്നിവ അദ്ദേഹത്തിൻ്റെ രചനകളാണ്. കൊങ്ങണം വീട്ടിൽ ഇബ്റാഹീം മുസ്‌ലിയാരുടെ മറ്റൊരു ശിഷ്യനാണ് തുന്നൻ വീട്ടിൽ മുഹമ്മദ് മുസ്‌ലിയാർ. അധ്യാപന രംഗത്തെന്ന പോലെ ഗ്രന്ഥരചനയിലും മികവ് തെളിയിച്ച പണ്ഡിതൻ. ഏതാനും ഖുർആൻ അധ്യായങ്ങൾക്ക് അറബിമലയാള വ്യാഖ്യാനം തയ്യാറാക്കിയ അദ്ദേഹം അറബി വ്യാകരണ ഗ്രന്ഥമായ തുഹ്ഫക്ക് ഒരു ശർഹും എഴുതിയിട്ടുണ്ട്. ചിയാമ മുസ്‌ലിയാരാകട്ടെ പ്രസിദ്ധ സൂഫിയും ആത്മീയ ആചാര്യനുമായിരുന്നു.
പ്രതിഭാധനനായ വിദ്യാർത്ഥി
-----------------------------------------------
അറിവിന്റെ പുതിയ ആകാശങ്ങളന്വേഷിച്ചു കണ്ടെത്താൻ വെമ്പൽകൊണ്ട ബാല്യമായിരുന്നു ശുജാഈയുടേത്. അന്വേഷണ ത്വരയെ വികസിപ്പിക്കാനും ഊർജ്ജം പകരാനും പര്യാപ്തരായ ഗുരുനാഥന്മാർ അദ്ദേഹത്തിൻ്റെ സർഗ്ഗശേഷിയെ വെള്ളവും വെളിച്ചവും പകർന്ന് പരിപോഷിപ്പിച്ചു. പൊന്നാനിയിലെ വിളക്കിൽ നിന്നാണ് ശുജാഈ തൻ്റെ രചനകൾക്ക് ഇന്ധനം നിറച്ചത്. പ്രാമാണിക ഗ്രന്ഥങ്ങളും അറബി മലയാള പുസ്തകങ്ങളും തേടിപ്പിടിച്ച് പഠിച്ചു. അക്കാലത്തെ വിശ്രുതരായ ഗുരു ശൃംഗങ്ങളെ അന്വേഷിച്ച് കണ്ടെത്തി സമ്പർക്കം പുലർത്തുകയും അറിവനുഭവങ്ങൾ ആർജിച്ചെടുക്കുകയും ചെയ്തു.
വസ്ത്രങ്ങളും ഗ്രന്ഥങ്ങളും വാങ്ങാനും സഞ്ചരിക്കാനും മറ്റുമുള്ള നിത്യ ചെലവുകൾ സ്വയം അധ്വാനിച്ച് കണ്ടെത്തുന്ന ശൈലിയായിരുന്നു അദ്ദേഹത്തിൻ്റെത്. അത്തർ വ്യാപാരമായിരുന്നു അതിനു കണ്ടെത്തിയ മാർഗം. ബോംബെ തുറമുഖം വഴി പൊന്നാനിയിലെത്തുന്ന അത്തറുകൾ പഠനത്തിനു വിഘാതമാകാതെ കാൽനടയായി കൊണ്ടുനടന്ന് വിൽക്കുന്നതായിരുന്നു രീതി. ഈ ആത്മാഭിമാനബോധം മരണംവരെ അദ്ദേഹം നിലനിർത്തി . വസ്ത്രധാരണയുത്തൾപ്പെടെ ജീവിതത്തിന്റെ സർവ്വ മേഖലകളിലും വേറിട്ട ശൈലിയും അസാധാരണ സ്ഥൈര്യവും അദ്ദേഹം പ്രകടിപ്പിച്ചു.
അറബി, ഫാർസി, ഉറുദു, തമിഴ്, മലയാളം എന്നീ ഭാഷകൾ ശുജാഈ അനായാസം കൈകാര്യം ചെയ്തിരുന്നു. ഇസ്‌ലാമിക വിജ്ഞാനീയങ്ങൾക്ക് പുറമേ മതേതര വിഷയങ്ങളിലും മികവു നേടി. പാണ്ഡിത്യത്തെ നവോത്ഥാന മുന്നേറ്റത്തിനും സാംസ്കാരിക പരിവർത്തനത്തിനും പരമാവധി ഉപയോഗപ്പെടുത്തി. കൊളോണിയൽ അധിനിവേശത്തിനെതിരെ മലബാറിന്റെ മണ്ണും വിണ്ണും സമരച്ചൂടിൽ വെന്തുരുകുന്ന കാലസന്ധിയിലായിരുന്നു ശുജാഈ ജീവിച്ചത്. സായുധ സമരത്തിന് നേതൃത്വം നൽകുന്നതിന് പകരം തൂലികയെ സമരായുധമാക്കി സമൂഹത്തെ സംസ്കരിക്കുകയും ആത്മീയമായി ഉന്മിഷിത്തരാക്കുകയും ചെയ്തു.
