എന്റെ_മകൻ_എനിക്ക്_മുസ്ഹഫാണ് (അഗത്തി ഉസ്താദ് അനുസ്മരണക്കുറിപ്പ്)
#എന്റെ_മകൻ_എനിക്ക്_മുസ്ഹഫാണ്
✍️
ജഅ്ഫർ അദനി അഫ്ളലി ഒളമതിൽ
ഗണിതം, സയൻസ് തുടങ്ങി എല്ലാ വിഷയത്തിലും പഠനത്തിലേറെ മുന്നിലായിരുന്ന ഉസ്താദിനെ; അധ്യാപകന്മാരുടെ നിർബന്ധത്തിന് പോലും വഴങ്ങാതെ, എസ്.എസ്.എൽ.സി പോലും എഴുതാൻ സമ്മതിക്കാതെയാണ് ഉപ്പ ദർസിൽ ചേർത്തിയത്. ആവശ്യമായ ചെലവുകൾ എല്ലാം ചെയ്തു കൊടുത്തു. വല്ലപ്പോഴും നാട്ടിൽ വന്നാൽ തന്നെ; പഠനം കഴിഞ്ഞോ? എന്തിനാണിപ്പോൾ തന്നെ വന്നത്? എന്ന് ചോദിക്കുകയും വീണ്ടും വീണ്ടും പഠിക്കാൻ വേണ്ടി പ്രേരിപ്പിച്ച് കൊണ്ടേയിരിക്കുന്ന ഉപ്പ!. മർകസ് പഠനം പൂർത്തിയായി കഴിഞ്ഞിട്ടും ഇനിയും തുടർന്ന് പഠിക്കാനായിരുന്നു ആ പിതാവിന്റെ നിർദ്ദേശം. ആ ഒരു നിർദേശമാകാം മരണം വരെ നീണ്ട വിജ്ഞാന ദാഹശമനത്തിനായുള്ള നീണ്ട സഞ്ചാരം, അന്വേഷണം... എന്തും ഏതും പരിപൂർണമായി അറിയാനും ചെയ്യാനുമുള്ള ഉസ്താദിനു പിന്നിലുള്ള ആ ചാലകശക്തി...
ആ ഉപ്പ മകനെയോർത്ത് സന്തോഷിച്ച് പറഞ്ഞ വാക്കുകളാണ് :
“എന്റെ മകൻ എനിക്ക് മുസ്ഹഫാണെന്ന് ”. അത് ശരി വെക്കുന്നതായിരുന്നു ഉസ്താദിന്റെ ജീവിതവും.
ഉസ്താദിന്റെ ഓരോ വാക്കുകളും പ്രവൃത്തികളും വളരെ ആത്മാർത്ഥയുള്ളതായിരുന്നു. വളരെ ഉറപ്പോടെയും ബോധ്യത്തോടെയുമുള്ള പ്രവർത്തങ്ങൾ… അതിനായി രാപകലുകൾ, സ്വശരീരം എല്ലാം മറന്ന് അധ്വാനിക്കും. സംശയങ്ങൾക്ക് ഇട നൽകാതെ പരിപൂർണ്ണമാക്കി തരും.
അതാണല്ലോ ശൈഖുനാ തങ്ങളുസ്താദ് പറഞ്ഞത് : “ ഉസ്താദിനുള്ള ഈ യാത്രയപ്പ് പരിപൂർണമായ വിധത്തിലാക്കുകയെന്നത് ഉസ്താദിനോടുള്ള നമ്മുടെ കടപ്പാടാണ്”
ദഫൻ സമയം കണ്ടവർക്കറിയാം ആരും കൊതിച്ചു പോകുന്ന ഒരു യാത്രയയപ്പായിരുന്നു അവിടുത്തേത്. ശൈഖുനാ തങ്ങളുസ്താദിന്റെ സാന്നിധ്യത്തിൽ തിങ്ങി നിറഞ്ഞ ആലിമീങ്ങൾ, മുതഅല്ലിമുകൾ, സാധരണക്കാർ, ദഫൻ പൂർത്തിയാകും വരേ നീണ്ട തബാറക പാരായണം, തൽഖീൻ പിന്നെ ഒരു മണിക്കൂറിലേറെ നീണ്ട തസ്ബീത്ത്, ഈ സമയമത്രയും അവിടെനിന്ന് കരഞ്ഞകണ്ണുകളുമായി തൊണ്ടയിടറി ദുആ ചെയ്യുന്ന ശൈഖുന ദാരിമി ഉസ്താദ്.
തസ്ബീത്ത് എങ്ങനെ നീളാതിരിക്കും. തസ്ബീതിന്റെ സമയ ചർച്ച ഉസ്താദ് ഇടപ്പെട്ട വിഷയമാണല്ലോ.. ബിഗ്‌യത്തുൽ മുസ്തർഷിദീൻ നോക്കിയാൽ കാണാം തസ്ബീത്തിന്റെ ചർച്ച... അബ്ദുറഹ്മാൻ അൽ മശ്‌ഹൂർ തങ്ങൾ തസ്ബീതിന്റെ സമയം ചർച്ച ചെയ്യുവാൻ ഹസനുന്നജ്‌വ എന്ന കിതാബിന്റെ ഇബാറത്ത് കൊണ്ട് വരുന്നുണ്ട്.
