'ഇവിടെ പരസ്യം പതിക്കരുത് !'

'ഇവിടെ പരസ്യം പതിക്കരുത് !'

🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴

വൈറ്റ് വാഷ് ചെയ്ത ഒരു ക്ലീൻ മതിലിൽ അങ്ങിങ്ങായി എഴുതി വെച്ചിരിക്കുന്നു -'ഇവിടെ പരസ്യം പതിക്കരുതെ'ന്ന്. ഇത് കണ്ട് കൂടെയുള്ളവൻ ഒരുവേള ഊറിച്ചിരിച്ചു. എന്താണിത്ര ചിരിക്കാനെന്ന് ആശ്ചര്യത്തോടെ ചോദിച്ചപ്പോ അവൻ പറയാ: 'അതും ഒരു പരസ്യമല്ലേ..' എന്ന്. എന്തു ചെയ്യാനാ, ഒന്ന് കൊടുക്കാൻ തോന്നി.
ഡോ, അതല്ലാത്ത മറ്റു പരസ്യങ്ങൾ പാടില്ലെന്നാണ്, ഇതാർക്കാണ് അറിയാൻ പാടില്ലാത്തത് ! ഈ കൂടെയുള്ളവൻ അൽപം പിശകാണ്. അവനെക്കുറിച്ച് അവസാനം പറയണ്ട്. അവിടെയാണ് ഇതിൻ്റെ ട്വിസ്റ്റും.

'കുല്ല്' - كُلّ - എന്ന അറബ് ശബ്ദത്തിന് 'എല്ലാം' എന്ന് പരിഭാഷപ്പെടുത്താമെങ്കിലും, അങ്ങനെയങ്ങ് പറ്റില്ല. ചില സംഗതികൾ അവിടെ കിടപ്പുണ്ട്. എന്താണിപ്പോ ഇതിലിത്ര പഠിക്കാനെന്ന് ചിന്തിക്കണ്ട. വഴിയെ തിരിയും.
ആയതുകളിലെയും ഹദീസുകളിലെയും ചില പരാമർശങ്ങൾ നോക്കാം:

{ تُدَمِّرُ كُلَّ شَیۡءِۭ بِأَمۡرِ رَبِّهَا فَأَصۡبَحُوا۟ لَا یُرَىٰۤ إِلَّا مَسَـٰكِنُهُمۡۚ }
[الأحقاف- ٢٥]

"റബ്ബിൻ്റെ കൽപന പ്രകാരം, ആദ് സമൂഹത്തെ - അവരുടെ മുഴുവൻ സ്വത്തുക്കളെയും, നശിപ്പിച്ചു കളഞ്ഞു. അവരുടെ വീടുകളല്ലാതെ മറ്റൊന്നും അവിടെ ഉണ്ടായില്ല.."

ഇവിടെ 'എല്ലാം നശിപ്പിച്ചു' എന്ന് പറഞ്ഞെങ്കിലും അവരുടെ വീടുകൾ നശിപ്പിച്ചിട്ടില്ല എന്ന് ശേഷം വ്യക്തമാക്കിയല്ലോ. അതായത് 'എല്ലാം' എന്നതിൽ വീടുകൾ ഉൾപ്പെട്ടിട്ടില്ല. വീടുകളൊഴിച്ച് ബാക്കിയുള്ളതിനെയാണ് ആദ്യമേ പറഞ്ഞത്. പക്ഷെ, إِلَّا مَسَـٰكِنُهُمۡۚ എന്ന് വ്യക്തമാക്കിയപ്പഴാണ് അത് സംബോധിതർക്ക് മനസ്സിലായതെന്ന് മാത്രം.

