ഖിമാർ - خمار - ലെ തർക്കം; അല്ലാമഃ ജാതിയേരിക്കാരനും അല്ലാമഃ തറക്കണ്ടി ഓറും.
ഖിമാർ - خمار - ലെ തർക്കം; അല്ലാമഃ ജാതിയേരിക്കാരനും അല്ലാമഃ തറക്കണ്ടി ഓറും.
🌻☘️🌺🌷🏵️🌾🌸🍃🌿🌱☘️🌺🌴ജീവിച്ചിരിക്കുമ്പോൾ അനുവദനീയമായ വസ്ത്രം കൊണ്ടെല്ലാം കഫൻ ചെയ്യാം. ഉത്തമം പഴയ കോട്ടൺ വെള്ളത്തുണിയാണ്. ഏറ്റവും ചുരുങ്ങിയത് ശരീരം മുഴുവൻ മറയുന്ന ഒരു തുണി നിർബന്ധം. ഔറത് മാത്രം മറച്ചാൽ പോരാ. മയ്യിത് പുരുഷനാണെങ്കിൽ മൂന്ന് തുണികൾ കൊണ്ട് കഫൻ ചെയ്യുന്നതാണ് ഏറ്റവും ശ്രേഷ്ടം. ഓരോന്നു കൊണ്ടും പ്രത്യേകം പൊതിയാൻ ശ്രദ്ധിക്കണം. മൂന്ന് തുണികളും ഒന്നിന് മുകളിൽ മറ്റൊന്നായി അടുക്കി വെച്ച് ഓരോന്നും വലത്തോട്ടും പിന്നെ ഇടത്തോട്ടുമായി മടക്കിയാൽ മതി. അല്ലാതെ ഒറ്റയടിക്ക് മതിയാക്കരുത്. ഈ മൂന്ന് തുണികൾക്ക് മുമ്പായി ഒരു തലപ്പാവും ഖമീസ്വും ആവാമെങ്കിലും ഉത്തമമല്ല. അങ്ങനെ വരുമ്പോൾ അത് നാലാമതും അഞ്ചാമതും ആയി മാറും. അധികപ്പറ്റാണത്. ഇനി ആറാമതൊന്ന് കറാഹതുമാണ്.
മയ്യിത് സ്ത്രീയാണെങ്കിൽ അഞ്ച് തുണികൾ വരെ ആവാം. ഒന്ന് അരയുടുപ്പ്, മറ്റൊന്ന് മുഖമക്കന, പിന്നെ ഒരു ഖമീസ്വും. ശേഷം രണ്ട് തുണികളിലായി പുരുഷനെ പൊതിയും പോലെ ശരീരമാസകലം പൊതിയുക. ആറാമതൊന്ന് ഇവിടെയും കറാഹതാണ്. ഇവിടെയെല്ലാം ഇഹ്‌റാമിലായി മരണപ്പെട്ടവരാണെങ്കിൽ ഇഹ്റാമിലെ വസ്ത്രധാരണ രീതിയെല്ലാം പാലിക്കണം. സ്ത്രീയുടെ മുഖവും പുരുഷൻ്റെ തലഭാഗവും മറക്കാൻ പാടില്ല. ഇഹ്റാമിലുള്ള പോലെ തുറന്നിടുകയാണ് വേണ്ടത്. പുരുഷന് തുന്നിക്കൂട്ടിയതും പറ്റില്ല.
കഫനിൻ്റെ തുണികളെയെല്ലാം സുഗന്ധം പുകയിപ്പിച്ചെടുക്കണം. ശേഷം തുണികളിലെല്ലാം ഹനൂത്വ് എന്ന സുഗന്ധവും കർപ്പൂരം പ്രത്യേകിച്ചും വിതറണം. ഇത്തരം സുന്നത്തുകളിൽ ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് പുരുഷന് ലങ്കോട്ടി (അടിവസ്ത്രമായി പഴയ കാലങ്ങളിൽ ധരിക്കുന്നത്. ഇസ്തിഹാളതുള്ള സ്ത്രീ വെച്ച് കെട്ടുന്ന പോലെ) ധരിപ്പിക്കുന്നതും സ്ത്രീയുടെ മാറിടത്തിൽ വീതിയിൽ ഒരു ശീല കെട്ടുന്നതും. ശരീരമാസകലം മറക്കുന്ന ഒറ്റത്തുണിയാവുമ്പോൾ ഇത്തരം അവയവങ്ങൾ പുറത്തേക്ക് നിഴലിച്ചു നിൽക്കുന്ന അവസ്ഥ ഒഴിവാക്കാൻ ഇത് സഹായിക്കും. ഇമാമുകളെല്ലാം വ്യക്തമാക്കിയ ഈ സുന്നത് ശ്രദ്ധിക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു.
