പഴമക്കാരുടെ രീതികൾ; സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടവ - 2

പഴമക്കാരുടെ രീതികൾ; 
സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടവ

(ഭാഗം -2 )

✍️ 
അഷ്റഫ് സഖാഫി പളളിപ്പുറം . 
________________________

നാദാപുരം ജുമുഅത് പള്ളിയിൽ റമളാനിലെ തറാവീഹ് നിസ്കാര ശേഷം വിത്റ് നിസ്കരിക്കും ജമാഅതായിട്ട്. പക്ഷെ, സാധാരണ നമ്മുടെ നാടുകളിലുള്ള പോലെയല്ല. മഗ്‌രിബ് നിസ്കരിക്കും പോലെ ഒന്നിച്ച് മൂന്നു റക്അത് നിസ്കരിക്കുന്ന രീതിയിണവിടെ. ഇത് ഹനഫീ മദ്ഹബിലെ രൂപമാണെങ്കിലും ശാഫിഈ മദ്ഹബിൽ ഇത് അനുവദനീയമാണ് എന്നേയുള്ളൂ. ചെയ്യാതിരിക്കാനാണ് നിർദ്ദേശം.

മറ്റു മദ്ഹബിലെ രീതിയും കൂടി പരിഗണിച്ച് ചെയ്യാനാണ് ശാഫിഈ മദ്ഹബിലെ പൊതുവെയുള്ള ഉത്തമ രീതി. അത് കൊണ്ടാണ് വുളൂവിൽ ബിസ്മി ചൊല്ലാനും തല നാലിലൊരു ഭാഗം തടയാനും അവയവങ്ങൾ ഉരച്ചു കഴുകാനും പ്രത്യേകം ശ്രദ്ധിപ്പിച്ചത്. ഇതെല്ലാം നിർബന്ധമാണെന്ന് പറയുന്ന മദ്ഹബുകാരുണ്ട്. അവരുടെ വീക്ഷണ പ്രകാരവും നമ്മുടെ വുളൂ സാധുവാകട്ടെ എന്ന് വെച്ചാണ് അത്തരം കാര്യങ്ങൾ പ്രത്യേകം ചെയ്യണമെന്ന് ഇമാമുകൾ പറഞ്ഞത്. തിരുനബി(സ്വ) തങ്ങൾ അഞ്ച് സമയങ്ങളിലെ ഫർളു നിസ്കാരങ്ങൾ ജമാഅതായിട്ടല്ലാതെ നിസ്കരിച്ചിട്ടേയില്ല. ഇത് തെളിവ് പിടിച്ച് ചില ഇമാമുകൾ പ്രസ്തുത നിസ്കാരങ്ങൾ സ്വഹീഹാവാൻ ജമാഅത് നിബന്ധനയുണ്ടെന്ന് വീക്ഷിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ തനിച്ച് നിസ്കരിക്കുന്നത് കറാഹതാണെന്നാണ് ശാഫിഈ മദ്ഹബിലെ നിയമം. ഇങ്ങനെ ഒരുപാടുണ്ട്. ഇതൊക്കെ പ്രവൃത്തിപഥത്തിൽ കൊണ്ടുവരാൻ താൽപര്യമുള്ളവർ അറിവുള്ളവരെക്കൊണ്ട് ക്ലാസ് വെച്ച് പഠിക്കുക. പഠിക്കാനും പകർന്നു നൽകാനും താൽപര്യമുള്ള ഒരുപാട് പേരുണ്ട്. 