ചൂട്ട് കൊടുത്ത മമ്മത് മൊല്ല
------------------------------------------------
ശുജാഈ മൊയ്തു മുസ്‌ലിയാരെന്ന ആത്മീയ സഞ്ചാരിയുടെ മനസ്സ് യോഗ്യനായ മാർഗദർശിയെ തേടി അലഞ്ഞു നടന്നു. തീർത്ഥാടനങ്ങളും പ്രാർത്ഥനകളുമായി അദ്ദേഹം കാത്തിരുന്നു. അങ്ങനെയിരിക്കെ ഒരു സ്വപ്നദർശനമുണ്ടായി. തിരുനബി പ്രത്യക്ഷനായി പറഞ്ഞു:" തന്റെ കൈയിലിരിക്കുന്ന തസ്ബീഹ് മാല ആവശ്യപ്പെടുന്നത് ആരാണോ അദ്ദേഹത്തെ മാർഗദർശിയായി സ്വീകരിക്കുക."
സ്വപ്ന ദർശനത്തിന്റെ പുലർച്ചക്കായി അദ്ദേഹം കാത്തിരുന്നു. ഒരു യാത്രയിൽ കടവു കടന്ന് ഒരിടത്തെത്തി. രാത്രിയായിരിക്കുന്നു. യാത്ര തുടരണമെങ്കിൽ വെളിച്ചം കൂടിയേ തീരൂ. അവിടെ ചൂട്ടുകെട്ടി കൊടുക്കുന്ന ഒരാളുണ്ടെന്ന് അറിയാൻ കഴിഞ്ഞു. ചൂട്ടുകെട്ടി മമ്മദ് മൊല്ല എന്നാണ് അയാൾ അറിയപ്പെടുന്നത്. നാട്ടിൽ ഒരു നിലയും വിലയുമില്ല. ശുജാഈ അദ്ദേഹത്തെ കണ്ട് ചൂട്ടുവാങ്ങി. വില അന്വേഷിച്ചപ്പോൾ സൗജന്യമാണെന്നായിരുന്നു പ്രതികരണം. ഔദാര്യം പറ്റാൻ ശുജാഈയുടെ അഭിമാനം അനുവദിച്ചില്ല. നിർബന്ധിച്ചപ്പോൾ അയാൾ തസ്ബീഹുമാല ആവശ്യപ്പെട്ടു. അത് നൽകാൻ ശുജാഈ മടിച്ചു. സ്വപ്നത്തിലൂടെ നബി നിർദ്ദേശിച്ച കാര്യം മമ്മതുമൊല്ല ഓർമിപ്പിച്ചു. തുടർന്ന് ശുജാഈ മൊയ്തു മുസ്‌ലിയാർ അദ്ദേഹത്തെ മാർഗ്ഗദർശകനായി സ്വീകരിച്ചു. ആത്മീയമായ ഈ ചുട്ടുവെളിച്ചം അദ്ദേഹത്തിൻ്റെ രചനകളിൽ പ്രകടമാണ്.
ഹജ്ജ് യാത്രയും മരണവും
---------------------------------------------
ശുജാഈ മൊയ്തു മുസ്‌ലിയാരുടെ ചരിത്ര ജീവിതത്തിന് ഹജ്ജ് യാത്രയോടെയാണ് തിരശ്ശീല വീണത്. 1919 ലായിരുന്നു ആ ഹജ്ജ് യാത്ര. തുടങ്ങിവച്ച രചനകളെല്ലാം മുഴുമിപ്പിച്ചു. സ്വത്തുവഹകൾ നിയമപ്രകാരം ഭാഗിച്ച് മക്കൾക്കു നൽകി. പ്രായപൂർത്തിയാകാത്ത സന്താനങ്ങളുടെ അവകാശങ്ങളും സംരക്ഷണ ചുമതലയും മുതിർന്ന മക്കളെയും ഉത്തരവാദിത്തപ്പെട്ട കുടുംബാംഗങ്ങളെയും ഏൽപ്പിച്ചു. അദ്ദേഹത്തിൻ്റെ പറമ്പിൽ കുടിൽകെട്ടി താമസിച്ചിരുന്ന ദരിദ്രരായ ഹരിജനകുടുംബത്തിന് പുരയിടത്തിനാവശ്യമായ സ്ഥലം കുടികിടപ്പവകാശം തീറെഴുതിക്കൊടുത്തു.
