പഴമക്കാരുടെ രീതികൾ; സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടവ
പഴമക്കാരുടെ രീതികൾ;
സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടവ
✍️
അഷ്റഫ് സഖാഫി പളളിപ്പുറം .
________________________
എന്നാൽ, ഇങ്ങനെ ജുമുഅഃക്ക് മുമ്പുള്ള ബാങ്കിനെ പറ്റി നമ്മുടെ കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ പരാമർശമുണ്ട്.
ശാഫിഈ മദ്ഹബിൽ ഇത് സുന്നതില്ലെന്നതാണ് പ്രബലം. അങ്ങനെയാവാം എന്ന് അപ്രബലമായ ഒരു വീക്ഷണവും ഉണ്ട്. എന്നല്ല, ഹമ്പലീ മദ്ഹബിൽ ളുഹ്റിൻ്റെ മുമ്പ് തന്നെ ജുമുഅഃക്ക് സമയമായി എന്നതാണ്. സൗദിയിൽ നേരത്തെ ബാങ്ക് വിളിക്കുന്നത് ഇതനുസരിച്ചാണെന്ന് മനസ്സിലാക്കണം. എന്നാൽ, ശാഫിഈ മദ്ഹബുകാരായ നമ്മൾ അവിടെപ്പോയി ജുമുഅഃക്ക് മുമ്പുള്ള സുന്നത് നിസ്കരിക്കുന്നത് ശ്രദ്ധിക്കണം. നമ്മുടെ മദ്ഹബനുസരിച്ച് ളുഹ്റിൻ്റെ സമയത്തേ ജുമുഅഃയുടേയും സമയമാകുന്നുള്ളൂ. അതിന് മുമ്പ് സുന്നത് നിസ്കരിക്കരുത്. ഇനി ഹമ്പലീ മദ്ഹബിനെ അനുകരിച്ചാലും നിസ്കരിക്കാൻ പറ്റില്ല. കാരണം, അവരുടെ മദ്ഹബിൽ ജുമുഅഃക്ക് മുമ്പ് സുന്നത് നിസ്കാരമില്ല. രണ്ട് മദ്ഹബും കൂട്ടിക്കുഴച്ച് (തൽഫീഖ് ) ഒരു ഇബാദത് ചെയ്യാൻ പറ്റില്ലല്ലോ.
ഇമാം ശാഫിഈ(റ) പറയുന്നു:
(قَالَ الشَّافِعِيُّ): - وَلَا يُؤَذَّنُ لِصَلَاةٍ غَيْرِ الصُّبْحِ إلَّا بَعْدَ وَقْتِهَا؛ لِأَنِّي لَمْ أَعْلَمْ أَحَدًا حَكَى عَنْ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَنَّهُ أَذَّنَ لَهُ لِصَلَاةٍ قَبْلَ وَقْتِهَا غَيْرَ الْفَجْرِ وَلَمْ يَزَلْ الْمُؤَذِّنُونَ عِنْدَنَا يُؤَذِّنُونَ لِكُلِّ صَلَاةٍ بَعْدَ دُخُولِ وَقْتِهَا إلَّا الْفَجْرَ. اه
(كتاب الأم: ١/١٠٢)
(قَالَ: الشَّافِعِيُّ - رَحِمَهُ اللَّهُ تَعَالَى -): وَلَا يُؤَذَّنُ لِلْجُمُعَةِ حَتَّى تَزُولَ الشَّمْسُ. اه
(كتاب الأم - ١/٢٢٤)
ഇബ്നു ഹജർ(റ) പറയുന്നു:
وَأَذَانُ الْجُمُعَةِ الْأَوَّلُ لَيْسَ كَالصُّبْحِ فِي ذَلِكَ خِلَافًا لِمَا فِي الرَّوْنَقِ؛ لِأَنَّهُ لَا مَجَالَ لِلْقِيَاسِ فِي ذَلِكَ عَلَى أَنَّهُ نُوزِعَ فِي نِسْبَةِ الرَّوْنَقِ لِلشَّيْخِ أَبِي حَامِدٍ. اه
(تحفة: ١/٤٧٧)
സ്വുബ്ഹിൽ സമയമാകും മുമ്പ്, അർദ്ധരാത്രി കഴിഞ്ഞ ശേഷം, തഹജ്ജുദിൻ്റെ സമയത്ത് ഒരു ബാങ്ക് വിളിക്കാം. സ്വുബ്ഹിന് വേണ്ടി മറ്റൊരു ബാങ്കും. ഇതിന് വേണ്ടി രണ്ട് മുഅദ്ദിനുകളെ നിയമിക്കലും സുന്നതുണ്ട്. എന്നാൽ ഇങ്ങനെ സമയമാകും മുമ്പുള്ള ബാങ്ക് സ്വുബ്ഹിൽ മാത്രമേ വേണ്ടതുള്ളൂ എന്നാണ് മേലുദ്ധരിച്ച പരാമർശങ്ങളിൽ പറഞ്ഞത്. എന്നാൽ 'റൗനഖ്' എന്ന ഗ്രന്ഥത്തിൽ അങ്ങനെയൊരു വീക്ഷണമുണ്ടെന്ന് പറയുന്നുണ്ട്. പ്രബലമല്ലാത്ത വീക്ഷണങ്ങളനുസരിച്ച് വേണമെങ്കിൽ അമലുകളും ആകാം.