മേൽ പറഞ്ഞതിൽ സ്ത്രീകൾക്ക് മുഖമക്കന കഫനിൻ്റെ കൂട്ടത്തിലായി ധരിപ്പിക്കണം എന്ന് പറഞ്ഞിടത്ത് അത് മുഖവും മറയുന്നതായിരിക്കണം എന്ന് നാദാപുരത്തെ അല്ലാമഃ ആയഞ്ചേരി അബ്ദുർറഹ്‌മാൻ മുസ്‌ലിയാർ (ഖു:സി) പറഞ്ഞിരുന്നു. (തറക്കണ്ടി ഓർ എന്നറിയപ്പെടുന്നു. നാദാപുരം കീഴന ഓറുടെ ഗുരുവര്യരാണ്. ) خمار എന്ന അറബി പ്രയോഗത്തിന് തല മറക്കുന്ന ഒരു വസ്ത്രം എന്നേ ഭാഷാർത്ഥമായി നൽകുന്നുള്ളൂവെങ്കിലും ജനാഇസിൻ്റെ ബാബിൽ മുഖവും കൂടെ മറയുന്നതായിരിക്കണം എന്നാണ് ഓറുടെ വിശദീകരണം. എന്നാൽ ഇതിനെ ശക്തമായി വിമർശിച്ച് രംഗത്ത് വന്ന അന്നാട്ടുകാരനായ മറ്റൊരു പണ്ഡിതനാണ് അല്ലാമഃ ജാതിയേരിക്കാരൻ (ഖു:സി). തല മറക്കുന്നത് എന്നതിനോട് 'മുഖവും കൂടെ മറക്കുന്ന വസ്ത്രം' എന്ന് ചേർത്തിപ്പറഞ്ഞത് ഒരിക്കലും ശരിയായില്ലെന്ന് അദ്ദേഹവും വാദിച്ചു. ഇരുവർക്കുമിടയിൽ വിമർശിച്ചു കൊണ്ടുള്ള കവിതകൾ ഉടലെടുത്തു. ജാതിയേരിക്കാരൻ ഇങ്ങനെ പാടി:
ما يستر الرأسَ هو الخمار
وعاطف الوجه هو الحمار
തറക്കണ്ടി ഓർ തിരിച്ച് ഇങ്ങനെയും:
وباطل قولك يا حمارُ
ما يستر الرأسَ هو الخمار
ഈ ചരിത്രം എനിക്ക് വിവരിച്ചു തന്നത് കീഴന ഓറുടെ ശിഷ്യനായ മാവൂർ അലി മാസ്റ്ററാണ്. പ്രസ്തുത മസ്അലഃയിൽ കീഴന ഓർ, അവരുടെ ഗുരുവായ തറക്കണ്ടി ഓറുടെ വീക്ഷണത്തോടൊപ്പമല്ല, ജാതിയേരിക്കാരൻ്റെ പക്ഷത്താണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
തറക്കണ്ടി ഓർ നാദാപുരം പള്ളിയിൽ ദർസ് നടത്തുന്ന കാലം, ഒരു മുദർരിസിനെ ആവശ്യപ്പെട്ട് മാട്ടൂൽ സ്വദേശികൾ ഓറെ സമീപിച്ചു. നല്ല പ്രതിഭയായിരുന്ന കീഴന ഓറെ തൻ്റെ ശിഷ്യരിൽ നിന്ന് അദ്ദേഹം അവിടേക്ക് അയക്കാൻ തെരെഞ്ഞെടുത്തു. എന്നിട്ട് വന്നവരോട് പറഞ്ഞു: "കുഞ്ഞബ്ദുല്ലയെ കൊണ്ടു പൊയ്ക്കോളി.."
ഇതറിഞ്ഞ കീഴന ഓർ ഗുരുവിന്റെടുക്കൽ ചെന്നു. ഇനിയും പഠിക്കാനാഗ്രഹമുണ്ടെന്ന് അറിയിച്ചു. എന്നെ ഇവിടെ തന്നെ നിർത്തണം എന്നും. എന്നാൽ ഓർ, ശിഷ്യനെ ആശീർവദിച്ചു. അവരുടെ കൂടെ പോകാൻ തന്നെ പറഞ്ഞു. ഇത് മറ്റു ചില സഹപാഠികളിൽ ചെറിയ രൂപത്തിലുള്ള അസൂയക്ക് വകയൊരുക്കി. ഇതറിഞ്ഞ് ഓർ പിന്നീട് ക്ലാസിൽ പറഞ്ഞത്രെ:
"എടോ, നാഴി അരിക്ക് വകയുള്ളവനല്ലേ മാറ്റിപ്പാർപ്പിക്കാൻ പറ്റൂ" എന്ന്. അതായത്, വീട്ടിൽ നിന്ന് മാറി സ്വന്തം താമസിക്കണമെങ്കിൽ സമ്പാദ്യം വല്ലതുമുണ്ടാകണ്ടേ. എന്നത് പോലെ സ്വന്തം ദർസ് നടത്താൻ പാകപ്പെട്ടവനെയല്ലേ പറഞ്ഞയക്കാനൊക്കൂ എന്നാണ് ഉദേശം.
മേൽ പറഞ്ഞ يا حمارُ എന്ന വിളി അൽപം അതിരു വിട്ടെന്ന് തോന്നിയോ ? എന്നാൽ വിമർശന വേളകളിൽ ഇത്തരം വാക്കുകൾ ഉണ്ടാകാറുണ്ടെന്നും അത് ബാഹ്യാർത്ഥം ഉദ്ദേശമില്ലാത്ത പദങ്ങളാണെന്നും ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. ഖ്വിള്വർ(അ) ന്റെ കൂടെ യാത്ര ചെയ്തത് മൂസാ നബി(അ) അല്ലെന്നും, അത് മറ്റൊരു 'മൂസാ' യാണെന്നും ചിലർ വാദിച്ചു. അവരെ "അല്ലാഹുവിന്റെ ശത്രു" എന്ന് വിശേപ്പിച്ച് എതിർത്തതിനെ പറ്റി ഇബ്നു ഹജർ അൽ അസ്ഖലാനി(റ) പറയുന്നു: അത്തരം വാക്കുകളുടെ പദാർത്ഥം ഇവർക്ക് ഉദ്ദേശമില്ല, സത്യത്തിനെതിരാണെന്ന് കാണുമ്പോൾ താക്കീതു ചെയ്ത് വിമർശിക്കൽ മാത്രമാണ് അവരുടെ ലക്ഷ്യം.