{ إِنَّ ٱللَّهَ عَلَىٰ كُلِّ شَیۡءࣲ قَدِیرࣱ }
[البقرة- ٢٠]

നിശ്ചയം, അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാണ് - എങ്കിൽ, അല്ലാഹുവിനെ തന്നെ ഇല്ലാതാക്കാൻ കഴിയുമോ ? ഇല്ല. شيء എന്നത് شاء - 'ഉദ്ദേശിച്ചു' എന്നതിൽ നിന്നുള്ള പദമാണെന്നും അല്ലാഹുവിന്റെ ഇറാദത് ബന്ധിക്കുന്ന സർവ്വ കാര്യങ്ങളുമാണ് അവിടെ ഉദ്ദേശ്യമെന്നും ഒരു തഫ്‌സീറുണ്ട്. അതനുസരിച്ച് സംശയത്തിന് പഴുതില്ല. മറ്റൊരു തഫ്സീറിൽ അല്ലാഹുവിനെക്കുറിച്ചും ഈ പദം ഉപയോഗിക്കുമെന്നുണ്ട്. അപ്പോൾ كلّ എന്നതിൽ നിന്നും ചിലതിനെ ഒഴിവാക്കാതെ നിർവ്വാഹമില്ല.

ഇമാം ബുഖാരി(റ) റിപ്പോർട്ട് ചെയ്ത ഹദീസ് നോക്കൂ:

(فَإِنَّهُ كَانَ يَصُومُ شَعْبَانَ كُلَّهُ)
(رواه البخاري عن عائشة رض - ١٨٦٩)

ഇവിടെ, ശഅ്ബാൻ മാസം മുഴുവനായും തിരുനബി(സ്വ) തങ്ങൾ നോമ്പെടുത്തു എന്നാണ് ആഇശാ ബീവി(റ) പറയുന്നത്. എന്നാൽ തൊട്ടുമുമ്പത്തെ ഹദീസിൽ ബീവി തന്നെ പറയുന്നു:
 
كَانَ رَسُولُ اللَّهِ صلى الله عليه وسلم يَصُومُ حَتَّى نَقُولَ لَا يُفْطِرُ، وَيُفْطِرُ حَتَّى نَقُولَ لَا يَصُومُ، فَمَا رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم اسْتَكْمَلَ صِيَامَ شَهْرٍ إِلَّا رَمَضَانَ، وَمَا رَأَيْتُهُ أَكْثَرَ صِيَامًا مِنْهُ فِي شَعْبَانَ. 
(رواه البخاري عن عائشة رض - ١٨٦٨)

റമളാൻ മാസത്തിൽ മാത്രമേ തിരുനബി(സ്വ) മാസം പൂർത്തിയാക്കി നോമ്പെടുക്കാറുള്ളൂവെന്ന്. അതായത് ശഅ്ബാൻ മുപ്പത് പൂർത്തിയാക്കി നോമ്പെടുത്തില്ലെന്ന്. അപ്പോൾ മേൽ ഹദീസിൽ كلّه എന്ന് പ്രയോഗിച്ചെങ്കിലും 'മുഴുവൻ' എന്ന് ഉദ്ദേശിക്കുന്നില്ല.

(كلُّ ابنِ آدمَ خطَّاءٌ)
رواه الترمذي- ٢٤٩٩

ഏത് മനുഷ്യർക്കും തെറ്റു സംഭവിക്കാം. എന്ന് വരുകിൽ, മനുഷ്യരായ നബിമാരിൽ നിന്നും തെറ്റ് വരുമോ ? ഇല്ല.

(كُلُّ كَلَامٍ أَوْ أَمْرٍ ذِي بَالٍ لا يبدأ فيه ببسم الله فَهُوَ أَبْتَرُ)

എല്ലാ നല്ല കാര്യങ്ങളും തുടങ്ങാൻ ബിസ്മി ചൊല്ലണമെന്ന് പറയുമ്പോൾ, ബിസ്മി ചൊല്ലാൻ മറ്റൊരു ബിസ്മി വേണമെന്ന് ആരെങ്കിലും പറയുമോ? ഇല്ല. കാരണം, എല്ലാം എന്നതിൽ നിന്ന് ബിസ്മി ഒഴിവാണെന്ന് ബുദ്ധി സമ്മതിക്കുന്ന കാര്യമാണ്.