അതിൽ തസ്ബീതിന്റെ സമയം ساعة وربع എന്ന് പറഞ്ഞ് ساعة നെ വിഷദീകരിക്കുമ്പോൾ വന്ന ചർച്ചയെ لعل الصواب എന്ന് പറഞ്ഞ് ഫലഖിയായ തഹ്ഖീഖ് ഉസ്താദ് തന്റെ കിതാബിൽ എഴുതി വെച്ചതും, دقيقة ،ثانية എത്രയാണ് ശരിയായതെന്ന് രേഖപ്പെടുത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഉൾകൊള്ളിച്ച് ചെറു രിസാലയും ഉസ്താദ് രചിച്ചു .
കിതാബുകളെ സശ്രദ്ധം വീക്ഷിച്ച്, തനിക്ക് ബോധ്യപ്പെട്ട സത്യങ്ങളെ ചേർത്ത് എഴുതുമ്പോഴും നല്ല അദബോടെയായിരുന്നു ഉസ്താതാദിന്റെ സമീപനം. അതോടൊപ്പം ഓർക്കേണ്ടതാണ് എഴുത്ത് രീതി, കൈഅടയാളം പതിയാതിരിക്കാൻ ടവ്വൽ വിരിച്ച്, പാർക്കർ പേന കൊണ്ടായിരുന്നു എഴുതിച്ചേർക്കൽ കിതാബ് നന്നാക്കാൻ ഒരു പ്രത്യേക കത്തിയും, ചെറിയ എഴുത്തുകൾ വായിക്കാൻ വലിയ ലെൻസും കൂടെയുണ്ടാകും. എഴുതി ചേർക്കുമ്പോൾ പാലിക്കേണ്ട മര്യാദകളെ ഇആനതു ത്വാലിബീനും ബാജൂരിയും വെച്ച് ശിഷ്യന്മാർക്ക് ഉണർത്തി തരികയും ചെയ്തിരുന്നു. തഹ്ഖീഖിന്റെ പേര് പറഞ്ഞും മറ്റും ലാഘവത്തോടെ സമീപിക്കരുതെന്നും മറ്റുള്ളവരുടെ രചനകളിൽ കടത്തി കൂട്ടലുകളും തിരുത്തലുകളും പാടില്ലെന്നും അവലംബിച്ച സ്രോതസ്സ് പറഞ്ഞാലേ ഇൽമിൽ ബറകതുണ്ടാവുകയുള്ളൂവെന്നും ഉസ്താദ് ഗൗരവത്തോടെ ഓർമപ്പെടുത്തിയിരുന്നു.
ബദ്ർ മൗലിദിൽ ദാറാനിയാണോ ദവ്വാനിയാണോ എന്ന് സ്ഥിരപ്പെടുത്താൻ ഉസ്താദ് നടത്തിയ ശ്രമം എടുത്ത് പറയേണ്ടതാണ്. ബദ്ർ മൗലിദ് രചിച്ച വളപ്പിൽ അബ്ദുൽ അസീസ് മുസ്ലിയാർ അവർകൾ ദീർഘകാലം ദർസ് നടത്തിയ വടുതലയിൽ നിന്നും കൈ എഴുത്ത് സംഘടിപ്പിച്ചു; അതിൽ ദാറാനി എന്നാണ്. അതുപോലെ തന്നെ മഹാനവർകളുടെ ശിഷ്യന്റെ ശിഷ്യനായിരുന്ന വടുതല മുഹമ്മദ് മുസ്ലിലിയാരോട് (അഗത്തി ഉസ്താദ് മരണപ്പെട്ട തലേ ദിവസമാണ് മഹാനവർകൾ വഫാത്താകുന്നത്) അന്വേഷിക്കാൻ മകൻ അമീൻ അഹ്സനിക്ക് ഫോൺ ചെയ്തു, വളപ്പിൽ ഓർ അസ്മാഉൽ ബദ്ർ രചിക്കാൻ അവലംബിച്ച കിതാബ് ഏതെന്ന് മനസ്സിലാക്കി; ശറഹു സ്വദ്റന്ന മറുപടിയിൽ കിതാബ് പരതി, അതിലും ദാറാനി എന്നായിരുന്നു. എന്നാൽ ശറഹു സ്വദ്റിൽ ശൈഖ് ദാറാനി യെ തൊട്ട് നൂറുൽ ഹലബി പറയുന്നു എന്നായിരുന്നു . അങ്ങനെ കുട്ടികളേയും കൂട്ടി സ്വീറത്തുൽ ഹലബിയ്യയുടെ പത്തോളം മഖ്തൂത്തകൾ ഈ ഒരറ്റ ആവശ്യത്തിനായി ഉസ്താദ് പരതിച്ചു, എന്നാൽ അതിലധികത്തിലും ദവ്വാനി എന്നായിരുന്നു ദറാനി എന്ന് എവിടെയും കണ്ടില്ല .