യാത്രയയക്കാനായി സഹൃദയരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും കനോലി കനാൽവരെ അനുഗമിച്ചു. അക്കാലത്ത് അണ്ടത്തോടു നിന്നുള്ള ഹജ്ജു തീർത്ഥാടകർ കനോലി കനാലിൽ നിന്ന് വഞ്ചി കയറി പൊന്നാനിയിലേക്കും അവിടെ നിന്ന് കപ്പൽ മാർഗം ബോംബെയിലേക്കും അവിടെ നിന്ന് ജിദ്ദയിലേക്കുമാണ് പോകാറുള്ളത്. "ഇനിയെന്നാണ് നാട്ടിലേക്ക് മടങ്ങുക?" സുഹൃത്ത് തറീക്കുട്ടി ഹാജി ചോദിച്ചു. "ധാന്യമാണെങ്കിൽ താഴ്ന്നു പോകും, പതിരാണെങ്കിൽ പൊങ്ങിവരും" എന്നായിരുന്നു ശുജാഈയുടെ ആന്തരാർത്ഥമുള്ള മറുപടി.
സ്മര്യപുരുഷൻ ആത്മസംതൃപ്തിയോടെ ഹജ്ജ് നിർവഹിച്ചു. മദീന സന്ദർശിച്ച് തിരുദൂതരോട് സലാം പറഞ്ഞ് നാട്ടിലേക്കു തിരിച്ചു. മടക്കയാത്രയിൽ ജിദ്ദയിലെത്തിയപ്പോൾ രോഗബാധിതനായി മരണപ്പെട്ടു. ആ ധാന്യമണിയെ പുണ്യഭൂമി ഏറ്റുവാങ്ങി.
പിൻമുറക്കാർ
-------------------------
"അല്ലാഹുവേ, എന്റെ സന്താനങ്ങളെ ധനികരാക്കണമെന്ന് ഞാനാവശ്യപ്പെടുന്നില്ല. പക്ഷേ, അവരെ ഒരിക്കലും നീ വിഡ്ഢികളാക്കരുതേ..!" എന്നായിരുന്നു ശുജാഈ മൊയ്തു മുസ്‌ലിയാരുടെ അവസാന പ്രാർത്ഥനകളിലൊന്ന്. പ്രാർത്ഥന ഫലിച്ചു. രണ്ടാൺമക്കളായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്; മൂത്ത പുത്രൻ അബ്ദുല്ലക്കുട്ടി മുസ്‌ലിയാർ ,സഹോദരൻ മുഹമ്മദ് മുസ്‌ലിയാർ. ഇരുവരും വലിയ പണ്ഡിതന്മാരായിത്തീർന്നു. ചരിത്ര പുരുഷന്റെ സഹോദരി പാത്തുണ്ണി എന്നവരും മഹാപണ്ഡിതയായിരുന്നത്രേ.
ശുജാഈയുടെ രണ്ടാം തലമുറയിൽ പെട്ട വ്യാഖ്യാത പണ്ഡിതനാണ് കെ. കെ. അഹമ്മദ് കുട്ടി മുസ്‌ലിയാർ. അബ്ദുല്ലക്കുട്ടി മുസ്‌ലിയാരുടെ പുത്രൻ. കെ. കെ .യുടെ മകനാണ് കവിയും എഴുത്തുകാരനുമായ ഷബീർ അണ്ടത്തോട്.