ﻗﻮﻟﻪ ﻛﺬﺏ ﻋﺪﻭ اﻟﻠﻪ، ﻟﻢ ﻳﺮﺩ ﺇﺧﺮاﺝ ﻧﻮﻑ ﻋﻦ ﻭﻻﻳﺔ اﻟﻠﻪ ﻭﻟﻜﻦ ﻗﻠﻮﺏ اﻟﻌﻠﻤﺎء ﺗﻨﻔﺮ ﺇﺫا ﺳﻤﻌﺖ ﻏﻴﺮ اﻟﺤﻖ ﻓﻴﻄﻠﻘﻮﻥ ﺃﻣﺜﺎﻝ ﻫﺬا اﻟﻜﻼﻡ ﻟﻘﺼﺪ اﻟﺰﺟﺮ ﻭاﻟﺘﺤﺬﻳﺮ ﻣﻨﻪ ﻭﺣﻘﻴﻘﺘﻪ ﻏﻴﺮ ﻣﺮاﺩﺓ. اه بحذف
.(فتح الباري: ١/٢١٩)
ഇവർക്കിടയിലും ഇങ്ങനെ തന്നെ. അതിനാലാണ് ഭാഷയിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ജാതിയേരിക്കാരൻ വഫാതായപ്പോൾ തറക്കണ്ടി ഓർ പറഞ്ഞത്:
مات سيبويه
എന്ന്. തറക്കണ്ടി ഓർ سيبويه എന്ന് വിളിക്കാൻ മാത്രം വലിയ അറിവാളനായിരുന്നു ജാതിയേരിക്കാരൻ എന്നും പരസ്പര ബഹുമാനത്തിന് ഇത്തരം വിമർശനങ്ങൾ എതിരല്ലെന്നും ഇതിലൂടെ മനസ്സിലാക്കണം.
രസകരമായ മറ്റൊരു വിമർശനം പറയാം. ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനീ(റ)വും ഇമാം ബദ്റുദ്ദീനുൽ ഐനീ(റ)വും തമ്മിൽ നടന്നത്. ജാമിഉൽ അസ്ഹറിൻ്റെ അടുത്തുള്ള മറ്റൊരു പ്രധാന പള്ളിയാണ് ജാമിഉൽ മുഅയ്യദ്. ഇത് ഉൽഘാടനം ചെയ്തത് ഇമാം സുൽത്വാനുൽ ഉലമാ ഇസ്സുദ്ദീൻ ബ്നു അബ്ദിസ്സലാം(റ) ആണെന്ന് ചരിത്രം. അതിലേക്കുള്ള പ്രധാന കവാടമാണ് باب زويلة. ഇതിൻ്റെ വടക്ക് ഭാഗത്തായി ഒരു മിനാരം സ്ഥിതി ചെയ്തിരുന്നു. ബാങ്ക് കൊടുക്കാനുള്ള ഉയർന്ന് നിൽക്കുന്ന ഒരു സ്ഥലമാണിത്. പള്ളിയോടൊപ്പം ഇത് നിർമ്മിക്കുന്ന ശൈലിയുണ്ടായിരുന്നു. കേരളത്തിൽ ആദ്യമായി വന്ന ബുഖാരീ സാദാത്തിലെ വളപട്ടണം സയ്യിദ് ജലാലുദ്ദീൻ ബുഖാരീ(റ) നിർമ്മിച്ച പള്ളി ഇത്തരത്തിലായിരുന്നല്ലോ. ഇന്നും അത് കാണാം. മൈക്കിൻ്റെ വരവോടെ ഈ സുന്നത് ശ്രദ്ധിക്കാതെ പോകുന്നത് ഖേദകരം തന്നെയാണ്. ബഹു: ബാവ മുസ്‌ലിയാർ അവരുടെ خلاصة യുടെ تقرير ൽ പ്രത്യേകം ഉണർത്തുന്നുണ്ട്:
ولو كان هناك مكبر صوت كما يفهم من النهاية والمغني. اه
(انظر تقرير الخلاصة - ٧٠)
ഇഅ്തികാഫിൻ്റെ നേരത്ത് മനാറതിൽ പോയാൽ അതിൻ്റെ തുടർച്ച ബാത്വിലാവില്ലെന്ന് ഫുഖഹാഅ് പറഞ്ഞതും ഇത്തരം സ്ഥലത്തെ പറ്റിയാണ്. باب زويلة ക്കടുത്ത് നിർമ്മിച്ചിരുന്ന ഈ മിനാരം പൊളിഞ്ഞ് വീഴാറായപ്പോൾ അത് പൊളിച്ചു നീക്കാൻ അന്നത്തെ സുൽത്വാൻ ഉത്തരവിട്ടു. ഈ മിനാരത്തെ പുകഴ്ത്തി അന്നത്തെ പണ്ഡിതർ കവിത ചൊല്ലി. ഇബ്നു ഹജർ അസ്ഖലാനി(റ)യും ചൊല്ലി :
لجامع مولانا المؤيد رونق #
منارته بالحسن تزهو وبالزين
تقول وقد مالت عن القصد أمهلوا #
فليس على جسمي أضر من العين
ഇതിൻ്റെ അവസാന വരിയിൽ, العين - കണ്ണേറിനേക്കാൾ വലിയ പ്രശ്നം ഇവിടെയില്ല - കണ്ണേറ് തട്ടിയതാണ് ഇത് പൊളിഞ്ഞു വീഴാറാകാൻ ഹേതു എന്ന അർത്ഥത്തിൽ കവിത ചൊല്ലി. എന്നാൽ ഇത് ബദ്റുദ്ദീനുൽ ഐനി(റ)യെ സൂചനാ പദത്തിലൂടെ കൊച്ചാക്കിയതാണെന്ന് മഹാന് തോന്നി. ഉടനെ മഹാനും ചൊല്ലി മറ്റൊരു കവിത. മിനാരം പൊളിഞ്ഞു വീഴാറാകാൻ കാരണം കല്ലിൻ്റെ പഴക്കമാണെന്നും അല്ലാതെ താങ്കൾ പറഞ്ഞ പോലെ കണ്ണേറ് ബാധിച്ചതല്ലെന്നും വിവരിച്ചു കൊണ്ട്. കൂട്ടത്തിൽ خسة الحجر എന്ന വാക്കിലൂടെ തിരിച്ചുള്ള മറുപടിയും സൂചനാത്മകമായി ഉൾക്കൊള്ളിച്ചതാണ് ഇതിലെ ട്വിസ്റ്റ്.