ഉസ്താദ് എന്ത് പറയുമ്പോഴും എഴുതുമ്പോഴും ആധികാരികത ഉറപ്പ് വരുത്തിയിരുന്നു. ذراع എന്നത് ഏവർക്കും സുപരിചിതമാണ്. മുഴം എന്ന് അർത്ഥം പറയും, പക്ഷെ അതിന്റെ അളവ് എത്രയാണ് എന്നിടത്ത് ഇന്ന് ആധുനിക രചനകളിൽ 44 മുതൽ 61 CM വരെയുള്ള അഭിപ്രായങ്ങൾ കാണാം… ഇവിടെ 46 CM ആണ് ശരി എന്നതിന് “സാധാരണ ഒരു മനുഷ്യന്റെ മുഴം കാണാൻ കൈ തന്റെ അടുക്കൽ തന്നെ ഇല്ലേ പരിശോധിച്ചാൽ പോരെ” എന്ന് പറഞ്ഞ് 100 പേരുടെ കൈകൾ അളന്ന് അവയുടെ ശരാശരി കണ്ട് 46 ആണന്ന് പരിശോധിച്ചും പരിശോധിപ്പിച്ചും ഉറപ്പ് വരുത്തിയതും സമവാക്യത്തിലൂടെ തെളിയിച്ച് കാണിച്ചതും ഉസ്താദിന്റെ രീതിയായിരുന്നു.
ളുഹയുടെ അഫ്ളലായ സമയമേതെന്ന് വായനയിൽ ഒതുക്കാതെ ഗണിതീകരിച്ച് തരും.
2 ഖുല്ലത്ത് 191 ലിറ്ററാണെന്ന് പറഞ്ഞ് പോകാതെ ചതുരപാത്രവും വൃത്താകൃതിയിലുള്ള പാത്രത്തിലും 191 ലിറ്റർ എങ്ങനെ കണക്കാക്കാം എന്നത് ഇബാറത്തുകളെ ഗണിതീകരിച്ച് കാണിച്ച് തരും.
നിസ്കാരത്തിൽ അത്തഹിയ്യാത്തിൽ വിരല് ഉയർത്തി പിടിക്കുന്നതിനെ كعاقد ثلاثة وخمسين എന്ന് വന്നപ്പോൾ കൈ കൊണ്ടുള്ള എണ്ണൽ വിദ്യകളെ (1/ 2/10/20....... ) ഓരോന്നും കൈ കൊണ്ട് എണ്ണം പിടിച്ച് കാണിച്ച് തരും.
മത്ന് അബൂ ശുജാഅ് തരുന്ന സമയത്ത്; ദിയത്തിന്റെ ഭാഗമെത്തിയപ്പോൾ നഷ്ടപരിഹാരം 100 ഒട്ടകം നൽകണമെന്നും, അതില്ലെങ്കിൽ അതിന്റെ വില കെട്ടണം എന്ന സ്ഥലത്ത് 1000 ദീനാറിന്റെയും 1200 ദിർഹമിന്റെയും വില കെട്ടുന്ന രീതി കാണിച്ച് തന്നും, ഇങ്ങനെ ഇബാറത്തുകളെ ഹല്ല് ചെയ്തും തഹ്ഖീഖാക്കി തന്നുമായിരുന്നു ഉസ്താദിന്റെ അധ്യാപനരീതികൾ.
ഒരു മുദ്ദ് എത്രയാണന്നുറപ്പിക്കാൻ ചാലിയത്ത് പോയ കഥയുണ്ട്. മഹാനായ ശാലിയാത്തി ഓറുടെ കുതുബ് ഖാനയിലെ മുദ്ദുന്നബവി അവുക്കോയ മുസലിയാർ എടുത്തു കൊടുത്തതും, ചാലിയം അങ്ങാടിയിൽ കൊണ്ട് പോയി പരിശോധിച്ചുറപ്പിച്ച്; 1 മുദ്ദ് 770 ml എന്ന് തിട്ടപ്പെടുത്തിയ സംഭവം അവിടുത്തെ അറിയാനുള്ള അലച്ചയായിരുന്നു. കൂട്ടത്തിൽ ഒന്നും കൂടി ഉണർത്തി ഇന്ന് 800 ml എന്ന് പറയുന്നത് സൂക്ഷ്മതക്ക് വേണ്ടിയാകും എന്ന്.
മസാഫത്തുൽ ഖസ്റുമായി ബന്ധപ്പെട്ട ചർച്ചകളിൽ; പണ്ഡിതരുടെ വീക്ഷണവിത്യാസങ്ങൾ, ഓരോ വീക്ഷണപ്രകാരവുമുള്ള കിലോമീറ്റർ കണക്കുകൾ, ഇതുമായി ' ബന്ധപ്പെട്ട് കേരളത്തിലെ തർക്കങ്ങൾ എല്ലാം കടന്ന് വരും. തീരുമാനങ്ങൾ ശിഷ്യർക്കും കൂടി തെളിവുകളുടെ പിൻബലത്തിൽ മനസ്സിലാക്കി തരും.
