നിങ്ങൾക്ക് 'ഈറ' പിടിക്കാറുണ്ടോ ?

നിങ്ങൾക്ക് 'ഈറ' പിടിക്കാറുണ്ടോ ?

🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴

മലപ്പുറത്തുകാർക്ക് അർത്ഥം തിരിഞ്ഞു കാണും. 'ദേഷ്യം പിടിക്കുക' എന്നതിന് 'ഈറ പിടിക്കുക' എന്ന് പ്രയോഗമുണ്ട് അന്നാട്ടുകാരായ ഞങ്ങൾക്ക്. ഇത് ശരിക്കും അറബ് ശബ്ദമാണ്. ٌغَيْرَةٌ എന്നത് ലോപിച്ച് വന്നതാകാനാണ് സാധ്യത. എങ്കിലും അറബിയിൽ സാധാരണ ദേഷ്യത്തിനല്ല ഈ പദം പ്രയോഗിക്കുക. തൻ്റേത് സ്വന്തമെന്ന് കരുതി വെച്ചതിൽ മറ്റൊരാൾ കൈകടത്തിയാലുണ്ടാകുന്ന മാനസികാവസ്ഥയില്ലേ, ദേഷ്യം - ഇളകിപ്പുറപ്പെടുന്ന ദേഷ്യം, അതാണ് ഇത്. സാധാരണ ദേഷ്യത്തിന് غضب എന്നാണ് പറയുക. ഇത് വേർതിരിച്ചറിയാൻ, സ്വന്തം ഭാര്യയെ മറ്റൊരാൾ അന്യായമായി തൊട്ടാൽ, പിടിച്ചാൽ, മാന്യന്മാർക്കുണ്ടാകുന്ന രോഷം മനസ്സിലാക്കിയാൽ മതി. അതിന് غَيْرَةٌ എന്ന് പറയും. കാരണം തൻ്റെ സ്വന്തമായതിൽ കൈ കടത്തിയപ്പോൾ ഉണ്ടായതാണത്.

الغيرة - هِيَ مُشْتَقَّةٌ مِنْ تَغَيُّرِ الْقَلْبِ وَهَيَجَانِ الْغَضَبِ بِسَبَبِ الْمُشَارَكَةِ فِيمَا بِهِ الِاخْتِصَاصُ، وَأَشَدُّ مَا يَكُونُ ذَلِكَ بَيْنَ الزَّوْجَيْنِ.اه‍ 
(فتح الباري: ٩/٣٢٠)

ഈ സ്വഭാവത്തെക്കുറിച്ച് ഒരു അദ്ധ്യായം തന്നെ സ്വഹീഹുൽ ബുഖാരിയിൽ കാണാം. അതിലെ ഒരു ഹദീസ് ഇങ്ങനെ:

قَالَ سَعْدُ بْنُ عُبَادَةَ: لَوْ رَأَيْتُ رَجُلًا مَعَ امْرَأَتِي لَضَرَبْتُهُ بِالسَّيْفِ غَيْرَ مُصْفَحٍ، فَقَالَ النَّبِيُّ صلى الله عليه وسلم: أَتَعْجَبُونَ مِنْ غَيْرَةِ سَعْدٍ؟ لَأَنَا أَغْيَرُ مِنْهُ، وَاللَّهُ أَغْيَرُ مِنِّي. (رواه البخاري)

സഅ്ദ് ബ്നു ഉബാദഃ(റ) പറഞ്ഞു: " എൻ്റെ പത്നിയോടു കൂടെ വല്ലവനെയും കണ്ടാൽ വെട്ടിക്കളയും ഞാൻ .." ഇത്കേട്ട തിരുനബി(സ്വ) തങ്ങൾ പറഞ്ഞു: "സഅ്ദിൻ്റെ ഈ غَيْرَة ൽ നിങ്ങൾ ആശ്ചര്യപ്പെടുന്നോ ?  തീർച്ചയായും ഞാൻ അദ്ദേഹത്തേക്കാൾ غَيْرَة ഉള്ള ആളാണ്. അല്ലാഹു തആലാ എന്നേക്കാളും.."

അത് കൊണ്ടായിരുന്നല്ലോ തെറ്റുകൾ കാണുമ്പോൾ തിരുനബി(സ്വ) തങ്ങൾക്ക് ദേഷ്യം വരുന്നതും മുഖം വിവർണ്ണമാകുന്നതും. 