ഇവിടെയെല്ലാം മുഴുവൻ എന്ന് പറഞ്ഞിട്ടും മുഴുവനും ഉദ്ദേശിക്കാത്ത സ്ഥലങ്ങളാണ്. 
അപ്പോൾ ഈ كلّ എന്ന പദം جميعي ഉം مجموعي ഉം ഉണ്ട്. ഒന്നിനെയും വിടാതെ പ്രയോഗിച്ചാൽ جميعي ഉം ചിലതിനെ ഒഴിവാക്കിയാണെങ്കിൽ مجموعي ഉം ആണ്. നമുക്കെല്ലാം പരിചയമുള്ള ഒരു ഹദീസിനെ സംബന്ധിച്ച ചർച്ചയിലൂടെ ഒന്നുകൂടെ വ്യക്തമാകും. ളുഹ്ർ നിസ്കരിച്ചു കൊണ്ടിരിക്കുന്ന തിരുനബി(സ്വ) രണ്ട് റക്അത് മാത്രം കഴിഞ്ഞ് സലാം വീട്ടുന്നു. കാര്യം പിടികിട്ടാതെ സ്വഹാബത് മൗനിയായി ഇരിക്കവെ, ദുൽ യദയ്ൻ(റ) എണീറ്റ് നിന്ന് ഇങ്ങനെ ചോദിച്ചു:

 يَا رَسُولَ اللَّهِ، أَنَسِيتَ أَمْ قصرَتِ الصَّلَاةُ؟

 "അല്ലാഹുവിൻ്റെ ദൂതരേ, അങ്ങേക്ക് മറവി സംഭവിച്ചതോ അല്ല, നിസ്കാരം ചുരുക്കപ്പെട്ടതോ ?"

തിരുനബി(സ്വ):
(كُلُّ ذَلِكَ لَمْ يَكُنْ)
"അവ രണ്ടും ഉണ്ടായിട്ടില്ല.. "
 ഈ വാക്കിനർത്ഥം - മറവിയും, നിസ്കാരം ചുരുക്കലും രണ്ടും കൂടി ഉണ്ടായിട്ടില്ല - എന്നാണെന്ന് ഇമാം അഖ്ളരി(റ) വ്യാഖ്യാനിക്കുന്നു. രണ്ടാലൊന്ന് സംഭവിച്ചിരിക്കേ, തിരുനബി(സ്വ) രണ്ടും ഉണ്ടായില്ലെന്ന് പറയാൻ വഴിയല്ലല്ലോ എന്നാണവരുടെ ന്യായം. ഇത് അവിടുത്തെ ജനാബിനോട് യോജിപ്പിച്ചതാണെങ്കിലും സംഭവിച്ചത് അങ്ങനെയല്ല. ഇമാം ബുഖാരി(റ)വിൻ്റെ ഒരു രിവായതിൽ

قَالَ: (لَمْ أَنْسَ وَلَمْ تُقْصَرْ)

"മറന്നിട്ടുമില്ല, ചുരുക്കിയിട്ടുമില്ല" ഇങ്ങനെ തന്നെയുണ്ട്. ഇമാം അഖ്ളരി(റ)യുടെ വ്യാഖ്യാനം ശരിയാവില്ലെന്ന് ഇതിൽ നിന്നും മനസ്സിലാവുന്നുണ്ട്. 

അല്ലാമഃ അത്ത്വാർ(റ) മേൽ വ്യാഖ്യാനത്തെ ഖണ്ഡിക്കുന്നു:
തിരുനബി(സ്വ)യുടെ (كُلُّ ذَلِكَ لَمْ يَكُنْ) എന്ന വാക്കിന് വീണ്ടും വിശദീകരണം തേടിക്കൊണ്ട് സ്വഹാബി പറയുന്നു.
بل، بعض ذلك قد كان يا رسول الله 
"അതിലൊന്ന് തീർച്ചയായും നടന്നിട്ടുണ്ട് നബിയേ.."
അങ്ങനെ, ശരിയാണോ എന്ന് അന്വേഷിക്കുകയും മറ്റു സ്വഹാബത് ശരിവെക്കുകയും ചെയ്തു, ബാക്കി രണ്ട് റക്അത് നിസ്കരിച്ചു. 
ഇവിടെ - മറവിയും, നിസ്കാരം ചുരുക്കലും രണ്ടും കൂടി ഉണ്ടായിട്ടില്ല - എന്ന അർത്ഥമായിരുന്നെങ്കിൽ ഇത് سالبة جزئية ആണ്. അതിന് പ്രത്യുത്തരമായി, موجبة جزئية മതിയാകില്ല. സ്വഹാബിയുടെ بعض ذلك قد كان എന്ന വാക്ക് موجبة جزئية യാണ്. ഇത് അതിനോട് ചേരില്ല തന്നെ. ഇത് ശരിയാകാൻ തിരുനബി(സ്വ) തങ്ങൾ ഉദ്ദേശിച്ചത് سالبة كلية തന്നെയാകണം. അതായത് (كُلُّ ذَلِكَ لَمْ يَكُنْ) എന്നതിലെ 'കുല്ല്' ഒന്നിനെയും വിടാതെ എല്ലാം ഉൾക്കൊള്ളിച്ച - جميعي - ആണ്. മേൽ പറഞ്ഞ ആയതിലെയും ഹദീസിലെയും كلّ നെപ്പോലെ ചിലതിനെ മാറ്റിവെച്ച مجموعي അല്ല. എല്ലാം ഉൾക്കൊള്ളിക്കുന്ന جميعي ആയ كل നെപ്പറ്റി قضية كلية എന്നും مجموعي ആയ كل നെപ്പറ്റി قبيل الكل എന്നും പറയും.