ബാങ്കിൽ ഹയ്യഅലയിൽ തിരിയേണ്ട രൂപം പറയുമ്പോൾ ഉസ്താദ് പറയും: ഒന്നാം ഹയ്യ അലയിൽ 45 ഡിഗ്രിയും രണ്ടാം ഹയ്യ അലയിൽ 45 ഡിഗ്രിയും; മൊത്തം 90 ഡിഗ്രി. ഇപ്രകാരം ഇടത്തോട്ടും ഇതാണ് ഇതിൽ പ്രബലമെന്ന് സൂചിപ്പിക്കും ഖൽയൂബി നോക്കാൻ പ്രേരിപ്പിക്കും . ഉസ്താദ് പറഞ്ഞതു പോലെ തന്നെ പിന്നീട് ശറഹ് മുസ്‌ലിമിലും മജ്മൂഇലും ഇതു കാണാൻ കഴിഞ്ഞു.
പലരും പ്രയാസം എന്ന് ധരിച്ചത് ഉസ്താദ് അനായാസം കൈകാര്യം ചെയ്തു. അറിയാത്തതെന്തും നിമിഷനേരം കൊണ്ട് കരസ്ഥമാക്കും.
തർശീഹിന് മൂന്ന് വാള്യത്തിലായി ഉസ്താദ് ചെയ്ത ടിപ്പണിയുണ്ട് കൊറോണയിൽ അടഞ്ഞുകിടന്നപ്പോൾ ഉസ്താദ് വിരിയിച്ചെടുത്തതാണത്.
കുർദി കുബ്റ, അൽ ഹവാഷിൽ മദനിയ്യ എന്ന് മാത്രം കേട്ടും കണ്ടും പരിചയിച്ചതിൽ നിന്നും വിഭിന്നമായി തർഷീഹിൽ പലയിടത്തും അസ്സുഗ്റ, അൽ കുബ്റ, അൽ വുസ്ത്വ എന്നിങ്ങനെ കണ്ടപ്പോൾ ഇവിടെ ഓരോന്നുകൊണ്ടും എന്ത് ഉദ്ദേശിക്കുന്നു എന്ന് വളരെ കൃത്യമായി കിട്ടാൻ ഉസ്താദ് നുസ്ഖകൾ പരതി; അങ്ങനെ കുർദി ഇമാമിന്റെ തന്നെ കൈ പടയിൽ വിരിഞ്ഞ കിതാബിൽ നിന്നും ശിഷ്യൻ പകർത്തി എഴുതിയ ഒരു മഖ്തൂത്തയുടെ ചട്ട പുറത്ത് മഹാനവർകൾക്ക് കുബ്റ, വുസ്ത്വ, സുഗ്റ എന്നിങ്ങനെ മുഖദ്ദിമത്തുൽ ഹള്റമിയ്ക്കുള്ള ഇബ്നു ഹജർ തങ്ങളുടെ മൻഹജുൽ ഖവീമിന് ഹാശിയകളുണ്ടെന്ന ഒരു ചെറുകുറിപ്പ് കണ്ടു. ആ വിവരം വെച്ചായി പിന്നെ അന്വേഷണം, അങ്ങനെ മസ്‌ലകുൽ അദ്ൽ എന്ന പേരിൽ കിതാബ് കിട്ടുകയും അത് പ്രിന്റെടുത്ത് ബൈന്റ് ചെയ്ത് ഉസ്താദ് പരിചയപ്പെടാനിരുന്നു. അങ്ങനെ അതിന്റെ തുടക്കത്തിൽ മഹാനവർകൾ തന്നെ വിഷദീകരിക്കുന്നത് ഉസ്താദ് ഞങ്ങൾക്ക് പറഞ്ഞ് തന്നു: “അൽമവാഹിബുൽ മദനിയ്യ - കുബ്റ എന്നും ഹവാശിൽ മദനിയ്യ - വുസ്ത്വ എന്നും അസ്സ്വുഗ്റ - അൽ മസ്ലലകുൽ അദ്ൽ എന്നും ആദ്യം കുബ്റയും പിന്നെ വുസ്ത്വയും പിന്നെ സുഗ്റയും മഹാനവർകൾ രചിച്ചു എന്നും”. മൂന്നും മഅ്ദിന്‍ മക്തബയിൽ ഇന്നുണ്ട്.
സബ്ഖിൽ ഒരു വിഷയം പറഞ്ഞ് മനസ്സിലാക്കി തന്നിട്ടാണ് അടുത്തതിലേക്ക് നീങ്ങാറ്. ഉദാഹരണം പറയേണ്ടിടത്ത് ഉദാഹരണം പറയും.