പറഞ്ഞു വന്നത്, മറ്റു അഭിപ്രായങ്ങളെക്കൂടി പരിഗണിച്ച് ഇബാദതുകൾ നിർവ്വഹിക്കുകയാണ് വേണ്ടത്. എന്നാൽ, അവക്കെതിരായി സ്വഹീഹായ ഹദീസുകൾ വന്നിട്ടുണ്ടെങ്കിൽ ആ വീക്ഷണങ്ങളെ പരിഗണിക്കേണ്ടതില്ല. ഉദാഹരണത്തിന്, മയ്യിത് പള്ളിയിൽ വെച്ച് കൊണ്ടാണല്ലോ നിസ്കരിക്കുക. എന്നാൽ പള്ളിയിൽ മയ്യിത് വെക്കരുതെന്ന വീക്ഷണമാണ് ഹനഫീ മദ്ഹബിലുള്ളത്. ഇതിനെയും കൂടി പരിഗണിച്ച് മയ്യിത് പള്ളിയിൽ പ്രവേശിപ്പിക്കേണ്ടതില്ല എന്ന് ശാഫിഈ മദ്ഹബ് നിലപാടെടുത്തിട്ടില്ല. കാരണം, തിരുനബി(സ്വ) തങ്ങളുടെ കാലത്ത് തന്നെ പള്ളിയിൽ വെച്ച് മയ്യിത് നിസ്കാരം നടന്നതായി സ്വഹീഹായ ഹദീസിൽ വന്നിട്ടുണ്ട് (തുഹ്ഫഃ - 3/101,190) . ഇനി, ഹദീസുകൾക്കെതിരായി മസ്അലഃ പറഞ്ഞവരാണെന്ന് അവരെ ആക്ഷേപിക്കാൻ പറ്റില്ല. ആ മദ്ഹബനുസരിച്ച് അതിന് ചില വ്യാഖ്യാനങ്ങളുണ്ട്. നമ്മുടെ മദ്ഹബിൽ ആ വ്യാഖ്യാനം സ്വീകരിക്കുന്നില്ല. രണ്ട് മദ്ഹബിലെയും, ഹദീസുകളോട് സ്വീകരിക്കുന്ന സമീപന രീതി വ്യത്യസ്തമാണ്. അതിനാലാണ് ഈ വ്യത്യാസം ഉൽഭവിക്കുന്നത്. ഇതെല്ലാം വിശദീകരിച്ചു പഠിക്കേണ്ടതാണ്. ലേഖനം വായിച്ച് മനസ്സിലാക്കേണ്ട കാര്യമല്ല. 

നാദാപുരം പള്ളിയിലെ വിത്റ് നിസ്കാരത്തെ കുറിച്ചാണ് നമ്മുടെ വിഷയം. ഈ വിത്റ് നിസ്കാരം, മഗ്‌രിബ് പോലെ - വസ്‌ല് ചെയ്ത് - നിർവ്വഹിക്കുന്നത് ഉചിതമല്ലെന്ന് ശാഫിഈ മദ്ഹബ് പറയുന്നു. നിർബന്ധമാണെന്ന് ഹനഫീ മദ്ഹബും. മയ്യിത് പള്ളിയിൽ പ്രവേശിപ്പിക്കുന്നിടത്ത് പറഞ്ഞ പോലെ, ഇവിടെയും 'വസ്‌ല്' വേണമെന്ന ന്യായത്തെ പരിഗണിക്കേണ്ടതില്ല:

 (وَلِمَنْ زَادَ عَلَى رَكْعَةِ الْفَصْلِ وَهُوَ أَفْضَلُ وَالْوَصْلُ بِتَشَهُّدٍ أَوْ تَشَهُّدَيْنِ فِي الْأَخِيرَتَيْنِ). اه‍ منهاج الطالبين 

وَالْمَانِعُ لَهُ الْمُوجِبُ لِلْوَصْلِ مُخَالِفٌ لِلسُّنَّةِ الصَّحِيحَةِ فَلَا يُرَاعَى خِلَافُهُ. اه‍ (تحفة: ٢٢٧)