വിദ്യാഭ്യാസ പരിഷ്കർത്താവ്
------------------------------------------------
കേരള മുസ്‌ലിംകളുടെ വൈജ്ഞാനിക മണ്ഡലത്തെ അനുപമമാം വിധം വികസിപ്പിക്കുകയും വിജ്ഞാനപ്രസരണത്തിന്റെ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുകയും ചെയ്ത പരിഷ്കർത്താവാണ് ശുജാഈ മൊയ്തു മുസ്‌ലിയാർ. ഭൗതിക സാഹചര്യങ്ങളും സംവിധാനങ്ങളും ആധുനികതയിലേക്ക് പരിവർത്തനം ചെയ്യുന്ന ഘട്ടമായിരുന്നു അദ്ദേഹത്തിൻ്റെത്. നവ സങ്കേതങ്ങളും സംവിധാനങ്ങളും പരമാവധി ഉപയോഗപ്പെടുത്തി വൈജ്ഞാനിക കൈമാറ്റത്തെ അദ്ദേഹം ജനകീയമാക്കി അവതരിപ്പിച്ചു. 1860 ൽ തലശ്ശേരിയിലാണ് പ്രഥമ അറബിമലയാള പ്രസ്സ് സ്ഥാപിക്കപ്പെട്ടത്. എഴുത്തുമൊല്ലാക്കമാരുടെ പകർത്തെഴുത്തായിരുന്നു അതുവരെയുള്ള ആശ്രയം. അദ്ദേഹത്തിൻ്റെ എല്ലാ കൃതികളും തലശ്ശേരി, പൊന്നാനി, തിരൂരങ്ങാടി എന്നിവിടങ്ങളിലെ പ്രസുകളിൽ നിന്ന് മുദ്രണം ചെയ്തു.
അറബി മുഖ്യഭാഷയും മലയാളം വിനിമയ മാധ്യമവുമാക്കി രൂപപ്പെടുത്തിയ ദ്വിഭാഷാ സമ്പ്രദായമായിരുന്നു പള്ളി ദർസുകളിൽ നിലനിന്നിരുന്നത്. ബഹുഭാഷാ പഠനത്തിന്റെ പ്രാധാന്യവും സാധ്യതകളും ബോധ്യപ്പെട്ട ശുജാഈ പരമ്പരാഗത ജ്ഞാനക്കൈമാറ്റ രീതി വികസിപ്പിക്കാനാഗ്രഹിച്ചു. ദേശീയതലത്തിൽ കൂടുതൽ സാധ്യതകളുള്ള ഉറുദു ഭാഷ പഠനസഹായി എന്ന നിലക്ക് അദ്ദേഹം രചിച്ചതാണ് ഗുരുസ്താനി. അക്കാലത്തെ പള്ളി ദർസുകളിൽ ഈ കൃതി പാഠപുസ്തകമാക്കി പലരും സ്വീകരിച്ചിരുന്നു. ഇസ്‌ലാമിക ചരിത്രം വികലമാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ വർദ്ധിച്ചു വരുന്ന കാലമായിരുന്നു അത്. അതിനുള്ള സക്രിയ പ്രതിരോധമെന്ന നിലക്ക് ചരിത്ര പഠനത്തിന് അദ്ദേഹം ഊന്നൽ നൽകി.
ഗ്രന്ഥരചനക്ക് ചരിത്രപുരുഷൻ തിരഞ്ഞെടുത്ത ഭാഷാ സങ്കേതം അറബിമലയാളമായിരുന്നു. സാമാന്യ ജനത്തിന് പരസഹായമില്ലാതെ വായിക്കാനും ഗ്രഹിക്കാനും സൗകര്യപ്രദമായ മാധ്യമമെന്ന നിലക്കായിരുന്നു അദ്ദേഹത്തിൻ്റെ ഈ തിരഞ്ഞെടുപ്പ്. ഇസ്‌ലാമിക വിജ്ഞാനീയങ്ങൾ പ്രാദേശിക ഭാഷകളിൽ ലഭ്യമാകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തു പറഞ്ഞിരുന്നു. "നമ്മുടെ സ്വന്തം ഭാഷയായ മലയാളത്തിൽ തർജ്ജമ ചെയ്യപ്പെടുന്നതെല്ലാം നിസ്സാരമെന്ന" വാദത്തെ തിരുത്തുകയായിരുന്നു ശുജാഈ. അറബി മലയാളത്തെ പരിപോഷിപ്പിക്കാനുള്ള സോദ്ദേശ്യ പ്രവർത്തനമായിരുന്നു അദ്ദേഹത്തിൻ്റെ രചനകൾ.
അറബി മലയാളലിപി പരിഷ്കരണത്തിനും അദ്ദേഹം നിസ്തുല പങ്കു വഹിച്ചു. കാലാനുസൃത പരിഷ്കരണങ്ങളിലൂടെയാണ് അറബിമലയാളം ഭാഷ വികസിച്ചത്. സനാഉല്ല മക്തി തങ്ങൾ, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, മുഹമ്മദ് നൂഹ് കണ്ണ് മുസ്‌ലിയാർ, തലശ്ശേരി കാരക്കൽ മമ്മദ് സാഹിബ്, പരപ്പനങ്ങാടി അവുക്കോയ മുസ്‌ലിയാർ എന്നിവരും ലിപി പരിഷ്കരിച്ചവരാണ്. ചാലിലകത്തിന്റെതാണ് ഏറ്റവും ജനസമ്മിതി നേടിയത്. ഹി.1311 ൽ അദ്ദേഹം 'തസ് വീറുൽഹുറൂഫ്' എന്ന പേരിൽ ആദ്യത്തെ അറബി മലയാള അക്ഷരമാല തയ്യാറാക്കി.