മുബഅള്, മുദബ്ബർ, മുകാതബ്, ഉമ്മുവലദ് എന്നിങ്ങനെയുള്ള അടിമയുടെ ഇത്ഖുമായി ബന്ധപെട്ട ഇനങ്ങളൊരോന്നും ഉദാഹരണ സഹിതം മനസ്സിലാക്കി തരും. അൻമ്പർ, കടൽ ഞണ്ട്, കപ്പിത്താൻ ഇങ്ങനെയുള്ള വിഷയങ്ങൾ സശ്രദ്ധം ഉണർത്തും, ഇവയിൽ ഒരു ദ്വീപുകാരൻ എന്ന നിലയിൽ മനസ്സിലാക്കിയ ശ്രദ്ധിക്കേണ്ട കാര്യം ഉണർത്തി തരും.
പറയുമ്പോൾ നാം നിസാരമായി കാണുന്ന പ്രത്യേകം ശ്രദ്ധിക്കേണ്ട, പൊതുവേ തെറ്റി പോകുന്ന കാര്യങ്ങളെ സശ്രദ്ധം ഉണർത്തും. പൊതവേ കടം എന്ന് മാത്രം നാം അർത്ഥം വെച്ച് പോരുന്ന دين ، قرض തമ്മിലുള്ള വിത്യാസങ്ങൾ برد ،ثلج തമ്മിലുള്ള വിത്യാസങ്ങൾ etc... എല്ലാം പ്രത്യേകം ഓർമപെടുത്തും.
മാത്രമല്ല ഈ ശ്രദ്ധ അഇമ്മത്തുകളുടെ പേരു പറയുമ്പോയും ഉണ്ടാകാറുണ്ട്, ചരിത്രം പരതും, മുസന്നിഫീങ്ങളുടെ നാടും വീടും, ആ നാടിന്റെ സ്ഥാപകൻ, ഇന്ന് ഏത് പേരിൽ അറിയപ്പെടുന്നു… എന്നിങ്ങനെയുള്ള വിവരങ്ങളറിയാൻ മുഅജമുൽ ബുൽദാനും നിസ്ബയുടെ മറ്റ് ഒട്ടനേകം രചനകളും ഗൂഗിൽ മാപ്പും നോക്കി ഉറപ്പിക്കും .
ബദ്‌രീങ്ങളും ഉഹ്ദീങ്ങളുമടക്കമുള്ള സ്വഹാബത്തിന്റെ പേരുകൾ ശരിയായി ഹറകതുകൾ അവലംബ സഹിതം ശരിപ്പെടുത്തിയിട്ടുണ്ട്
മുഹമ്മദ് നൂവി അൽജാവി എന്നല്ല മുഹമ്മദ് നവവി അൽജാവി എന്നാണന്ന് തെളിവിന്റെ പിൻബലത്തിൽ സമർത്ഥിക്കും.
അലനെല്ലൂർ അബ്ദുള്ള ഉസ്താദ് ഫൂറാനിയ് എന്നാണ് വായിക്കാറെന്നും, ചെറുശ്ശോല ഉസ്താദ് എഴുതി വെച്ചത് غزّالي എന്ന് ശദ്ദോട് കൂടെയാണെന്നും ഇങ്ങനെ എത്ര എത്ര തഹ്ഖീഖുകൾ.
അസ്ഫഹാൻ, ഇസ്ഫഹാൻ, അസ്ബഹാൻ, ഇസ്ബഹാൻ എല്ലാം ഒന്നാണെന്നും ബാഫഖീഹ്, ബൽ ഫഖീഹ്, ബിൽ ഫഖീഹ് മൂന്നും മൂന്നാണെന്നും മൂന്ന് ഗേത്രങ്ങളുടെ പേരാണെന്നും, അറബിയിൽ അബൂബക്കർ എന്നല്ല അബൂബക്ർ സൂകൂൻ കൊണ്ടാണെന്നും എന്നിങ്ങനെ തുടങ്ങിയ എത്ര എത്ര ശ്രദ്ധയൂന്നലുകൾ.
ഫിഹ്‌രിസ്‌ത്ത്, സബത്ത്, സീറത്തു ദാത്തിയ്യ എല്ലാം ഒന്നാണ്; നാടുമാറുന്നിതിനനുസരിച്ച് പ്രയോഗം വിത്യാസപെട്ടതാണ് പാശ്ചാത്യർ ഫിഹ്‌രിസ്‌ത്ത് എന്നും പൂർവദേശക്കാർ സീറത്തുദാത്തിയ്യ എന്നും മധ്യദേശക്കാർ സബത്ത് എന്നും പറയും , തങ്ങന്മാരെ സംബന്ധിച്ചും സയ്യിദ് ഹബീബ് ശരീഫ് എന്നിവ നാട് മാറിയുള്ള പ്രയോഗങ്ങളാണെന്നും എല്ലാം ഒന്നാണന്നും പറയും .