ഇങ്ങനെ വരുമ്പോ ആ ബാങ്ക് വിളിയെ എതിർക്കേണ്ടതില്ല എന്നതാണ് ശരീഅത് നിയമം.
ഇബ്നു ഹജർ(റ) പറയുന്നു:
(وَمِنْ فُرُوضِ الْكِفَايَةِ.... الْأَمْرُ بِالْمَعْرُوفِ)
اي الواجب
(وَالنَّهْيُ عَنْ الْمُنْكَرِ)
أَيْ: الْمُحَرَّمِ، لَكِنْ مَحَلُّهُ فِي وَاجِبٍ أَوْ حَرَامٍ مُجْمَعٍ عَلَيْهِ أَوْ فِي اعْتِقَادِ الْفَاعِلِ. اه
(تحفة: ٩/٢١٧)
നിഷിദ്ധമാണെന്ന് ഇജ്മാഉള്ള കാര്യത്തെ തടയൽ മാത്രമേ നിർബന്ധ ബാധ്യതയായി സമൂഹത്തിനുള്ളൂ. ഇക്കാര്യങ്ങൾ തടഞ്ഞില്ലെങ്കിലേ ഈ സമുദായം കുറ്റക്കാരാവാകയുള്ളൂ. ഇതിനോട് ചേർത്ത് ഒന്നുകൂടെ ശ്രദ്ധിപ്പിക്കട്ടെ, അതായത്, നിർബന്ധമായ കാര്യങ്ങളേ മറ്റൊരാളോട് ചെയ്യാൻ കൽപനാ രൂപത്തിൽ ആവശ്യപ്പെടാവൂ. സുന്നതായ കാര്യങ്ങൾ, സ്വന്തമായി ചെയ്യുകയും മറ്റുള്ളവരോട് ഉപദേശിക്കുകയും ചെയ്യുക. അതാണ് വേണ്ടത്. പഴയകാല ഉലമാക്കളിൽ ഈ ശൈലിയായിരിക്കും ഉയർന്ന് നിന്നിട്ടുണ്ടാവുക. അത് കൊണ്ടാണ് മേൽ ഉദ്ധരണിയിൽ
المعروف
എന്നതിന്
اي الواجب
എന്നും
المنكر
എന്നതിന്
اي الحرام
എന്നും വിശദീകരണം നൽകിയത്. വാജിബിലും ഹറാമിലുമാണ് ബാധ്യത എന്നർത്ഥം. എങ്കിലും, രക്ഷിതാക്കൾക്കും ഗുരുനാഥന്മാർക്കും അവരുടെ മക്കളെയും വിദ്യാർത്ഥികളെയും, സുന്നതുകളും അദബുകളും ശീലിപ്പിക്കാൻ നിർബന്ധ കാര്യങ്ങൾക്ക് പുറമെ, ഇവകളിൽ കാർക്കശ്യം കാട്ടേണ്ടിവരും. ഇത് ഇർശാദിൻ്റെയും തർബിയതിൻ്റെയും ഭാഗമാണ്. എന്നല്ല, പ്രായപൂർത്തി ആവാത്ത കുട്ടികളെ, പല്ല് തേക്കുക തുടങ്ങിയ സുന്നതുകളും മര്യാദകളും ചെയ്യിപ്പിക്കുന്നത് നിർബന്ധവുമാണ്. ഇത് വേറെ തന്നെ ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്.
പറഞ്ഞു വന്നത്, നിഷിദ്ധമാണെന്ന് ഇജ്മാഉള്ളതിനെ തടയുന്നതേ ഉലമാഇന്നും നിർബന്ധമുള്ളൂ. അല്ലെങ്കിൽ, ഹറാമാണെന്ന് വിശ്വസിച്ച് ചെയ്യുന്നവനാണെന്ന് ബോധ്യപ്പെടണം.