ശുജാഈയുടെയും ചാലിലകത്തിന്റെയും പരിഷ്കരണം ഒരേ മാതൃകയിലായിരുന്നു. ഹി. 1311 (1893) ലാണ് ചാലിലകത്ത് തൻ്റെ ലിപിപരിഷ്കരണം ആരംഭിച്ചത്. അതിന്റെ ആറുവർഷം മുമ്പേ ശുജാഈ അതിന്റെ രൂപകൽപ്പന ആരംഭിച്ചിട്ടുണ്ട്. ശുജാഈ തുടക്കം കുറിച്ച ഈ നിർമിതി കൂടുതൽ തെളിമയോടെ സമ്പൂർണ്ണമായി ചാലിലകത്ത് പൂർത്തീകരിച്ചുവെന്നു വേണം മനസ്സിലാക്കാൻ. അറബി അക്ഷരക്രമങ്ങൾക്കനുസരിച്ച് അദ്ദേഹം അറബി മലയാളം ഉച്ചാരണവും എഴുത്തും ക്രമീകരിച്ചു. തൻ്റെ ജവാഹിർ രത്നമാല (1889) വരെയുള്ള മുഴുവൻ രചനകളിലും അദ്ദേഹം ഈ രീതിയാണ് സ്വീകരിച്ചത്. അനന്തരാവകാശ തർജ്ജമയുടെ ആമുഖത്തിൽ ഇങ്ങനെ വായിക്കാം:
"ഫൈളുൽഫയ്യാള് എന്ന ചരിത്ര ഗ്രന്ഥത്തിൽ ഭേദപ്പെടുത്തിയിരിക്കുന്ന അക്ഷരങ്ങൾ, എഴുത്തുകൾ, വാചകങ്ങൾ ഈ കിതാബിലും ഭേദപ്പെടുത്തിയിരിക്കുന്നു. അറബ് അക്ഷരം ഇരുപത്തെട്ടിൽ പതിനാലക്ഷരം കൊണ്ട് മലയാളം വാക്കിൽ ഉപയോഗമില്ലാത്തതിനാൽ അതുുകൾ മലയാള തർജ്ജമയിൽ എഴുതുന്നില്ല. ഇതിന് വിപരീതമായി എവിടെയെങ്കിലും എഴുതി കാണുന്നുവെങ്കിൽ മലയാളഭാഷ അനുസരിച്ച് തന്നെ ഉച്ചരിക്കണം എന്ന് വായനക്കാരെ പ്രത്യേകം ഓർമ്മപ്പെടുത്തുന്നു."
കപട ആത്മീയതയെ അദ്ദേഹം ചെറുത്തു തോൽപ്പിച്ചു. വർഷങ്ങളോളം മാപ്പിളമാർക്കിടയിൽ പുകഞ്ഞു കൊണ്ടിരുന്ന പൊന്നാനി-കൊണ്ടോട്ടി കൈത്തറിക്കത്തിന് അറുതി വരുത്തിയത് ശുജാഈയുടെ പണ്ഡിതോചിത ഇടപെടലാണ്. ശൈഖ് ജുഫ് രി തങ്ങൾ (1807), മമ്പുറം സയ്യിദ് അലവി തങ്ങൾ (1875), വെളിയങ്കോട് ഉമർ ഖാളി (ഹി.1273) തുടങ്ങിയ പണ്ഡിതന്മാർ പൊന്നാനി പണ്ഡിതന്മാരെ പിന്തുണയ്ക്കുകയും കൊണ്ടോട്ടി കൈക്കാരുടെ കപടമുഖം തുറന്നു കാണിക്കുകയും ചെയ്തവരാണ്.