അറബിയിൽ മാത്രമല്ല മലയാളത്തിലും ഇത്തരം തിരുത്തലുണ്ടാകും; ഹസ്സൻ എന്നല്ല ഹസൻ ആണ്, അന്യരിക്കുക എന്നല്ല അന്യയിക്കുക എന്നാണ്, പ്രവർത്തി അല്ല പ്രവൃത്തി എന്നാണ്, പ്രവൃത്തിക്കുക എന്നല്ല പ്രവർത്തിക്കുക എന്നാണ്. ഹാർദ്ദവമായി എന്നല്ല ഹാർദ്ദമായി എന്നാണ് എന്നിങ്ങനെ മലയാളത്തിലും തിരുത്തുണ്ടാകും.
ഒരിക്കൽ ഉസ്താദ് പറഞ്ഞതോർക്കുന്നു : അൽഫിയ ഓതുമ്പോൾ മലയാളം - മലയാളം ഡിക്ഷ്ണറിയായ ശബ്ദതാരാവലിയും കൂടെ കൂട്ടിയിട്ടുണ്ടെന്ന്, ചെറിയ നോട്ടത്തിൽ തന്നെ മൻഹലിൽ 300 പിഴവുകൾ കണ്ടു എന്നത് ഭാഷയിലുള്ള പ്രാവീണ്യത്തെ മനസ്സിലാക്കിത്തരുന്നു.
മലയാള ഡിക്ഷണറിക്ക് ഒരുപാട് പരിമിതികളുണ്ട്; ഉദാഹരണം പറയും “يربوع എന്നതിന് മൻഹലിൽ കൊടുത്ത അർത്ഥം പെരുച്ചാഴി എന്നാണ്. കിതാബുകളിൽ കാണാം يربوع നെ ഭക്ഷിക്കാം, ഡിക്ഷണറി അർത്ഥം നോക്കി നിന്നാൽ പെരുച്ചാഴിയെ തിന്നേണ്ടിവരും, يربوع എന്നാൽ വെള്ളപെരുച്ചാഴി എന്നാണർത്ഥം, വയറിന്റെ ഭാഗത്ത് വെളുപ്പും വാലിൽ കൊടിപ്പുമുണ്ടാകും, തിന്നപ്പെടാത്ത പെരിച്ചാഴി; പന്നി പെരിച്ചാഴി എന്ന് പറയും.
'പഴയ ഉസ്താദുമാരുടെ അർത്ഥങ്ങൾക്ക് വലിയ വില 'നൽകിയിരുന്നു; പൊന്നുംങ്കട്ട ഉസ്താദിന്റെ ഫത്ഹുൽ മുഈനിൽ വക്കിൽ അറബി മലയാളത്തിൽ എഴുത്തിവെച്ച മലയാള അർത്ഥങ്ങൾ മുഴുവനും ഒരു നോട്ട് ബുക്കിൽ എഴുതിപ്പിച്ചടുത്തിരുന്നു.
കിതാബുകളുടെ അർത്ഥങ്ങൾക്ക് കൂടുതലായും മുഖ്താറും മിസ്ബാഹുമാണ് അവലംബിച്ചത്.
ഇബാറത്തുകളെ ഹല്ല് ചെയ്ത ഉസ്താദ്; ജീവിതവും അളന്ന് മുറിച്ച് ചിട്ടപെടുത്തി ജീവിച്ച് കാണിച്ചു. വാക്കും പ്രവൃത്തിയും എതിരാകാതെ സൂക്ഷിച്ചു.
റൂഹുൽ ബയാനിൽ നിന്നും "അൽ ബറക" യിൽ നിന്നും മഞ്ഞ ചെരുപ്പിന്റെ മഹത്വം പറഞ്ഞ ഉസ്താദ് അത് ജീവിതത്തിൽ സൂക്ഷിച്ചു.
തലപ്പാവിൽ വാലിന്റെ മഹത്വം തഴവബൈത്തുകളിലൂടെ പാടി പറയും.
സാന്ദർഭികമായി ഒന്നുണർത്താം. വാലിന്റെ അളവ് എത്ര എന്ന ചർച്ചയിൽ ഉസ്താദിന്റെ മറുപടി; 4 വിരൽ എന്നതാണ്. ഇവിടെ വിശദീകരണമായി പറയും; 4 വിരൽ വെക്കുന്നതിൽ 2 വീക്ഷണങ്ങളുണ്ട്. ഒന്ന്: നീളത്തിലായാണ്. രണ്ട്: ഒന്നിനുമീതെ ഒന്നായാണ്, ഇതാണ് കഴിഞ്ഞ് പോയ ആലിമീങ്ങളുടെ തലപ്പാവിന്റെ വാലിൽ വലിപ്പചെറുപ്പത്തിന്റെ കാരണമെന്നും പറയും. ഇത് താടിയിലുമുണ്ടെന്ന് സൂചിപ്പിക്കും.
താടി വെട്ടാൻ പാടുണ്ടോ? പാടില്ലേ?