منارة كعروس الحسن إذا جليت #
وهدمها بقضاء الله والقدر
قالوا أصيبت بعين قلت ذا غلط#
ما أوجب الهدم إلا خسة الحجر
ഇത്തരം വിമർശനങ്ങൾ നേർക്കുനേർ പ്രയോഗിച്ചാൽ തന്നെയും അതിനോട് സമീപിക്കേണ്ട രീതി മുകളിൽ പറഞ്ഞല്ലോ. നാം ഇവയെല്ലാം രസകരമായി കാണുകയാണ് വേണ്ടത്. മേൽ പറഞ്ഞവരെല്ലാം നമുക്ക് വേണ്ടപ്പെട്ട ഇമാമുകൾ തന്നെ.
പരസ്പരം പുകഴ്ത്തിപ്പറഞ്ഞ് ബഹുമാനം നിലനിർത്തി വിമർശിക്കേണ്ടത് തുറന്നടിച്ച് പറഞ്ഞ ഉദാഹരണവുമുണ്ട്.
കടബാധ്യതയുള്ളവൻ സ്വദഖഃ ചെയ്യൽ നിഷിദ്ധമാണെന്നാണ് ഇമാമുകൾ പഠിപ്പിക്കുന്നത്. എത്രയും പെട്ടെന്ന് കടം വീട്ടുകയാണ് വേണ്ടത്. ഇങ്ങനെ കടബാധ്യതയുള്ളവൻ സ്വദഖഃ ചെയ്താൽ അത് ഹറാമാണെന്നതിന് പുറമെ, അത് ലഭിച്ചവന് ആ വസ്തുവിൻ്റെ ഉടമസ്ഥത കൈവരികയുമില്ല എന്ന് ഇബ്നു സിയാദ്(റ) അഭിപ്രായപ്പെട്ടു. എന്നാൽ ഇത് ശരിയല്ലെന്നും ഹറാമാണെങ്കിലും ഉടമസ്ഥത ലഭിക്കുമെന്ന് ഇബ്നു ഹജർ(റ)യും പറഞ്ഞു. ഇവ്വിഷയത്തിൽ ഇവർക്കിടയിൽ വിമർശിച്ചു കൊണ്ട് നാലോളം ചെറു ഗ്രന്ഥങ്ങൾ തന്നെ ഉടലെടുത്തു. പരസ്പര ബഹുമാനം നിലനിർത്തിക്കൊണ്ടായിരുന്നു ഈ വിമർശനങ്ങൾ. ഇതു സംബന്ധിച്ച് തർശീഹിൽ വിലയിരുത്തുന്നത് കാണാം:
(قوله لم يملكه) كذا في المنهج القويم، والفتح وزاد فيه كما بينته في الأصل مع فروع أخر، واعتمده جم غفير منهم ابن زياد واعتمد في التحفة والنهاية أنه مع حرمة التصدق يملكه الآخذ وإليه آل كلام الشارح بل ألف ابن حجر في ذلك مؤلفا مبسوطا سماه قرة العين في بيان أن التبرع لا يبطله الدين ورد عليه ابن زياد بأربعة مصنفات إلا أنه حط على ابن حجر مع تأدب ابن حجر معه، ولا شك أنهم أكفاء كرام تزاحموا على إظهار الحق للأمة ابتغاء وجه الملك العلام جزاهم الله تعالى خيرا عن المسلمين والإسلام ونفعنا بعلومهم على الدوام. اه
(ترشيح المستفيدين - ١٥٧)
യോഗ്യന്മാരായ ഇരുവരുടെയും, പരസ്പര ബഹുമാനം നിലനിർത്തിക്കൊണ്ടുള്ള വിമർശനങ്ങൾ മാതൃകാ പരമാണെന്നും, ഹഖ്ഖിന് വേണ്ടി അല്ലാഹുവിൻ്റെ പ്രീതി കാംക്ഷിച്ച് നില കൊണ്ടവരാണെന്നും പറയുന്നു. അവർക്ക് റബ്ബ് പ്രതിഫലം നൽകട്ടെയെന്നും അവരുടെ ഇൽമ് കൊണ്ടുള്ള نفع ന് വേണ്ടി ദുആ ചെയ്യുകയുമാണ് മഹാൻ.
അസാമാന്യ ഓർമ്മശക്തിയുള്ള ആളായിരുന്നു അല്ലാമഃ ജാതിയേരിക്കാരൻ. നാദാപുരത്തെ മേനക്കോത്ത് ഓർ മക്കഃയിൽ നിന്ന് ഒരു കിതാബ് കൊണ്ടുവന്നിരുന്നു. അത് مطالعة ചെയ്യാൻ ചോദിച്ചപ്പോൾ, വീട്ടിൽ നിന്നും പുറത്തു കൊണ്ടുപോവാൻ പറ്റില്ലെന്നും വേണമെങ്കിൽ തൻ്റെ വീട്ടിൽ വെച്ച് مطالعة ചെയ്യാമെന്ന് പറയുകയും ചെയ്തത്രെ. അങ്ങനെ രണ്ട് ദിവസം അവരുടെ വീട്ടിൽ വെച്ച് مطالعة ചെയ്തു. മൂന്നാം ദിവസം ഒരു നോട്ടുബുക്കുമായി വരുന്നു. എഴുതിയെടുക്കാനല്ല, എഴുതിയെടുത്തത് ആ കിതാബിലുള്ളതുമായി തട്ടിച്ചു നോക്കാൻ ! ഒരു വാക്കും വ്യത്യാസമില്ലായിരുന്നു ! ഇവിടെ വെച്ച് നോക്കുന്നതെല്ലാം മനസ്സിൽ ഹിഫ്ളാവുകയായിരുന്നു. വീട്ടിൽ പോയി നോട്ടിൽ എഴുതി വെക്കുകയും ചെയ്തത്. അറബിയിലെ قاموس എന്ന ആധികാരിക ഡിക്ഷ്ണറിയുണ്ട്. ഇമാമുകളെല്ലാം ഇതിൽ നിന്നും ഉദ്ധരിച്ച് പറയുന്നത് കാണാം. ഇത് ഹിഫ്ളായിരുന്നത്രെ ജാതിയേരിക്കാരന്. അതിനാൽ "കുട്ടി ഖാമൂസ്" എന്ന് ഓർക്കൊരു വിളിപ്പേരുമുണ്ട് പണ്ഡിതർക്കിടയിൽ. നാദാപുരം ജുമുഅത് പള്ളിയുടെ ചാരെയാണ് ഓറുടെ അന്ത്യവിശ്രമം.