ഇപ്പറഞ്ഞ ഹദീസ് ശ്രദ്ധിച്ചിരിക്കുമല്ലോ. തൻ്റെ ഭാര്യയുടെ കാര്യത്തിലെ കണിശത. എന്നാൽ ഇന്ന്, വളരെ അശ്ലീലമെന്ന് തന്നെ പറയട്ടെ, സ്വന്തം പെൺമക്കൾ, ശരീരത്തിൻ്റെ വടിവും കാണിച്ച് തലമറക്കാതെ, അണിഞ്ഞൊരുങ്ങി പരസ്യ പ്രകടനം നടത്തുന്നതിന് ഒരു പ്രശ്നവുമില്ലാത്ത രക്ഷിതാക്കൾ! ഫ്രണ്ട്സെന്ന പേരും പറഞ്ഞ് സകല ലീലാവിലാസങ്ങൾക്കും അവസരമൊരുക്കുന്നതിൽ ഒരു അന്താളിപ്പുമില്ലാത്തവർ! സ്വന്തം ഭാര്യയെ പ്രദർശന വസ്തുവാക്കുന്നവർ, അന്യർക്ക് ഹസ്തദാനം കൊടുക്കുന്നത് നോക്കി നിൽക്കുന്ന മൂഢന്മാരായ ഭർത്താക്കന്മാർ! ഇവരുടെയെല്ലാം കാര്യമോർത്ത് പരിതപിക്കാനേ ഇന്ന് കഴിയുന്നുള്ളൂ. ഈമാനിൻ്റെ പകുതിയെന്നോണം പരിചയപ്പെടുത്തിയ ലജ്ജ പാടെ ഇല്ലാതായിരിക്കുന്നു, അല്ല ഇല്ലാതാക്കിയിരിക്കുന്നു! പടച്ച റബ്ബേ, ഞങ്ങളെയും മക്കളെയും ബന്ധപ്പെട്ടവരെയും എല്ലാ ഫിത്‌നകളിൽ നിന്നും കാക്കണേ... നിന്നിൽ അഭയം !

അല്ലാഹുവിൻ്റെ غَيْرَة - അവൻ്റെ സൃഷ്ടികളായ നാം തെറ്റുകൾ ചെയ്യുമ്പോഴാണെന്ന് മറ്റൊരു ഹദീസിൽ വന്നിട്ടുണ്ട്:

عن أَبَي هُرَيْرَةَ رضي الله عنه عَنْ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ: " إِنَّ اللَّهَ يَغَارُ وَغَيْرَةُ اللَّهِ أَنْ يَأْتِيَ الْمُؤْمِنُ مَا حَرَّمَ اللَّهُ"  
(رواه البخاري)

നമ്മൾ റബ്ബിൻ്റെ സ്വന്തം അടിമകളാണ്. ആ സ്വന്തത്തിൽ തെറ്റുകൾ കാണുമ്പോൾ രോഷമുണ്ടാവുക എന്ന നിലയിൽ ആദ്യത്തെ നിർവ്വചനത്തിൽ പെടുത്താവുന്നതുമാണ്.
പിന്നെ, അല്ലാഹു തആലാക്ക്, സ്നേഹം - ദേഷ്യം - ഇഷ്ടം തുടങ്ങിയ വിശേഷണങ്ങൾ ഉണ്ടാകാൻ പറ്റില്ല. അവകൾ ഏറ്റവ്യത്യാസം ഉണ്ടാകുന്നതും സ്ഥിരതയില്ലാത്തതുമാണ്. ഇത് സൃഷ്ടികൾക്കേ യോജിക്കൂ. قديم ആയ റബ്ബിന് അസംഭവ്യമായതാണ്. ഇത്തരം പദപ്രയോഗങ്ങൾ റബ്ബിനെക്കുറിച്ച് വന്നിടത്തെല്ലാം - പ്രതിഫലം നൽകുക, ശിക്ഷിക്കുക - തുടങ്ങിയ അർത്ഥം നൽകി വ്യാഖ്യാനിച്ച് മനസ്സിലാക്കൽ നിർബന്ധമാണ്. 