ഇങ്ങനെ 'കുല്ലി'ന് രണ്ട് പ്രയോഗങ്ങളുണ്ടെന്നും ഇവയിൽ مجموعي അഥവാ قبيل الكل ആയിട്ടാണ് പൊതുവെ ഉപയോഗമെന്നും നിയമമുണ്ട്. 

الكلُّ حُكمُنَا على المَجْمُوعِ # كَكُلّ ذاك ليس ذا وُقُوعِ 

ഇമാം അഖ്ളരി(റ)യുടെ سلم المرونق എന്ന نظم ലെ ഒരു വരിയാണിത്. ഇതിൻ്റെ രണ്ടാം مصراع തിരുനബി(സ്വ) തങ്ങളുടെ (كُلُّ ذَلِكَ لَمْ يَكُنْ) എന്ന വാക്കിലേക്ക് സൂചിപ്പിച്ചു കൊണ്ടാണ്. അതിനെ - ഈ ഉദാഹരണം പറഞ്ഞതിനെ മാത്രം, വിമർശിച്ച്, ഈ نظم ൻ്റെ തന്നെ വ്യഖ്യാനത്തിൽ അല്ലാമഃ അത്ത്വാർ(റ) എഴുതി വെച്ചതാണ് മുകളിലുദ്ധരിച്ചത്. 

ما جاؤوا كلّهم
'എല്ലാവരും വന്നിട്ടില്ല' - ഈ പ്രയോഗമനുസരിച്ച് ചിലർ വന്നിട്ടുണ്ട് എന്ന് വരും. ഇതിലെ نَفْي നെ പരിഗണിച്ചു കൊണ്ട് سلب العموم എന്നാണ് പറയുക.
كلّهم ما جاؤوا 
'ആരും വന്നിട്ടില്ല' - ഇതനുസരിച്ച് ആരെയും മാറ്റിനിർത്തുന്നില്ല. ഇതിന് عموم السلب എന്നും പറയും. ഇവിടുത്തെ كلّ നെ പരിഗണിച്ചു പറയുമ്പോൾ ആദ്യത്തേത് مجموعي ഉം قبيل الكل ഉം ആണ്. രണ്ടാമത്തേത് جميعي ഉം قضية كلية ഉം ആണ്. ഒന്നു കൂടി പറയട്ടെ, ആദ്യം نفي ഉം പിന്നെ كلّ ഉം വന്നെങ്കിൽ അത് قبيل الكل ആയിരിക്കും, سلب العموم ൻ്റെ പ്രയോഗവുമായിരിക്കും. എന്നാൽ നേരെ തിരിച്ചാണെങ്കിൽ - ആദ്യം كلّ ഉം പിന്നെയാണ് نفي വരുന്നതെങ്കിൽ - قضية كلية ആയിരിക്കും, عموم السلب ൻ്റെ പ്രയോഗവുമായിരിക്കും. ഉദാഹരണത്തിൽ നിന്ന് വ്യക്തമാണല്ലോ. തിരുനബി(സ്വ) തങ്ങളുടെ (كُلُّ ذَلِكَ لَمْ يَكُنْ) എന്ന പ്രയോഗം ശ്രദ്ധിച്ചാൽ അത് عموم السلب ആണെന്നും قضية كلية ആയ جميعي ആണെന്നും മനസ്സിലാക്കാം. ഇക്കാര്യം പ്രസ്തുത നിരൂപണത്തിൽ അല്ലാമഃ അത്ത്വാർ(റ) പറയുന്നുണ്ട്.