_________________________________അസാമാന്യ ഓർമ്മശക്തിയുള്ള ഇമാം ബുഖാരി(റ), ഇമാം തുർമുദി(റ) തുടങ്ങി പലരെയും ചരിത്രങ്ങളിൽ വായിക്കാം. ഓർമ്മശക്തിയിൽ മികവ് കാണിച്ച നമ്മുടെ നാട്ടിലെ ഉലമാക്കളെക്കുറിച്ച് ചിലത് പറയട്ടെ.
ബഹുമാനപ്പെട്ട സ്വദഖതുള്ള ഉസ്താദ്(ഖു:സി). കേരളത്തിലെ കേളികേട്ട മുഫ്തിയായിരുന്നല്ലോ. സമകാലികരായ ഉലമാക്കളുടെയെല്ലാം അവലംബവും. ഓറുടെ ക്ലാസിൽ കുട്ടികൾ വായിച്ചു കൊടുക്കുക - ഉസ്താദ് വിശദീകരിക്കുക എന്ന ശൈലിയായിരുന്നു മിക്കവാറും ഉണ്ടായിരുന്നത്. ഉസ്താദിൻ്റെ കയ്യിൽ കിതാബുണ്ടാവില്ലെന്ന് സാരം. ഒരിക്കൽ مقامات الحريري ഓതിക്കൊടുക്കുമ്പോൾ ഒരു വാക്കിന്റെ അർത്ഥത്തിൽ ഉസ്താദിന് സംശയം വന്നു. അന്നത്തെ വിദ്യാർത്ഥികളുടെ കൂട്ടത്തിൽ പെട്ട കിടങ്ങഴി അബ്ദുർറഹീം മുസ്‌ലിയാരോട് പറഞ്ഞു:
"റഹീമേ, ആ قاموس ഒന്ന് മറിച്ചു നോക്കൂ.. അവിടെ ഒരു വര കാണുന്നുണ്ടോ.?" നോക്കിയപ്പോൾ പറഞ്ഞ പോലെ അവിടെ ഒരു വരയിട്ടതായി കാണുന്നു. ഡിക്ഷണറിയുടെ ഗ്രന്ഥകർത്താവിന് തന്നെ അത്യദികം غريب ആയിട്ടുള്ള വാക്കിന് മുകളിലാണ് ഇങ്ങനെ അടയാളപ്പെടുത്തുക.
ശേഷം കുട്ടികളോട് പറഞ്ഞത്രെ -
"ആ, അതുതന്നെ എനിക്ക് കിട്ടാതിരിക്കാനുള്ള കാരണം.."
അറബി ഭാഷയിലും സാഹിത്യത്തിലും ഉന്നത ഗ്രേഡിലുള്ള ഗ്രന്ഥമാണ് مقامات الحريري. അതിലെ വാക്കുകളുടെ അർത്ഥം മനഃപ്പാഠമായിരിക്കുക എന്നത് തന്നെ ആശ്ചര്യമാണ്. ഡിക്ഷ്ണറിയുടെ കൂട്ടത്തിൽ വളരെ ആധികാരികമാണ് قاموس എന്ന് പറഞ്ഞല്ലോ. അതെല്ലാം ഉസ്താദ് مطالعة ചെയ്തിട്ടുണ്ടെന്നും അവ ഹിഫ്ളിലുണ്ടെന്നും ഇതിൽ നിന്ന് മനസ്സിലാക്കാം. അന്നത്തെ വിദ്യാർത്ഥിയായ കിടങ്ങഴി അബ്ദുർറഹീം മുസ്‌ലിയാർ വലിയോറ ദാറുൽ മആരിഫിലെ പ്രധാന ഉസ്താദാണ്. അദ്ദേഹം നേരിട്ട് പറഞ്ഞതാണിത്. മേൽ പറഞ്ഞ قاموس ൽ ഒരു തിരുത്ത് പറഞ്ഞിരുന്നു സ്വദഖതുല്ലാ ഉസ്താദ്.
ثُمَّ حُبِّبَ إِلَيْهِ الْخَلَاءُ، وَكَانَ يَخْلُو بِغَارِ حِرَاءٍ، فَيَتَحَنَّثُ فِيهِ - وَهُوَ التَّعَبُّدُ - اللَّيَالِيَ ذَوَاتِ الْعَدَدِ قَبْلَ أَنْ يَنْزِعَ إِلَى أَهْلِهِ -
(صحيح البخاري - ٣)
ഇത് സ്വഹീഹുൽ ബുഖാരിയിലെ തുടക്കത്തിലെ ഹദീസാണ്. ഇതിൽ فَيَتَحَنَّثُ എന്നതിൻ്റെ ഭാഷ വിശദീകരിച്ചതാണ് وَهُوَ التَّعَبُّدُ എന്ന ഭാഗം. അത് ഹദീസിൻ്റെ പദമല്ല. ഇങ്ങനെ കൂട്ടിക്കൊടുക്കുന്നതിന് إدراج എന്ന് പറയും. اللَّيَالِيَ ذَوَاتِ الْعَدَدِ എന്ന ഭാഗം ഹദീസിൻ്റെ പദം തന്നെയാണ് താനും. അല്ലാതെ إدراج ൽ പെട്ടതല്ല. എന്നാൽ قاموس ൽ ഈ വാക്ക് വിശദീകരിച്ചിടത്ത് التَّعَبُّدُ اللَّيَالِيَ ذَوَاتِ الْعَدَدِ എന്നതെല്ലാം ആ വാക്കിൻ്റെ അർത്ഥമായി ഗ്രഹിച്ച് എഴുതിയത് പോലെയുണ്ട്.