{ إِنَّ ٱللَّهَ یُحِبُّ ٱلۡمُحۡسِنِینَ }
[البقرة- ١٩٥]

"ആത്മാർത്ഥതയുള്ളവരെ അല്ലാഹു വെറുതെയാക്കില്ല.."

{ إِنَّ ٱللَّهَ لَا یُحِبُّ ٱلۡمُعۡتَدِینَ }
[البقرة- ١٩٠]

{ فَإِنَّ ٱللَّهَ لَا یُحِبُّ ٱلۡكَـٰفِرِینَ }
[آل عمران- ٣٢]

{ وَٱللَّهُ لَا یُحِبُّ ٱلظَّـٰلِمِینَ }
[آل عمران- ٥٧]

"നിയമം ലംഘിച്ചവരെയും, സത്യനിഷേധികളെയും, അക്രമികളെയും അല്ലാഹു വെറുതെ വിടില്ല.."

മേൽ പറഞ്ഞ ആയതുകൾക്ക് പ്രതിഫലം നൽകുക, ശിക്ഷിക്കുക എന്ന അർത്ഥത്തെ ഉൾക്കൊള്ളിച്ചു കൊണ്ട്, നാദാപുരം കീഴന ഓർ(റ) ഇങ്ങനെയാണ് അർത്ഥം പറയാറ്. ഇഷ്ടപ്പെടുക എന്നത് പറ്റില്ലല്ലോ. ഇത്തരം ആയതുകൾക്കെല്ലാം മുഫസ്സിറുകൾ മേൽ വ്യാഖ്യാനങ്ങൾ നൽകിയിട്ടുണ്ട്. എന്തിനധികം, സുന്നത് എന്നതിൻ്റെ പര്യായമായി പറയുന്ന محبوب എന്നതിനെ വരെ ഈ വ്യാഖ്യാനം ഓർമ്മിപ്പിച്ചിട്ടുണ്ട് നമ്മുടെ ഇമാമകൾ.

 (قوله: وَمَحْبُوبٌ لِلشَّارِعِ بِطَلَبِهِ) 
أَيْ هُوَ مَطْلُوبٌ لَهُ بِسَبَبِ الطَّلَبِ فَلَيْسَتْ الْمَحَبَّةُ هَاهُنَا بِمَعْنَى الْمَيْلِ بَلْ بِمَعْنَى الطَّلَبِ النَّفْسِيِّ لِأَنَّهَا وَصْفٌ لِلشَّارِعِ فَلَا يُنَاسِبُهُ مَعْنَى الْمَيْلِ لِاسْتِحَالَتِهِ فِي حَقِّهِ تَعَالَى. اه‍ 
(حاشية العطار على شرح المحلي على جمع الجوامع)

അല്ലാഹുവിൻ്റെ ഇഷ്ടക്കാർ എന്ന് സാധാരണയിൽ പ്രയോഗിക്കാറുണ്ടെങ്കിലും, അതെല്ലാം ബാഹ്യാർത്ഥങ്ങളാണ്. 

വിഷയത്തിലേക്ക് വരാം,
ഈ غَيْرَةٌ നമുക്കൊക്കെ വേണ്ടതാണ്, രക്ഷിതാക്കളും ഭർത്താക്കന്മാരും ജാഗ്രത കാണിക്കണമെന്ന് പറഞ്ഞല്ലോ. ഭാര്യയേക്കാളുപരി പരിശുദ്ധമായ ദീനുൽ ഇസ്‌ലാമിൻ്റെ കാര്യത്തിൽ വേണം ഇത്. പടച്ച റബ്ബിൻ്റെയും മുത്ത് റസൂൽ(സ്വ) തങ്ങളുടെയും കാര്യത്തിൽ. അതാണല്ലോ സ്വഹാബതിലെല്ലാം മികച്ചു നിന്നിരുന്നത്. അല്ലാഹുവിനെയും അവന്റെ റസൂലിനെയും ഇസ്‌ലാം ദീനിനെയും വികൃതമാക്കാനും ചീത്ത വിളിക്കാനും തുനിഞ്ഞപ്പോഴുള്ള അടങ്ങാത്ത രോഷം. അതിനാൽ പുത്തൻവാദികളും മറ്റ് ഇസ്‌ലാമിക ശത്രുക്കളും മതത്തെ ചെളി വാരിയെറിയുമ്പോൾ മൗനികളാകുന്നത് ഭൂഷണമല്ല. തിരുത്താൻ കഴിയുമെങ്കിൽ തിരുത്തണം. (എന്ന് വെച്ച് വിവരമില്ലാത്തവർ മറുപടി പറഞ്ഞ് രംഗം വഷളാക്കരുത്, അവർ മിണ്ടാതിരിക്കലാണ് വേണ്ടത് )  ഇല്ലെങ്കിൽ മനസ്സാ വെറുക്കുകയെങ്കിലും ചെയ്യണം.
ഇത്തരം ഒരു غَيْرَة കാണിച്ച മഹാൻ്റെ ഉദാഹരണം പറയാം. അത് അദ്ദേഹത്തിൻ്റെ വഫാതിൽ കലാശിക്കുകയായിരുന്നു. ശഹീദിൻ്റെ പ്രതിഫലം കാംക്ഷിക്കുന്ന മരണമായിരുന്നു അത്.