1860 കൾക്കു ശേഷം ശുജാഈ മൊയ്തു മുസ്‌ലിയാർ രംഗത്ത് വന്നു. കൊണ്ടോട്ടി പഴയങ്ങാടിയിൽ വച്ച് നടന്ന ഒരു സംവാദത്തിൽ കൊണ്ടോട്ടി കൈക്കാരെ നിലംപരിശാക്കി. പുത്തൻവീട്ടിൽ അഹമ്മദ് മുസ്‌ലിയാരായിരുന്നു അവർക്കു വേണ്ടി ഹാജറായത്. സംവാദ വിജയത്തെ തുടർന്ന് കൊണ്ടോട്ടി കൈക്കാരായ ധാരാളം കുടുംബങ്ങൾ അബദ്ധങ്ങൾ മനസ്സിലാക്കി പൊന്നാനി പക്ഷത്തേക്ക് തിരിച്ചുവന്നു. അതോടെ പ്രസ്തുത തർക്കത്തിന് താൽക്കാലിക പരിസമാപ്തിയായി.
രചയിതാവ്
-------------------
സർഗവിസ്മയം തീർത്ത അനുഗ്രഹീത എഴുത്തുകാരനായിരുന്നു ശുജാഈ മൊയ്തു മുസ്‌ലിയാർ. സി.സൈതാലിക്കുട്ടി മാസ്റ്ററുടെ നേതൃത്വത്തിൽ തിരൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സ്വലാഹുൽഇഖ് വാൻ പത്രത്തിന്റെ മുഖ്യലേഖകരിൽ ഒരാളായിരുന്നു സ്മര്യപുരുഷൻ. അറബിമലയാളത്തെ വൈജ്ഞാനിക സമൃദ്ധവും സാഹിത്യ സമ്പുഷ്ടവുമാക്കുന്നതിൽ അദ്ദേഹത്തിൻ്റെ രചനകൾക്ക് നിസ്തുല പങ്കുണ്ട്. വിശ്വാസം, കർമ്മശാസ്ത്രം, പുണ്യാത്മാക്കളുടെ ജീവിത ചരിത്രം എന്നിവയിൽ ഒതുങ്ങിയിരുന്ന അറബി മലയാള സാഹിത്യത്തെ ചരിത്രപഠനത്തിലേക്ക് കൂടി വ്യാപിപ്പിച്ചത് ശുജാഈയാണ്.
കൊളോണിയൽ ഭീകരതയുടെ രണോൽസുകത, സാമ്പ്രദായിക വിരുദ്ധ ചിന്താധാരകളുടെ അരങ്ങേറ്റം, പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ പ്രചാരം, മുസ്‌ലിം ചരിത്രത്തെ വികലമാക്കി അവതരിപ്പിക്കാനുള്ള വർദ്ധിത പ്രവണത തുടങ്ങി സമുദായം സ്വത്തപ്രതിസന്ധി നേരിടുകയും അതേസമയം അച്ചടിശാലകളും ആനുകാലിക പ്രസിദ്ധീകരണങ്ങളും പൊതു വായനശാലകളും പള്ളിക്കൂടങ്ങളും കൂടുതൽ സാധ്യതകൾ തുറന്നിടുകയും ചെയ്തകാല സന്ധിയിലായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതം.
1.മഅ്ദിനുൽജവാഹിർ മഹാരത്ന മാല
------------------------
ചരിത്രപുരുഷന്റെ പ്രഥമരചന മഅ്ദിനുൽജവാഹിർ മഹാരത്ന മാല ആണെന്ന് കരുതപ്പെടുന്നു. വിശുദ്ധ ഖുർആനിലെ സൂറത്തുകളുടെ അവതരണ ക്രമങ്ങളും അധ്യായങ്ങളുടെയും സൂക്തങ്ങളുടെയും ശ്രേഷ്ഠതകളുമാണ് ഈ കൃതിയിലെ പ്രതിപാദ്യം. ഹി. 1305 ൽ കുഞ്ഞിമരക്കാർ മുസ്‌ലിയാർ പൊന്നാനിയിലെ മഅ്ദിനുൽജവാഹിർ അച്ചുകൂടത്തിൽ നിന്ന് ഇത് മുദ്രണം ചെയ്തു.
2.ഗുരുസ്താനീ
-----------------------
ഉറുദു ഭാഷ പഠനം സുഗമമാക്കാനായി ശുജാഈ രചിച്ച കൃതിയാണ് ഗുരുസ്താനീ എന്ന ഹിന്ദുസ്ഥാനി ഭാഷാപഠന സഹായി. ആദ്യകാല പള്ളിദർസുകളിൽ ഉറുദു ഭാഷാ പഠനത്തിന് ഇതുപയോഗിച്ചിരുന്നു. അറബിമലയാളത്തിൽ രചിക്കപ്പെട്ട പ്രഥമ അനറബി ഭാഷ നിഘണ്ടുവാണിത്. 60 പുറങ്ങളുള്ള ഈ പുസ്തകം 42 അധ്യായങ്ങളായി ക്രമീകരിച്ചിരിക്കുന്നു. ഹി. 1307 ആദ്യത്തിൽ രചിക്കപ്പെട്ട ഈ കൃതി 1308 (1891) ൽ പൊന്നാനിയിൽ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ടു.