ومن القواعد المقررة...... لا ينكر إلا ما أجمع عليه أو اعتقده الفاعل وعلم منه الخ. اه
(بغية المسترشدين-٢٩٧)
ولا لعالم أن ينكر مختلفا فيه حتى يعلم من فاعله أنه حال ارتكابه معتقد تحريمه لاحتمال أنه قلّد من يرى حلّه أو جهل تحريمه. اه
(بغية المسترشدين- ٦٣٩)
ആലിമല്ലാത്തവർക്ക്, ചീത്തയെ എതിർക്കണമെങ്കിലും നിബന്ധനയുണ്ട്. ഇജ്മാഉള്ളതാണെന്ന് പണ്ഡിതർ മുഖേന വിവരം കിട്ടണം. ആലിമിന്ന് ഇജ്മാഉള്ളതായ തെറ്റുകൾ തടയാം. അല്ലാത്ത കാര്യങ്ങളിൽ, അത് അനുവദനീയമാണെന്ന് പറയുന്ന ഇമാമിനെ അനുകരിച്ച് ചെയ്യുന്നവനാകാമല്ലോ എന്ന സാധ്യതയുണ്ട്. അതിനാലാണ് എതിർക്കരുത് എന്ന് പറഞ്ഞത്.
وَلَيْسَ لِعَامِّيٍّ يَجْهَلُ حُكْمَ مَا رَآهُ أَنْ يُنْكِرَهُ حَتَّى يُخْبِرَهُ عَالِمٌ بِأَنَّهُ مُجْمَعٌ عَلَيْهِ أَوْ فِي اعْتِقَادِ الْفَاعِلِ، وَلَا لِعَالِمٍ أَنْ يُنْكِرَ مُخْتَلَفًا فِيهِ حَتَّى يَعْلَمَ مِنْ الْفَاعِلِ أَنَّهُ حَالَ ارْتِكَابِهِ مُعْتَقِدٌ لِتَحْرِيمِهِ كَمَا هُوَ ظَاهِرٌ؛ لِاحْتِمَالِ أَنَّهُ حِينَئِذٍ قَلَّدَ مَنْ يَرَى حِلَّهُ أَوْ جَهِلَ حُرْمَتَهُ، أَمَّا مَنْ ارْتَكَبَ مَا يَرَى إبَاحَتَهُ بِتَقْلِيدٍ صَحِيحٍ فَلَا يَجُوزُ الْإِنْكَارُ عَلَيْهِ. اه
(تحفة: ٩/٢١٨)
എന്നാൽ ഭരണാധികാരി നന്മകൽപിക്കാനും ചീത്ത തടയാനും ഒരാളെ നിയമിച്ചതാണെങ്കിൽ, ദീനിൽ പ്രകടമായി ഉയർന്നു നിൽക്കേണ്ട കാര്യങ്ങളെല്ലാം - സുന്നതാണെങ്കിലും - കൽപിക്കാം:
، أَمَّا هُوَ - اي الْمُحْتَسِبِ - فَيُنْكِرُ وُجُوبًا عَلَى مَنْ أَخَلَّ بِشَيْءٍ مِنْ الشَّعَائِرِ الظَّاهِرَةِ وَلَوْ سُنَّةً كَصَلَاةِ الْعِيدِ وَالْأَذَانِ، وَيَلْزَمُهُ الْأَمْرُ بِهِمَا، وَلَكِنْ لَوْ اُحْتِيجَ إنْكَارُ ذَلِكَ لِقِتَالِ لَمْ يَفْعَلْهُ إلَّا عَلَى أَنَّهُ فَرْضُ كِفَايَةٍ، وَبِهَذَا يُجْمَعُ بَيْنَ مُتَفَرِّقَاتِ كَلِمَاتِهِمْ . اه
(تحفة: ٩/٢١٨)
ചരിത്രത്തിലേക്ക് വരാം, വടക്കേമണ്ണയിലെ ആ ബാങ്കുവിളി എതിർക്കേണ്ടതില്ലെന്ന് വ്യക്തമായല്ലോ. വിശേഷിച്ചും, കുഞ്ഞിപ്പോക്കു മുസ്‌ലിയാരെന്ന സൂക്ഷ്മതയുള്ള വലിയ പണ്ഡിതൻ്റെ കാലത്തേ നടന്നു വരുന്നതും, അവർ എതിർക്കാത്തതുമായ കാര്യമാകുമ്പോൾ ശ്രദ്ധിക്കണം. അവരേക്കാൾ വലിയ ജ്ഞാനിയായി നമ്മൾ ചമയുന്നത് അദബുകേടാണല്ലോ.