കിടങ്ങയം ഇബ്റാഹീം മുസ്‌ലിയാർ(ന:മ). കായംകുളം ഹസനിയ്യഃ കോളേജിൽ ദർസ് നടത്തിയിരുന്ന കാലം. അവിടെയുണ്ടായിരുന്ന ശിഹാബുദ്ധീൻ മുസ്‌ലിയാരെ ഒഴിവാക്കി തൽസ്ഥാനത്തേക്ക് മറ്റൊരു മുദർരിസിനെ നിയമിച്ചു. ഇബ്റാഹീം മുസ്‌ലിയാർ ടോയ്ലറ്റിൽ പോകുന്നേരം പുതിയതായി നിയമിച്ച ഉസ്താദിൻ്റെ ക്ലാസ് കേൾക്കാനിടയായി. അദ്ദേഹം വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുക്കുന്നു: 
ما قام زيد ولا عمرو 
എന്നാൽ 'സൈദ് നിന്നിട്ടില്ല. പക്ഷേ, അംറ് നിന്നിട്ടുണ്ട്' എന്നാണ് സാരം. രണ്ട് نفي വന്നാൽ പിന്നെ مثبت ആകണമെന്നല്ലേ നിയമം.."
രണ്ട് പേരും നിന്നിട്ടില്ല - എന്നർത്ഥം വരുന്ന ഈ പദത്തിന് നേരെ വിപരീതം പഠിപ്പിച്ച് കൊടുക്കുന്നത് കേട്ടപ്പോഴാണ് ഇബ്റാഹീം മുസ്‌ലിയാർക്ക് غَيْرَة ഇളകിയത്. 

രണ്ട് نفي വന്നാൽ مثبت വരുമെന്ന നിയമം ഇവിടെ പറയാൻ പറ്റില്ല. പണ്ട്, ഒരു ദർസലെ വിദ്യാർത്ഥി ഉസ്താദിനോട് നാട്ടിൽ പോകാൻ ചോദിച്ചത്രെ. ഉസ്താദ്  'വേണ്ട' എന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞ് വിദ്യാർത്ഥി വീണ്ടും ചോദിച്ചു. ആദ്യ മറുപടി തന്നെ ഉസ്താദും ആവർത്തിച്ചു. പിന്നീട് വിദ്യാർത്ഥിയെ അന്വേഷിച്ചപ്പോൾ കണ്ടില്ല. നാട്ടിൽ പോയെന്ന് വിവരം കിട്ടി. അരിശം ഉള്ളിലൊതുക്കി. രണ്ട് ദിവസം കഴിഞ്ഞ് വിദ്വാൻ ദർസിലെത്തി. വടിയെടുത്ത ഉസ്താദ് ഇവൻ്റെ വിശദീകരണം കേട്ട് ഞെട്ടി.
"രണ്ട് വട്ടം വേണ്ടെന്ന് പറഞ്ഞില്ലേ. രണ്ട് نفي ആവർത്തിച്ചാൽ مثبت ആവുമെന്ന് ഉസ്താദ് തന്നെയല്ലേ പഠിപ്പിച്ചത്.."