3.ഫൈളുൽഫയ്യാള്
------------------------------
അറബി മലയാളത്തിലെ ആദ്യത്തെ വിശ്വ ചരിത്ര സംഗ്രഹമാണ് ഫൈളുൽഫയ്യാള് എന്ന സീറാ പകർപ്പ് കിതാബ്. ഹി.1303 ൽ രചന ആരംഭിച്ച ഫൈളുൽഫയ്യാള് ആറു മാസം കൊണ്ട് പൂർത്തിയാക്കി. എ.ഡി. 1887 ൽ രചന പൂർത്തീകരിച്ചതായി ഗ്രന്ഥത്തിന്റെ അവസാനത്തിൽ ഗ്രന്ഥകർത്താവ് രേഖപ്പെടുത്തിയിട്ടുണ്ട്. ലോകോൽപത്തി മുതൽ അബ്ബാസി ഖലീഫ മുതവക്കിൽ (എ.ഡി. 847-861) വരെയുള്ള ചരിത്രമാണ് ഉള്ളടക്കം. ദാർശനികമായി അവതരിപ്പിക്കുന്ന ഈ പുസ്തകം ആമുഖത്തിനും സമാപ്തിക്കും പുറമേ നാലു ഭാഗങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്. 628 പേജുകളുണ്ട്. ഹി.1347 ൽ (1939) പൊന്നാനിയിലെ മൻബഉൽഹിദായ അച്ചുകൂടത്തിൽ നിന്ന് ഫൈളുൽഫയ്യാളിന്റെ മൂന്നാം പതിപ്പ് മുദ്രണം ചെയ്യപ്പെട്ടു.
4.ഫത്ഹുൽഫത്താഹ്
----------------------------------
ഫൈളുൽഫയ്യാള് എന്ന ചരിത്രസംഗ്രഹം സമഗ്രമായി വിപുലീകരിച്ചതാണ് ഫത്ഹുൽഫത്താഹ് ഫീ സീറത്തി മൻ ബിഹിൽഫലാഹ് എന്ന സീറാ വിസ്തീർണം. ഫൈളുൽഫയ്യാളിനു ലഭിച്ച വൻ സ്വീകാര്യതയായിരിക്കാം അതു വികസിപ്പിക്കാനുള്ള പ്രചോദനം. കാലാനുസൃത മാറ്റങ്ങൾ വരുത്തി ഇസ്‌ലാമിക ചരിത്രത്തെ ആത്മീയ പരിപ്രേക്ഷ്യത്തിലൂടെ അവതരിപ്പിക്കുകയാണ് ഫത്ഹുൽഫത്താഹ്.
ആദംനബി മുതൽ തുർക്കി ഭരണാധികാരി അബ്ദുൽ ഹമീദ് രണ്ടാമൻ (1842-1918) വരെ നീണ്ടുനിൽക്കുന്ന സഹസ്രാബ്ദങ്ങളുടെ ചരിത്രമാണ് കനപ്പെട്ട നാലു വാളങ്ങളുള്ള ഫത്ഹുൽഫത്താഹിന്റെ ഉള്ളടക്കം. 1919 ലാണ് ഗ്രന്ഥകാരൻ നിര്യാതനായത്. അതായത് സ്മര്യ പുരുഷന്റെ ജീവിതകാലം വരെയുള്ള ചരിത്രമാണ് അതിൽ കോറിയിട്ടിരിക്കുന്നത്. രണ്ടുവർഷമെടുത്ത് രചിച്ച ഗ്രന്ഥം പൂർത്തിയാക്കിയത് 1909 (1327)ഏപ്രിൽ പതിമൂന്നാം തീയതിയാണ്. ഹി. 1328 (1910) തലശ്ശേരിയിൽ നിന്ന് പ്രസിദ്ധീകരിച്ചു.
5.നഹ്ജുദ്ദഖാഇഖ്
----------------------------
നഹ്ജുദ്ദഖാഇഖ് ഫീ ഇൽമിൽഹഖാഇഖ് എന്ന ഉൾസാരവഴി. ഇസ്‌ലാമിന്റെ അദ്ധ്യാത്മിക വഴി അനാവരണം ചെയ്യുന്ന ഉത്തമ കൃതി. രണ്ടിലൊരു വിശ്വാശധാരയും നാലിലൊരു കർമധാരയും സ്വീകരിക്കേണ്ടതിന്റെ അനിവാര്യതയും ത്വരീഖത്തുകളിലെ ശരിയും തെറ്റും ഇതിൽ വിശദീകരിക്കുന്നു. ഹി. 1311 ൽ കണ്ണൂരിലെ കാംബസാറിലെ പി.കെ.അഹ്മദ് ആൻഡ് സൺസ് ഇതിന്റെ ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചു. 136 പേജുകളുണ്ട്.