അങ്ങനെയിരിക്കെ, ആ പള്ളിയിൽ പിൽക്കാലത്ത് വന്ന ഒരു മുസ്‌ലിയാർ അതിനെ എതിർത്തു. സ്വാഭാവികമായും നാട്ടിൽ രണ്ട് ചേരിയുണ്ടായി. സൂക്ഷ്മാലുക്കളായ പണ്ഡിതന്മാരുടെ കാലത്തേ നിലവിലുള്ള ഇക്കാര്യം ഇപ്പോൾ തെറ്റായതെങ്ങനെ എന്നാണ് ഒരു വിഭാഗം ചിന്തിച്ചത്. മുസ്‌ലിയാർ പറയുന്ന പ്രബല വീക്ഷണത്തെ നടപ്പാക്കണമെന്ന് പറയുന്ന മറ്റൊരു വിഭാഗവും. വിശ്വാസികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുക എന്നത് മാപ്പർഹിക്കാത്ത തെറ്റായിട്ടാണ് കരുതേണ്ടത്. ദിനേന നടത്തേണ്ട ജമാഅതുകളിലും ആഴ്ചയിലെ ജുമുഅഃകളിലുമുള്ള ഒരു ലക്ഷ്യം തന്നെ സമുദായത്തിൻ്റെ ഐക്യമാണ്. മറ്റു മതങ്ങളിൽ ഇല്ലാതെ പോയതും ഇതാണ്. ഈ ഐക്യം ദുർബലപ്പെടുന്നിടത്താണ് മുസ്‌ലിംകളിലെ എല്ലാ പ്രശ്നങ്ങളും.
ഈ ബാങ്കുവിളിയുടെ കാര്യത്തിൽ ഇരാവിഭാഗവും തമ്മിൽ പ്രശ്നം രൂക്ഷമായി. ആയിടക്കാണ് സ്വദഖതുല്ലാഹ് ഉസ്താദ് അവിടെ വന്നത്. ഓർ താമസിച്ചിരുന്നത് വണ്ടൂരിലാണെങ്കിലും സ്വന്തം നാടായ കോഡൂരിലേക്ക് ഇടക്ക് വരാറുണ്ടായിരുന്നു (കോഡൂരും വടക്കേമണ്ണയും തൊട്ടടുത്ത പ്രദേശങ്ങളാണ്). വെറ്റില മുറുക്കാനും ചായ കുടിക്കാനും ചെറുതായൊന്ന് കുശലം പറയാനും അന്നാട്ടിലെ ഒരു കടയിൽ അൽപ നേരം ഇരിക്കുക ഓറുടെ ഒരു രീതിയാണ്. ഇങ്ങനെ കടയിൽ ഇരിക്കുമ്പഴാണ് പ്രസ്തുത മുസ്‌ലിയാർ അവിടെ എത്തിയത്. സർവ്വരാലും ആദരണീയനായ ഓർ, മുസ്‌ലിയാരോട് ഉപദേശിച്ചു:
"എന്തിന് വെറുതെ നാട്ടിൽ പ്രശ്നമുണ്ടാക്കണം ! മൂത്താപ്പയുടെ കാലത്തേ നടപ്പുള്ളതല്ലേ..?"
മുസ്‌ലിയാർ: ഇമാം ശാഫിഈ(റ) പറഞ്ഞതല്ലേ അങ്ങനെയൊരു ബാങ്ക് വേണ്ടെന്ന്. അതിൻ്റെ പേരിൽ ഇമാം ശാഫിഈ(റ) പ്രശ്നമുണ്ടാക്കിയെന്ന് പറയുന്നെങ്കിൽ, ഞാനും പ്രശ്നമുണ്ടാക്കും.. "
ഓർ: "എന്നാ, നീ പ്രശ്നമുണ്ടാക്കിക്കൊ."
ഇതും പറഞ്ഞ് ഓർ വീട്ടിലേക്ക് നടന്നു.
ഓർ വീട്ടിലെത്തും മുമ്പേ, ഈ മുസ്‌ലിയാരും പള്ളിക്കമ്മിറ്റി അംഗവുമായി ഒരു വാക്കേറ്റം നടക്കുകയും അയാൾ ഇദ്ദേഹത്തെ അങ്ങാടിയിൽ വെച്ച് അടിക്കുകയും ചെയ്തു.
ഇത് മുസ്‌ലിയാരെ സംബന്ധിച്ച് അപമാനമായെന്ന് പറയണ്ടേതില്ലല്ലോ.