പഠിക്കൽ കോയ മുസ്‌ലിയാർ ഒരിക്കൽ എന്നോട് പറഞ്ഞു: രണ്ട് نفي കൂടിയാൽ مثبت ആവുമല്ലേ? എങ്കിൽ രണ്ട് مثبت കൂടിയാൽ نفي ഉം കിട്ടും ! "
അതെങ്ങനെ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറയാ: 'ഉം' എന്നാൽ مثبت അല്ലേ? അത് രണ്ട് പ്രാവശ്യം ഒരുമിച്ച് മൂളിയാൽ ഇല്ല എന്ന് അർത്ഥം വരുന്നില്ലേ - " ( മൂളി നോക്കുക, ആ ഇശലിൽ എഴുതാൻ കഴിയില്ല) - ഈ തമാശ കേട്ട് ഒരുപാട് ചിരിച്ചിട്ടുണ്ട് ഞാൻ. 

തൻ്റേത് സ്വന്തമെന്ന ഉത്തമ ബോധ്യത്തോടെ കൊണ്ട് നടക്കുന്ന ഇസ്‌ലാം ദീൻ, അതിൻ്റെ ബാലപാഠമായ നഹ്‌വിൻ്റെ നിയമങ്ങളെ കുട്ടിക്കളിയാക്കി, പിഴപ്പിച്ച് കാണുമ്പോഴുള്ള അടങ്ങാത്ത രോഷം. പ്രഷർ കൂടി, ടെൻഷനടിച്ചു. വിസർജ്ജനാവശ്യത്തിന് പോയ അദ്ദേഹം തിരിച്ചു വന്നു. തൻ്റെ ശിഷ്യരെ വിളിച്ചു വരുത്തി.
നാഡി പിടിച്ചു നോക്കി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന അദ്ദേഹം, സ്വന്തം നാഡി പിടിച്ചു നോക്കുകയും ഇത്ര മണിക്കൂറുകൾക്കകം ഞാൻ മരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
വുളൂ ചെയ്ത് വന്നു. ചുമരിലേക്ക് ചാരിയിരുന്നു. വിദ്യാർത്ഥികളോട് യാസീൻ സൂറത് ഓതാൻ പറഞ്ഞു. സ്ഥാപനത്തിൻ്റെ മാനേജറെ വിളിച്ചു. ചില കാര്യങ്ങൾ ഉപദേശിച്ചു. രണ്ട് ഭാര്യമാരുണ്ടായിരുന്നു അദ്ദേഹത്തിന്. അവരിലെ ഒരാളുടെ വീട് പണിയുമായി ബന്ധപ്പെട്ട്, അത് പൂർത്തിയാക്കാനാവശ്യമായ കുറച്ച് പണം മാനേജറെ ഏൽപിച്ചു. 
പിന്നെ വിദ്യാർത്ഥികളോടായി പറഞ്ഞു: ഇന്നുവരെ മറവി എന്താണെന്ന് എനിക്കറിഞ്ഞിട്ടില്ല. അതിനാൽ സഹ്‌വിൻ്റെ സുജൂദ് ചെയ്യേണ്ടി വന്നിട്ടുമില്ല. അല്ലാഹുവിനെ ഭയന്നാൽ മറ്റാരെയും പേടിക്കേണ്ടി വരില്ല. മുതഅല്ലിമായ കാലം മുതൽ തഹജ്ജുദ് നിസ്കാരം ഞാൻ ഒഴിവാക്കിയിട്ടില്ല. പഠിച്ച ഇൽമ് പറയേണ്ടിടത്ത് പറയണം. അതിന് മറ്റാരുടെയും മുഖം നോക്കേണ്ടതില്ല. അങ്ങനെ യാസീൻ ഓതിത്തീർന്നപ്പോഴേക്കും , കലിമ ചൊല്ലി കണ്ണുകളടച്ചു, എന്നെന്നേക്കുമായി.

ഈ സംഭവത്തെ പറ്റി, കാടേരി മുഹമ്മദ് മുസ്‌ലിയാർ പറഞ്ഞത്രെ - 'എല്ലാവരും പേടിച്ചു പോവുന്ന മരണ സമയത്ത്, الله تعالى ചെയ്ത് തന്ന നിഅ്മതുകൾ എടുത്തു പറയുകയാണ് ഇബ്റാഹീം മുസ്‌ലിയാർ, അത് അദ്ദേഹത്തിൻ്റെ, ശക്തിയേറിയ ഈമാനിൻ്റെയും തവക്കുലിൻ്റെയും, റബ്ബിൻ്റെയടുക്കൽ സ്ഥാനമർഹിക്കുന്നതിൻ്റെയും അടയാളമാണ്..'