 ഇങ്ങനെയെല്ലാം പറയുമ്പോഴും, ശാഫിഈ മദ്ഹബുകാർ തിങ്ങിപ്പാർക്കുന്നിടത്ത് 'വസ്‌ല്' ചെയ്ത് കൊണ്ടുള്ള നിസ്കാരത്തെ, നാദാപുരത്ത് നമ്മൾ മാനിക്കുന്നു, കൊണ്ടു നടക്കുന്നു. കാരണം, സൂക്ഷ്മാലുക്കളായ ഉലമാഇൻ്റെ സാന്നിധ്യത്തിൽ പണ്ടുമുതലേ നടന്നു വരുന്ന വഴക്കമാണത്. ഹനഫീ മദ്ഹബനുസരിച്ച് ഉത്തമ രീതിയുമാണത്. ഒരു വീക്ഷണത്തെ അനുകരിച്ച് ചെയ്യുന്നതിനെ എതിർക്കാൻ പറ്റില്ലെന്ന് ഇതിൻ്റെ ഒന്നാം ഭാഗത്തിൽ വിസ്തരിച്ചല്ലോ. 

കീഴന ഓറുടെ ഗുരുവായ മേപ്പിലാച്ചേരി മൊയ്തീൻ മുസ്‌ലിയാർ നാദാപുരത്ത് മുദർരിസായ കാലം. വിത്റ് നിസ്കാരം 'വസ്‌ല്' ചെയ്ത് കൊണ്ട് ഔദ്യോഗിക ജമാഅത് നടക്കുമ്പോൾ അതിൽ പങ്കെടുക്കാറുണ്ടായിരുന്നില്ല. ഇപ്പുറത്ത് ശാഫിഈ മദ്ഹബിലെ ഉത്തമ രീതി പ്രകാരം രണ്ട് റക്അതും പിന്നെ ഒരു റക്അതും - 'ഫസ്‌ല്' ചെയ്ത് നിസ്കരിക്കാറാണത്രെ പതിവ്. കൂടെ കുറച്ച് പേരുണ്ടാകും ജമാഅതിന്. അങ്ങനെയിരിക്കെ, മെയ്ൻ ജാമഅതിൻ്റെ ഇമാം ലീവായ ദിവസം, മുദർരിസ് എന്ന നിലയിൽ മേപ്പിലാച്ചേരി ഓറെ ഔദ്യോഗിക ഇമാമത് ഏൽപിച്ചു. തറാവീഹ് കഴിഞ്ഞ് പലരും കരുതി, വിത്റിൻ്റെ കാര്യത്തിൽ ചിലതൊക്കെ സംഭവിക്കുമെന്ന്. എന്നാൽ, അവരെയെല്ലാം ആശ്ചര്യപ്പെടുത്തി ഓറ് 'വസ്‌ല്' ചെയ്ത് ഒന്നിച്ച് നിസ്കരിക്കുകയാണ് ചെയ്തത്.
ശേഷം 'വസ്‌ലി'ൻ്റെയും 'ഫസ്‌ലി'ൻ്റെയും മസ്അലഃ വിശദീകരിച്ച് സംസാരിക്കുകയും ചെയ്തു.
പഴമക്കാരുടെ രീതികളിൽ വിശ്വാസി സമൂഹത്തിൻ്റെ വിശ്വാസം കളങ്കപ്പെടുത്തുന്ന രൂപത്തിൽ വ്യത്യാസപ്പെടുത്തലുകൾ അരുത്. അതാണ് സൂക്ഷ്മാലുക്കളായ മേപ്പിലാച്ചേരി ഓറെപ്പോലുള്ള പണ്ഡിത മഹത്തുക്കൾ നമ്മെ ഇത്തരം ചെയ്തികളിലൂടെ പഠിപ്പിക്കുന്നത്.

(കേട്ടെഴുത്ത്: 
അബൂ ഹസന: ഊരകം)
💫

Comments

Popular posts from this blog

അഗത്തി ഉസ്താദ്; മാർഗ്ഗ ദർശിയായ ഉറ്റ സുഹൃത്ത്. (ഭാഗം - 3)

لِكُلّ مَقَالٍ رِجَالٌ، ولِكُلّ رِجَالٍ مَقَالٌ

അഗത്തി ഉസ്താദ്; മാർഗ്ഗദർശിയായ ഉറ്റ സുഹൃത്ത് (ഭാഗം - 4 )