പാടുണ്ടെന്ന് പറഞ്ഞവർ ഒരു പിടി നിർത്തി ബാക്കി വെട്ടാം.. ഈ ഒരു പിടി എങ്ങനെ?..
ഇതിലുള്ള വീക്ഷണ വ്യത്യാസമാണ് മുൻ കഴിഞ്ഞ പണ്ഡിതരിൽ ചിലർ നേരിയ താടിയിൽ ഒതുക്കിയെതന്ന് പറയും.
നിസ്കാരത്തിൽ കൈ അൽപ്പം ഇടത്തോട്ട് തെറ്റി നടുവിരലും ചൂണ്ടുവിരലും നേരെ പിടിച്ച് തള്ളവിരൽ കൊണ്ടും ചെറുവിരൽ ബിൻസർ എന്നീ വിരലുകളെ കൊണ്ട് മണിബന്ധം പിടിക്കും; മറാഖിയ ഉബൂദിയയിൽ ഇങ്ങനെയാണ് മുഹമ്മദ് നവവി അൽ ജാവി റഹിമഹുല്ലാഹ് ഉണർത്തിയതെന്ന് പറയും.
സുബ്ഹിയുടെ ഖുനൂത്തിൽ
رب اغفر وارحم وأنت أرحم الراحمين
എന്നാണ് പറയുക,
خير الراحمين
എന്നാണ്, ഒന്നും പറയരുത് എന്നല്ലാം ചർച്ച ഉള്ളതാണല്ലോ…
ഒരു വെള്ളിയാഴ്ച്ച മൂന്ന് നാല് ഉസ്താദുമാർ വന്നതോർക്കുന്നു. ഇബ്നു ഹജർ റഹിമഹുല്ലാഹ് ഖുനൂത്തിൽ
رب اغفر وارحم وأنت أرحم الراحمين എന്ന് പറഞ്ഞ ആ സ്ഥലം കണാനാണ് വന്നത് എന്ന് പറഞ്ഞപ്പോൾ; ഉസ്താദ് മക്തബയിൽ നിന്നും ഇംദാദിന്റെ കൈ എഴുത്ത് പ്രതി മറിച്ച് ആ സ്ഥലം കാണിച്ച് കൊടുത്തു. ബിഗ്‌യയിലും, കരിങ്കപ്പാറ ഉസ്താദ് അവിടുത്തെ ഫത്ഹുൽ മുഈനിന്റെ വക്കിലും ഇത് എഴുതിവെച്ചതുമാണല്ലോ. അവർ വളരെ സന്തോഷത്തോടെ ഇറങ്ങി പോകുന്നത് കണ്ടതോർക്കുന്നു.
നിസ്കാരത്തിൽ സലാം വീട്ടുമ്പോൾ; വലത്തോട്ട് തിരിയുമ്പോൾ സ്വർഗം കൊണ്ടുള്ള വിജയത്തെയും ഇടത്തോട്ട് തിരിയുമ്പോൾ നരകത്തിൽ നിന്നുള്ള രക്ഷയെയും അല്ലാഹുവിനോട് ചോദിക്കും. ശേഷം ചൊല്ലി പറഞ്ഞ് തലതടവും, തടവൽ മുഖത്തിലൂടെ താടി വരെ നീളും. സുബ്ഹിക്കും, മഗ്‌രിബിനും 10 ഉം 7 ഉം വട്ടം ചൊല്ലേണ്ട ദിക്ർ മറ്റ് വഖ്തുകളിലും ചൊല്ലും, തർഷീഹും അൽബാഖിയാത്തുസ്വാലിഹാത്തും അവലംബം പറയും.
33 ദിക്റുകൾക്ക്; ഹദ്ദാദ് തങ്ങൾ ത്വരീഖത്തുസ്സഹ് ലയിൽ പറഞ്ഞപ്രകാരം വലതു കൈയ്യിന്റെ മുസബ്ബിഹവിരലിൽ നിന്നും തുടങ്ങി ഓരോ കെണിപ്പുകളിലും തള്ളവിരൽ കൊണ്ട് എണ്ണം പിടിച്ച് ഇപ്രകാരം ഇടതു കൈയ്യിലും എണ്ണം പിടിച്ച് പിന്നെ ബിൻസർ (ചെറുവിരലിന്റെ അടുത്തുള്ള വിരൽ) വിരലിൽ തീരുന്ന രൂപ പ്രകാരമായിരുന്നു .
തഹ്‌ലീല് നിർത്തി നിർത്തിയാണ് ചൊല്ലുക;
لاإله إلا الله
ശ്വാസം വിട്ട് 10 എണ്ണം ഓരോന്നും വിരലുകൾ കൊണ്ട് എണ്ണം പിടിക്കും, തിർമിദിയിൽ കൽപന 10 വട്ടം
لا إله إلا الله
ചൊല്ലാനെന്ന് പറയും.