തഹജ്ജുദ് നിസ്കാരം ഒഴിവാക്കിയിട്ടില്ലെന്ന് പറഞ്ഞല്ലോ, അതിന് പിന്നിൽ മറ്റൊരു കഥയുണ്ട്. ഓറുടെ ഉസ്താദ്, കരിമ്പനക്കൽ അഹ്‌മദ് മുസ്‌ലിയാർ(ഖു:സി) ഒരിക്കൽ, തഹജ്ജുദിന് എണീക്കാതെ ഉറങ്ങുന്നത് കണ്ടപ്പോൾ, വിളിച്ചുണർത്തി, 'മുതഅല്ലിം തഹജ്ജുദ് ഒഴിവാക്കുകയോ ?' എന്നും പറഞ്ഞ് ദേഷ്യപ്പെട്ടു, അടുത്തുള്ള കുളത്തിൽ മുങ്ങാൻ ആവശ്യപ്പെട്ടു. ആ നേരത്ത് നിർബന്ധിപ്പിച്ച് കുളപ്പിച്ചതിന് ശേഷമാണ് ഈ ശീലം അദ്ദേഹം പതിവാക്കിയത്.  

ഇബ്റാഹീം മുസ്‌ലിയാരുടെ മരുമകനാണ് (മകളുടെ ഭർത്താവ്) പ്രമുഖ ചരിത്രകാരനായിരുന്ന നെല്ലിക്കുത്ത് മുഹമ്മദാലി മുസ്‌ലിയാർ(ന:മ). അദ്ദേഹം പങ്കുവെച്ച ഒരു സംഭവം ഇങ്ങനെ: കിടങ്ങയത്തെ ദീനീ സ്നേഹികളായ ചില ചെറുപ്പക്കാർ ഒരു കമ്മിറ്റിയുണ്ടാക്കാൻ തീരുമാനിച്ചു. കൂട്ടായ സൽകർമ്മങ്ങൾക്ക് വേണ്ടി. نصرة الإسلام എന്ന പേര് നൽകാനും ധാരണയായി. അവർ ഇബ്റാഹീം മുസ്‌ലിയാരെ സമീപിച്ചു. വിഷയങ്ങൾ അവതരിപ്പിച്ചു. ഉസ്താദ് ആശീർവദിച്ചു. എന്നിട്ട് പറഞ്ഞു: " نصرة എന്ന പേര് മാറ്റുന്നതാണ് നല്ലത്. പ്രതിരോധ സഹായത്തിനാണ് نصرة എന്ന് പ്രയോഗിക്കുക. പരസ്പരം ഐക്യത്തിൽ ജീവിക്കുന്ന ഇന്നാട്ടിൽ അതിന് സാംഗത്യമില്ല. ഇവിടെ ഒരു സഹായം എന്നല്ലേ ഉദ്ദേശിക്കുന്നുള്ളൂ. അത്കൊണ്ട് معونة الإسلام എന്നാക്കിയാൽ മതി.." 

അവർ പിരിഞ്ഞു പോയെങ്കിലും, പക്ഷേ, ആ പേരിൽ സംഘടന രജിസ്റ്റർ ചെയ്യാൻ പറ്റിയില്ല. പൊന്നാനിയിലെ സഭയുടെ തത്തുല്യമായ പേരായതാണ് കാരണം. അവർ വീണ്ടും ഉസ്താദിനെ സമീപിച്ച് مواساة الإسلام എന്ന് പേര് സ്വീകരിക്കുകയായിരുന്നു. അറബി ഭാഷയിലെ അദ്ദേഹത്തിന്റെ മികവാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്.