الحِنْثُ، بالكسر: الإِثْمُ، والخُلْفُ في اليَمينِ، والمَيْلُ من باطِلِ إلى حَقٍّ، وعَكْسُه. وقد حَنِثَ، كعَلِمَ، وأحْنَثْتُه أنا.
والمَحانثُ: مَواقِعُ الإِثْمِ.
وتَحَنَّثَ: تَعَبَّدَ اللَّيالِيَ ذَواتِ العَدَدِ، أو اعْتَزَلَ الأَصْنامَ. اه
(قاموس)
ഇത് ബുഖാരിയിലെ ഹദീസിൽ നിന്ന് തെറ്റായി ധരിച്ചതാകാം എന്നാണ് സ്വദഖതുല്ലാ ഉസ്താദ് പറഞ്ഞത്. - ഈ തിരുത്ത് ചേറൂർ ഹസ്സൻ മുസ്‌ലിയാരിൽ നിന്നും കേട്ടതാണ് ഈയുള്ളവൻ.
മറ്റൊരിക്കൽ, നീലാം സ്ട്രോങ്ങും കൂട്ടരും ചന്ദ്രനിൽ കാലുകുത്തിയെന്ന് വാദിച്ച കാലം. ഇതിനെ ശാസ്ത്രലോകം സംശയാസ്പദമായി കണ്ടു. മനുഷ്യന് അതിന് സാധിക്കുമോ ഇല്ലേ എന്ന ചർച്ച ഉലമാഇനിടയിൽ ഉടലെടുത്തു. മിഅ്റാജിൻ്റെ രാവിൽ തിരുനബി(സ്വ) തങ്ങൾ, ജിബ്‌രീൽ(അ)ൻ്റെ കൂടെ ആകാശ ലോകത്തേക്ക് പോയതും അന്ന് അവിടുത്തെ ഓരോ കവാടത്തിലും സമ്മതം വാങ്ങിയിട്ടാണ് കയറിയതെന്നും ഹദീസിൽ വന്നത് ഉയർത്തിക്കാട്ടി ചിലർ. ചന്ദ്രനിൽ കടക്കാൻ അവർ മലക്കുകളോട് സമ്മതം ചോദിക്കണ്ടേ, അത് നടക്കില്ലല്ലോ എന്നായിരുന്നു അവരുടെ വാദം. കോട്ടൂർ ഉസ്താദ് ഈ സംശയം ചോദിച്ച ഒരാളോട് തമാശയിൽ പറഞ്ഞത്രെ: "അന്ന് തുറന്ന കവാടം അടച്ചതായി കേട്ടിട്ടില്ലല്ലോ. ആ തുറന്നതിലൂടെ പോയതായിരിക്കും".
ഈ വിഷയത്തിൽ സ്വദഖതുല്ലാ ഉസ്താദ് നുസ്റതുൽ അനാമിൽ വിശദമായി ലേഖനമെഴുതി, ചന്ദ്രനിൽ മനുഷ്യൻ പോകുന്നത് ശറഇന്ന് വിരുദ്ധമല്ലെന്ന് സമർത്ഥിച്ചു കൊണ്ട്. ആകാശത്തിന് താഴെയാണ് ചന്ദ്രനും സൂര്യനും മറ്റ് എല്ലാ ഗ്രഹങ്ങളും നക്ഷത്രങ്ങളും. നക്ഷത്രങ്ങളെക്കൊണ്ട് ആകാശത്തെ ഭംഗിയാക്കി എന്ന ഖുർആൻ അധ്യാപനം ഇത് സൂചിപ്പിക്കുന്നുണ്ട്. പന്തലിൽ ഭംഗിയാക്കുന്നത് താഴെയായത് പോലെ ആകാശത്തെയും ഭംഗിയാക്കുന്നത് താഴെയാണ്. ഓരോ ആകാശങ്ങളിലും ഓരോ ഗ്രഹങ്ങളെ വെച്ച് പിടിപ്പിച്ച ഏഴ് ഗോളങ്ങൾ ചേർന്നതാണ് ഈ ലോകം, അതിലൊന്നിലാണ് ചന്ദ്രനുള്ളത് തുടങ്ങിയ നിരീക്ഷണം ടോളമിയുടേതാണെന്നും അത് പഴയ ശാസ്ത്രമാണെന്നും അത് ശരിയല്ലെന്നും സമർത്ഥിച്ചു കൊണ്ടായിരുന്നു ലേഖനത്തിൻ്റെ പോക്ക്. ഇതിനിടെ ടോളമിയുടെ ജനന വർഷം പറഞ്ഞപ്പോൾ, കേട്ടെഴുത്തുകാരനായ ഉസ്താദിൻ്റെ ശിഷ്യൻ എൻ. കെ മുഹമ്മദ് മൗലവി(ന:മ) അതിൽ ഇടപെട്ട് പറഞ്ഞു:
"മൈബദിയുടെ തഖ്‌രീറിൽ ആ വർഷമല്ലല്ലോ ഉള്ളത്, ഇന്ന വർഷമാണെന്ന് എഴുതിക്കൊടുത്തിട്ടുണ്ട്.. "
അപ്പോൾ സ്വദഖതുല്ലാ ഉസ്താദ്:
"അങ്ങനെയല്ല. تاريخ ابن خلدون ൽ പറഞ്ഞത് ഇപ്രകാരമാണ്.. (ഇബാറത് കാണാതെ പറയുന്നു) - ഞാൻ മുമ്പ് ബാഖിയാതിൽ പഠിക്കുമ്പോൾ നോക്കി വെച്ചതാണല്ലോ.."