എന്നാൽ ഹദ്ദാദിൽ 25 പ്രാവശ്യം രണ്ടും കൂട്ടിയാണ് ചൊല്ലുക;
لا إله إلا الله لا إله إلا الله
അങ്ങനെയാണ് ഹദ്ദാദ്ന്റെ നുസ്ഖകളിൽ രേഖപെടുത്തിയതെന്ന് പറയും.
ഹദ്ദാദ് ചെല്ലുമ്പോൾ ചൊല്ലി കൊടുക്കുന്നവൻ ഖിബ്‌ലക്ക് പിന്തിരിഞ്ഞും ഏറ്റ് ചൊല്ലുന്നവർ ഖിബ് ലക്ക് തിരിഞ്ഞുമാണ് ചൊല്ലേണ്ടതെന്ന് ശാലിയാത്തി ഓറുടെ ശറഹ് ഉദ്ധരിച്ച് ഉസ്താദ് നിർദ്ദേശിക്കും.
താടി ചീകുമ്പോൾ വലത് ഭാഗം ഫാത്തിഹ ഓതിയും ഇടത് ഭാഗം ألم نشرح സൂറത്ത് ഓതിയും ചീകും. കോട്ടുവാ ഇടുമ്പോൾ വായപൊത്തി أعوذ ചൊല്ലാനും, കൈ മുസാഫഹത്ത് ചെയ്യുമ്പോൾ തള്ളവിരലുകൾ ചേർത്ത് പിടിച്ചുള്ള രൂപമാണ് മുസാഫഹത്തിൻ്റേതെന്നും, പുതിയ വസ്ത്രം വാങ്ങിയാൽ കാഫിറൂനയും ഇഖ്ലാസും സൂറത്തുൽ ഖദ്റും 11 പ്രാവശ്യം ഓതി വെള്ളത്തിൽ ഊതി വസ്ത്രത്തിൽ കുടയാൻ പറയും. ഇതിനെല്ലാം അവലംബം പറഞ്ഞ് ഉണർത്തും.
സമദ് സഖാഫി ഉസ്താദ് പറഞ്ഞതായി ഒരു കൂട്ടുകാരൻ പറഞ്ഞത് ഓർക്കുന്നു; റബിഉൽ അവ്വൽ 9 ന് സ്വന്തം വീട് കുടിയിരിക്കലിന് ഉസ്താദിനെ വിളിച്ച് വലിയ പണ്ഡിതനായ ആദിൽ ജിഫ്രി അവർകളോട് ബന്ധപെട്ട് യമനിലെ വീട് കുടിയിരിക്കലിന്റെ വളീഫ ചോദിച്ചറിയാൻ നിർദ്ദേശിച്ചതും, കുടിയിരിക്കലിന് ശേഷം ആദിൽ ജിഫ്രി അവർകൾക്ക് ഹദ്‌യ നൽകിയതും...
എന്തൊരു ചിട്ടയായിരുന്നു ഉസ്താദിന്... ചെയ്യുന്നതെന്തും പരിപൂർണ്ണമാകണമെന്ന അവിടുത്തെ വലിയ ആഗ്രഹമായിരുന്നു അതിന് പിന്നിൽ.
മരണവും മരണാനന്തര ശേഷം അതും പരിപൂർണമാകാൻ മുന്നേ എഴുതി വെച്ച വസ്വിയത്ത് പോലെയായിരുന്നു മരണാനന്തര ജീവിതം സന്തോഷപ്രദമാകാൻ എന്ന കൃതി. ഉപ്പയുടെ മരണാനന്തരകർമ്മങ്ങളിൽ പങ്കെടുക്കാൻ കഴിയാതെപോയ ദുഖത്തിൽ, ഉപ്പ മരിച്ചു നാല്പതുദിവസം പൂർത്തിയാകുന്നതിനുമുന്നേ, 100-ലേറെ കിതാബുകളടിസ്ഥാനമാക്കി ശൈഖുന ഉസ്താദ് എഴുതിപ്പൂർത്തിയാക്കിയ രചനയാണത്.
ഉസ്താദിനായി ശിഷ്യർ ഓതിയതും, ഓതി കൊണ്ടിരിക്കുന്നതുമായ ഖതമുകൾ 1000 ലധികമാണ്. മുഖത്തെഴുത്തും, ഇഖ്ലാസും, തഹ്‌ലീലും, സുബ്ഹാനല്ലാഹിൽ അളീമും, ഇശ്തിറാഉന്നഫ്സും, സ്വലാത്തുൽ ഉൻസും, പച്ച മടൽ നടൽ അടക്കം ആ കൃതിയെ ആധാരമാക്കി ചെയ്യാൻ കഴിയുന്നതല്ലാം ചെയ്ത് കൊണ്ട് യാത്രയപ്പ് സമ്പൂർണമാക്കിയിട്ടുണ്ട്.
അല്ലാഹു പാരത്രിക ജീവിതം പരിപൂർണ്ണമായ സുഖത്തിലും സന്തോഷത്തിലുമാക്കി ക്കൊടുക്കട്ടെ എന്ന് ദുആ ചെയ്യാം... ആമീൻ
Comments
Post a Comment