ഭാഷയിലെ കഴിവ് പറഞ്ഞപ്പഴാണ് മറ്റൊരു സംഭവം ഓർത്തത്. മുമ്പ്, തിരൂരങ്ങാടി ബാപ്പു ഉസ്താദിനെ ബാഖിയാതിലേക്ക് മുദർരിസായി ക്ഷണിക്കാൻ ബഹു: ശബീറലി ഹസ്റതും കൂട്ടരും വന്നു. അപ്പോൾ ഉസ്താദ് വിസമ്മതിക്കുകയും, തനിക്ക് പകരം സമസ്ത പ്രസിഡണ്ടായിരുന്ന അസ്ഹരി തങ്ങളെ ക്ഷണിക്കാൻ പറയുകയും ചെയ്തു. അവർ തങ്ങളെ കണ്ടപ്പോൾ പറഞ്ഞു: "ഞാൻ استراحة ലാണ്. വയ്യ.." 
ഈ വിവരം പറഞ്ഞപ്പോൾ ബാപ്പു ഉസ്താദ് ഇങ്ങനെ കമൻ്റടിച്ചു: " استراحة അത് طويل ആയാൽ ബാത്വിലാകുമെന്ന് പറഞ്ഞാളി.. "
അതായത്, ചെറിയ വിശ്രമത്തിനാണ് استراحة എന്ന് പറയുക. അതാണല്ലോ നിസ്കാരത്തിൽ രണ്ട് സുജൂദ് കഴിഞ്ഞ് ഖിയാമിലേക്ക് എഴുന്നേൽക്കും മുമ്പ് കുറഞ്ഞ സമയം മാത്രം ഇരിക്കാൻ അനുവദിച്ചത്. അത് ദീർഘിച്ചാൽ നിസ്കാരം ബാത്വിലാകും എന്ന മസ്അലഃ വിവരിച്ചിടത്തെ പദം കടമെടുത്ത് പറഞ്ഞതാണ് ബാപ്പു ഉസ്താദ്. അസ്ഹരി തങ്ങൾ ആ വാക്ക് പ്രയോഗിച്ചത് അസ്ഥാനത്താണെന്ന് രസികമായി നിരൂപിക്കുകയും ചെയ്തു. ഇരുവരും ഭാഷയിൽ വലിയ മികവ് കാണിച്ചവരാണ്.

ഇബ്റാഹീം മുസ്‌ലിയാർക്ക്  مخزن المفردات എന്ന ഒരു കൃതിയുണ്ട്. ഒരുപാട് അറിവുകളുടെ കലവറയാണത്. ആയിരത്തോളം വരുന്ന വസ്തുക്കളെ പരിചയപ്പെടുത്തിയുള്ള ഗ്രന്ഥം. പതിനെട്ടോളം ഭാഷയിൽ അവയുടെ പേരുകളും ചില വൈദ്യവും ചേർത്തിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു സാഹചര്യത്തിൽ അന്ന് ബോംബെയിലെത്തുകയും അവിടെയുള്ള കല്യാൺ എന്ന സ്ഥലത്ത് ദർസ് നടത്തുകയും ചെയ്തിരുന്നു. ഇക്കാലയളവിൽ അവിടുത്തെ ദവാഖാനഃയിൽ ചെന്ന് ഓരോ വസ്തുക്കളെക്കുറിച്ചും പഠിച്ചെടുക്കുകയായിരുന്നു. അതിന് ശേഷമാണ് പ്രസ്തുത ഗ്രന്ഥം രചിക്കുന്നത്.
ഇത് കൂടാതെ, قصيدة ألف الألف നും منقوص مولد നും ശറഹുകളുണ്ട്.

കിടങ്ങയം ജുമുഅത് പള്ളിക്ക് ചാരെ അന്ത്യവിശ്രമം കൊള്ളുന്നു അദ്ദേഹം.
അല്ലാഹു തആലാ അവരെയും നമ്മെയും സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കട്ടെ - ആമീൻ.


🎙️ സഹായം:
യാസീൻ മുസ്‌ലിയാർ, നാറാത്ത് - കണ്ണൂർ. (ഇബ്റാഹീം മുസ്‌ലിയാരുടെ ശിഷ്യനും മേൽ സംഭവത്തിൽ ദൃക്സാക്ഷിയുമായ കിടങ്ങയത്തുകാരൻ ഇബ്റാഹീം മുസ്‌ലിയാരിൽ നിന്നും ഉദ്ധരിച്ചത്)

✍️ 
 അഷ്റഫ് സഖാഫി പള്ളിപ്പുറം

(കേട്ടെഴുത്ത് -
അബൂ ഹസന: ഊരകം)
💫

Comments

Popular posts from this blog

ഒറ്റപ്പെട്ടവനെ ചെന്നായ പിടിക്കും

റമളാൻ വരുന്നു, വീട്ടിലെ പൂച്ചകളെ മറന്നുകൂടാ.

ഹികായാതു ശ്ശൈഖൈനി