അപ്പോൾ തൊട്ടടുത്തുണ്ടായിരുന്ന കിടങ്ങഴി അബ്ദുർറഹീം മുസ്‌ലിയാർ പറഞ്ഞു: "എൻ്റെ ജ്യേഷ്ഠൻ ഹജ്ജിന് പോയി വന്നപ്പോൾ ആ കിതാബ് കൊണ്ടു വന്നിട്ടുണ്ട് .. "
കിടങ്ങഴി അബ്ദുർറഹ്‌മാൻ മുസ്‌ലിയാരാണ് അവരുടെ ജ്യേഷ്ഠൻ. അദ്ദേഹവും ഉസ്താദിൻ്റെ ശിഷ്യനാണ്.
ഉടനെ, ബെൽറ്റിൽ നിന്ന് കാശെടുത്ത് കൊടുത്തിട്ട് ആ കിതാബ് വാങ്ങാൻ ആവശ്യപ്പെട്ടു. അങ്ങനെ കിതാബിൽ ഉസ്താദ് കാണാതെ വായിച്ച ആ ഭാഗം കാണുകയും ചെയ്തു. ഈ സംഭവം നടക്കുന്ന കാലത്ത് സ്വദഖതുല്ലാ ഉസ്താദ് ബാഖിയാതിൽ നിന്ന് പഠനം പൂർത്തിയാക്കിയിട്ട് ഏകദേശം നാൽപത് വർഷത്തോളം പിന്നിട്ടിരുന്നെന്ന് അബ്ദുർറഹീം മുസ്‌ലിയാർ ഇത് വിവരിച്ച് തന്നപ്പോൾ പറഞ്ഞു.
ഫൽസഫഃയിലെ ടോളമി ജനിച്ച വർഷം പോലും ഓർമ്മയിൽ തങ്ങി നിൽക്കുക എന്നത് ഒരു അൽഭുതമല്ലാതെ പിന്നെന്താണ് !
ഈ സംഭവം എനിക്ക് വിവരിച്ചു തന്നത്, സ്വദഖതുല്ലാ ഉസ്താദിൻ്റെ ഇഷ്ട ശിഷ്യനായിരുന്ന സമദ് മൗലവി മണ്ണാർമലയാണ്.
സ്വദഖതുല്ലാഹ് ഉസ്താദിൻ്റെ ശിഷ്യനായ ആമയൂർ മുഹമ്മദ് മുസ്‌ലിയാരും (ന:മ) ഓർമ്മശക്തിയിൽ കേളികേട്ടവരാണ്. തുഹ്ഫഃയുടെയും മറ്റും പേജുകൾ കാണാതെ വായിച്ചു കേൾപ്പിക്കുന്നത് പലപ്പോഴും ഉലമാക്കളെ അൽഭുതപ്പെടുത്തിയിട്ടുണ്ട്. സംവാദ സദസ്സുകളിലെല്ലാം ഇ.കെ ഉസ്താദ് കിതാബിലെ ഉദ്ധരണി ലഭിക്കാൻ വേണ്ടി കൂടെ കൂട്ടിയിരുന്നുവത്രെ. ഒരിക്കൽ കൊണ്ടോട്ടിയിൽ വെച്ച് ഒരു പരിപാടി നടന്നു. സ്വദഖതുല്ലാ ഉസ്താദും ആമയൂർ മുസ്‌ലിയാരും വേദിയിലുണ്ട്. നിരവധി ചോദ്യങ്ങൾ, മസ്അലഃകളും മറ്റും സദസ്സിൽ നിന്ന് ചോദിക്കുന്നു. എല്ലാത്തിനും വ്യക്തമായി മറുപടി കൊടുക്കുന്നുണ്ട് സ്വദഖതുല്ലാ ഉസ്താദ്. ഇടക്ക്, ജാരസന്തതിയെ യതീമായി പരിഗണിക്കാമോ എന്നൊരു ചോദ്യം ഉയർന്നു. ഉടനെ ആമയൂർ അത് യതീമിൽ പെടുമെന്ന തുഹ്ഫഃയിലെ ഈ ഭാഗം, കാണാതെ വായിച്ചു കേൾപ്പിച്ചു:
(وَهُوَ)
أَيْ الْيَتِيمُ (صَغِيرٌ) لَمْ يَبْلُغْ بِسِنٍّ، أَوْ احْتِلَامٍ ... (لَا أَبَ لَهُ) وَإِنْ كَانَ لَهُ جَدٌّ وَلَوْ لَمْ يَكُنْ مِنْ أَوْلَادِ الْمُرْتَزِقَةِ وَيَدْخُلُ فِيهِ وَلَدُ الزِّنَا. اه
(تحفة: ٧/١٣٤)
ഇത് പങ്ക് വെച്ചത് ചേറൂർ ഹസൻ മുസ്‌ലിയാരാണ്.
മറ്റൊരിക്കൽ, സ്വദഖതുല്ലാ ഉസ്താദും ആമയൂർ ഉസ്താദും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. പത്തിരിയാണ് മുന്നിൽ. ഒന്ന് മാത്രം ബാക്കിയായപ്പോൾ 'ഇത് ഞാനെടുത്തോട്ടെ' എന്ന് സ്വദഖതുല്ലാ ഉസ്താദ് ചിരിച്ച് കൊണ്ട് പറഞ്ഞത്രെ. ഉടനെ ആമയൂർ ഒരു കവിത ചൊല്ലി:
والأصل في الأخباز أن تدورا #
وجوزوا التكسير إذ لا ضررا
"പത്തിരിയുടെ സ്വഭാവം വൃത്താകൃതിയാണ്. ബുദ്ധിമുട്ടില്ലെങ്കിൽ അത് കഷ്ണം മുറിക്കാമെന്ന് എല്ലാവരും സമ്മതിച്ചിരിക്കുന്നു! "
അൽഫിയ്യഃയിലെ والأصل في الأخبار الخ എന്നതിനോട് ഒപ്പിച്ച രണ്ടുവരി ചൊല്ലിയതാണിത്. ഇതിലൂടെ ഒരു നിമിഷക്കവിയുമാണെന്ന് മനസ്സിലായി.