ദീനിൻ്റെ കാര്യത്തിലെ ആവേശമൊക്കെ നല്ലതാണ്. പക്ഷെ, അതിനേക്കാൾ വലിയ കോട്ടം അപ്പുറത്തുണ്ടെങ്കിൽ ഈ ആവേശം ഒരു ദുരന്തവുമാണ്. മുൻ കഴിഞ്ഞ ഉലമാഇനെ പറ്റി ഈ ബാങ്ക് തടയാത്തവരെന്ന മോശം ചിന്ത ജനങ്ങളിൽ ഉണ്ടാവുക, വിശ്വാസി ഹൃദയങ്ങളെ പരസ്പരം അകറ്റുക എന്നീ കാരണങ്ങളാണ് ഇവിടെയുണ്ടായ ദുരന്തത്തിന് കാരണം. പുറമെ, സ്വദഖതുല്ലാ ഉസ്താദിനോട് അപമര്യാദയായി പെരുമാറിയതും.
ബാങ്ക് വിളിയുമായി ബന്ധപ്പെട്ട് സമാനമായ പ്രശ്നം തന്നെ തെക്കൻ കേരളത്തിൽ നിന്നും സ്വദഖതുല്ലാഹ് ഉസ്താദിനോട് ഫത്‌വാ ചോദിച്ചതും, പഴയ കാലത്തേ വഴക്കമുള്ള ആ ബാങ്ക് വിളി തുടരാമെന്ന് മറുപടി കൊടുത്തതും ഉണ്ട്. ഓറുടെ ഫതാവായിൽ ഇത് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്:
ചോദ്യം: ചില പ്രദേശങ്ങളിൽ ജുമുഅഃയുടെ ഒന്നാം ബാങ്ക്, സമയമാകുന്നതിൻ്റെ മുമ്പ്
കൊടുക്കാറുണ്ട്. അത് സാധുവാകുമോ ? സാധുവാകുന്നില്ലെങ്കിൽ അത് തടയേണ്ടതുണ്ടോ?
ഉത്തരം: "ജുമുഅഃക്ക് ഉച്ചതിരിയുന്നതിന്റെ മുമ്പായി ബാങ്ക് കൊടുക്കൽ ജാഇസാകുമെന്ന് 'ബാഫസല്' എന്ന കിതാബിൽ പ്രസ്താവിച്ചിട്ടുണ്ട്. പക്ഷേ, അതിന്റെ ശറഹിൽ ഇമാം ഇബ്നു ഹജർ(റ) പറഞ്ഞതിപ്രകാരമാണ്: "മറ്റു നമസ്കാരങ്ങളുടേതു പോലെതന്നെ അതും വഖ്ത് ആയതിന്റെ ശേഷമാവണമെന്നാണ് 'ഔജഹ്'. (ശറഹ് ബാഫസല് - 1/148)
ബാ ഫസലിൽ പറഞ്ഞത് ആണെങ്കിലും 'ളഈഫ്' ആണെങ്കിലും അതനുസരിച്ചാണ് പ്രഗൽഭ പണ്ഡിതന്മാരുടെ അറിവോടുകൂടി ജുമുഅക്ക് അരമണിക്കൂർ മുമ്പ് ചില രാജ്യങ്ങളിൽ ബാങ്കു വിളിക്കുന്നത്. സ്വന്തം അമലിന് ളഈഫ് മതിയാകുമല്ലോ. ഈ തത്വം മനസ്സിലാക്കാതെ ചില രാജ്യങ്ങളിൽ അൽപജ്ഞാനികൾ കുഴപ്പമുണ്ടാക്കാറുണ്ട്. അല്ലാഹു കാക്കട്ടെ.. "
എന്ന് കരുതി, ഇതൊന്നും ഇനി എല്ലായിടത്തും നടപ്പാക്കാൻ ആരും മുതിരണ്ട. നടന്നു പോന്ന വഴക്കത്തിന് ന്യായം കണ്ടെത്തിയതാണിത്.
നാദാപുരം പള്ളിയിലെ വിത്ർ നിസ്കാരവും കരിഞ്ചാപാടി പള്ളിയിലെ മആശിറ വിളിയും അടുത്ത പോസ്റ്റിൽ എഴുതാം.
إن شاء الله
അല്ലാഹു അവൻ്റെ ഇഷ്ടക്കാരിൽ നമ്മെ ചേർക്കട്ടെ - ആമീൻ.
(കേട്ടെഴുത്ത്:
അബൂ ഹസന: ഊരകം)
💫
Comments
Post a Comment