6.സഫലമാല
-------------------
അറബി മലയാളത്തിലെ ഏറ്റവും മികച്ച ആധ്യാത്മിക കാവ്യമാണ് സഫലമാല. ശുജാഈയുടെ രചനകളിൽ ഏറ്റവും പ്രചാരം നേടിയ ഈ പദ്യകൃതിക്ക് സഫലമാല സാരസംഗ്രഹം എന്നും സകലമാല സാരസംഗീതം എന്നുമാണ് കവി നൽകിയ നാമം. ഫൈളുൽഫയ്യാള് ചരിത്രകൃതിയുടെ സംഗ്രഹമായ കാവ്യാവിഷ്കാരവും ആത്മീയ സാരോപദേശങ്ങളുമാണ് ഇതിവൃത്തം. മാപ്പിളപ്പാട്ടു രംഗത്ത് വേറിട്ട വഴി വെട്ടിത്തളയിച്ച ഈ മുത്തുമാല ഹി. 1316 ലാണ് രചനയാരംഭിച്ചത്. പൂർത്തിയാക്കാൻ ഒരു വർഷമെടുത്തു. സഫലമാലയുടെ ആദ്യ പതിപ്പ് "ഹി.
1317 മുഹറത്തിൽ പൊന്നാനി അറക്കൽ എന്ന പാണ്ടികശാലയിൽ വെച്ച് തലശ്ശേരിക്കാരൻ അണിയാപ്പുറത്ത് അമ്മുവിന്റെ അച്ചുകൂടത്തിൽ അച്ചടിപ്പിച്ചു." പിന്നീട് തലശ്ശേരി, പൊന്നാനി, തിരൂരങ്ങാടി എന്നിവിടങ്ങളിൽ നിന്ന് പലതവണ പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്.
7.അനന്തരാവകാശ തർജ്ജമ
------------------------------------------------
ശുജാഈയുടെ അവസാന രചനയായി കരുതപ്പെടുന്നത് 'അനന്തരാവകാശ മസ്അല തർജ്ജമ എന്ന പരോസാദ്ധ്യമാണ്'. 111 പേജുള്ള ഈ കൃതി 49 വകുപ്പുകളായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. ഇസ്‌ലാമിലെ അനന്തരാവകാശ നിയമങ്ങൾ സംബന്ധിച്ചുള്ള 512 മസ്അലകൾ ഇതിൽ ചർച്ച ചെയ്യുന്നു. പൊന്നാനിയിൽ നിന്നാണ് ഇത് ആദ്യം വെളിച്ചം കണ്ടത്. തുടർന്ന് പല കല്ലച്ചുകളിൽ നിന്നും പലതവണ മുദ്രണം ചെയ്തിട്ടുണ്ട്.
8.മനാഫിഉൽമൗത്
--------------------------------
ക്ഷണികമായ ഭൗതിക ജീവിതത്തിന്റെ നിസ്സാരതയും അനശ്വരമായ പാരത്രിക ജീവിതത്തിന്റെ മഹത്വവും വിവരിക്കുന്ന കൃതിയാണ് മനാഫിഉൽമൗത്. പൊന്നാനിയിലെ മഹ്ളറുൽഅദൽ പ്രസ്സിൽ നിന്ന് അച്ചടിച്ചു. മുടിക്കൽ കുഞ്ഞാമു മുസ്‌ലിയാരായിരുന്നു പ്രഥമ പ്രസാധകൻ.
9. തജ്‌വീദുൽ ഖുർആൻ ബൈത്ത്
---------------------------------------------------------
ഉസൂലുദ്ദീൻ എന്ന ബൈത്തും തജ്‌വീദുൽ ഖുർആൻ എന്ന ബൈത്തും സംയുക്തമായി അച്ചടിച്ച ഒരു കൃതി കൂടി ശുജാഈ രചിച്ചിട്ടുണ്ട്. ഖുർആൻ പാരായണ നിയമങ്ങളും ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളും വിവരിക്കുന്ന ലഘു പദ്യകൃതിയാണിത്.
Comments
Post a Comment