സ്വദഖതുല്ലാ ഉസ്താദിനെ വ്യക്തിഹത്യ ചെയ്ത് സംസാരിച്ച ഒരാളായിരുന്നു ഖാദിയാനി കുഞ്ഞഹമ്മദാജി. ഖാദിയാനിസത്തെക്കുറിച്ച് പഠിക്കാൻ പോയി ഖാദിയാനിയായി മാറുകയായിരുന്നു ഇയാൾ. അറബി ഭാഷയിൽ കഴിവുണ്ടായിരുന്ന ഇയാൾ, ഖാദിയാനിയാവും മുമ്പ് ألف الألف വിന് تخميس എഴുതിയിരുന്നു. ഇയാൾ قاموس വായിച്ച് പെട്ടുപോയ സംഭവം പറയാറുണ്ടായിരുന്നു ആമയൂർ ഉസ്താദ്. സംഭവം ഇങ്ങനെ:
وهَجُوَ يَوْمُنا، كسَرُوَ: اشْتَدَّ حَرُّهُ. اه
(قاموس)
ഇവിടെ هَجُوَ എന്ന വാക്ക് سَرُوَ എന്ന പദം പോലെ എന്ന് പറയുന്നുണ്ട്. ശേഷം, അതിൻ്റെ അർത്ഥം اشْتَدَّ حَرُّهُ എന്ന് വിശദീകരിക്കുന്നു. ഇത് كَسَرَ وَاشْتَدَّ എന്ന് വായിച്ചു കുഞ്ഞഹമ്മദ്. എന്നിട്ട് هجُوَ എന്നതിന് 'പൊട്ടിക്കുക' എന്നും 'ശക്തിയാവുക' അർത്ഥം പറഞ്ഞത്രെ! 'പോലെ' എന്നർത്ഥമുള്ള കാഫിനെ فاء الفعل ആയും لام الفعل ആയ വാവിനെ عاطف ആയും തെറ്റിദ്ധരിച്ചിരിക്കുകയാണ് ആ സാധു.
കുഞ്ഞഹമ്മദാജി, തൻ്റെ ഗുരുവിനെ പരിഹസിച്ചതിനാൽ തിരിച്ച് കളിയാക്കി പറഞ്ഞതാണ് ആമയൂർ.
പണ്ട്, എം.കെ.എം കോയ മുസ്‌ലിയാർ(ന:മ)യുടെ ഗുരുവായ, ഏഴിമല അബൂബക്ർ മുസ്‌ലിയാർ(ന:മ) ദർസ് നടത്തുമ്പോൾ കുട്ടികൾക്ക് سَجِيّة ൻ്റെ അർത്ഥം സമ്പ്രദായം എന്ന് അർത്ഥം പറഞ്ഞു കൊടുത്തു. ശേഷം, 'സീനി'ന് 'കസ്റ്' കൊടുത്തും വായിക്കാം എന്നും പറഞ്ഞു. ഇത് കേട്ട് ഒരു വിദ്യാർത്ഥി ഉസ്താദിനോട് പറഞ്ഞു: " ഹാ, അപ്പൊ 'സിമ്പ്രദായം' എന്നും വായിക്കാമല്ലേ.." سِجِيّة എന്നൊരു പ്രയോഗവും കൂടെ ഓർമ്മിപ്പിച്ചതാണ് ഉസ്താദ്. പക്ഷെ, വിദ്യാർത്ഥി 'സമ്പ്രദായ'ത്തിലാണ് ഇകാരം ചേർത്തത്.
കുളിയുടെ അദ്ധ്യായം - باب الغسل - എന്നതിന് ഉടനെ അതിൻ്റെ ഭാഷ വിശദീകരിക്കുന്നിടത്ത് بفتح الغين وضمها എന്ന് വായിച്ചപ്പോൾ ഒരാൾ അർത്ഥം പറഞ്ഞു: "കണ്ണടച്ചും കണ്ണ് തുറന്നും കുളിക്കുന്നതിനെ പറ്റി വിവരിക്കുന്ന അദ്ധ്യായം.."
കണ്ണ് എന്നതിന് عين എന്നാണല്ലോ പറയുക. غين എന്നാണെന്ന് തെറ്റിദ്ധരിച്ചതാണ് ഇയാൾ. غسل ലെ ഭാഷ വിശദീകരിച്ചതാണെന്ന കാര്യവും ഇയാൾക്കറിയാതെ പോയി !
ദർസ് നടത്തുന്നവർക്ക് മാത്രം ചിലപ്പോൾ ഉപകരിച്ചേക്കും എന്ന് കരുതി, വാക്കുകളിൽ വന്ന പിഴവുമായി ബന്ധപ്പെട്ട രണ്ട് ഫലിതങ്ങൾ പറഞ്ഞതാണ്. അവസാനിപ്പിക്കുന്നു.
മേൽപറഞ്ഞ ഇമാമുകളുടെയും നമ്മുടെ പൂർവ്വസൂരികളായ ഉലമാഇൻ്റെയും ദറജഃകളെ അല്ലാഹു ഉയർത്തട്ടെ. അവരോടൊപ്പം നാളെ സ്വർഗ്ഗത്തിൽ ഒരുമിക്കാൻ തൗഫീഖ് നൽകട്ടെ - ആമീൻ.
Comments
Post a Comment