എന്നാൽ ഈ നിയമം أغلبي ആണ്. ഇതിന് അപവാദമായി ചിലത് വന്നിട്ടുണ്ടെന്നതാണ് കാര്യം. അല്ലെങ്കിലും ഖാഇദഃകളിൽ നിന്നും ചിലത് ഒഴിവാക്കപ്പെടുന്നത് അതിൻ്റ സ്വഭാവമാണല്ലോ. ഇത് അല്ലാമഃ അത്ത്വാർ(റ) പറയുന്നുണ്ട്:
لِأَنَّ الْقَوَاعِدَ  شَأْنُهَا أَنْ يُسْتَثْنَى  مِنْهَا. اه‍ 
(حاشية العطار على جمع الجوامع: ١/٢٤١)

 ഈ ആയത് നോക്കൂ:

{ إِنَّ ٱللَّهَ لَا یُحِبُّ كُلَّ خَوَّانࣲ كَفُورٍ }
[الحج- ٣٨]

'നിശ്ചയം, വിശ്വാസ വഞ്ചന കാണിക്കുന്ന കാഫിറുകളായ ഒരൊറ്റ മുശ്‌രിക്കിനെയും അല്ലാഹു തആലാ വെറുതെ വിടില്ല..'
ആദ്യം لا എന്ന نفي വന്നതിന് ശേഷമാണ് كلّ ഉപയോഗിച്ചത്. നിയമപ്രകാരം ഇത് قبيل الكل ആകേണ്ടതാണ്. പക്ഷെ, ഇവിടെ قضية كلية ആണ് ഉദ്ദേശ്യമെന്ന് വ്യക്തവുമാണല്ലോ. ഈ അപവാദ സാധ്യത വകവെച്ചു കൊണ്ടാണ് ഇബ്നു ഹജർ(റ) ഇങ്ങനെ പറഞ്ഞത്:

وأنها حيث وقعت في حيز نفي بأن سبقتها أداته أو فعل منفي، نحو: 'ما جاء كلّ القوم'، و 'لم آخذ كل الدراهم' لم يتوجه النفي إلا لسلب شمولها، فتفهم إثبات الفعل لبعض الأفراد ما لم يدل الدليل على خلافه. اه‍ 
(المنح المكية: ٩٢)

'ഈ كلّ എന്ന പദം نفي ൻ്റെ പിറകെ വന്നാൽ سلب العموم ആയിരിക്കും ഉദ്ദേശം, അതായത് ചിലത് അതിൽ നിന്ന് ഒഴിവാക്കപ്പെട്ട നിലയിലായിരിക്കും. ഇതെല്ലാം അപവാദമായിട്ട് വരാതിരുന്നാലാണ്..' 
തുടർന്ന് 

{ إِنَّ ٱللَّهَ لَا یُحِبُّ كُلَّ مُخۡتَالࣲ فَخُورࣲ }
[لقمان- ١٨، الحديد- ٢٣]

'നിശ്ചയം, ജനങ്ങളുടെ മേൽ അഹങ്കാരം പ്രകടിപ്പിച്ച് നടക്കുന്നവരെ അല്ലാഹു വെറുതെ വിടില്ല..'- എന്ന ആയത് അപവാദമായി വന്നതിന് ഉദാഹരിക്കുന്നുമുണ്ട്. 

ഇത്രേം വായിച്ചവർക്ക് (كل بدعة ضلالة) എന്ന തിരുവാക്യത്തിൽ ആശ്ചര്യമുണ്ടാകാൻ വഴിയില്ല. ചിലത് ഒഴിവുണ്ടാകുമെന്ന് മനസ്സിലായില്ലേ. قبيل الكل ആണെന്ന് പറയാൻ ഇനി മടിക്കേണ്ട. ഇതിനെ വിശദീകരിച്ചു കൊണ്ട് ഇമാം അസ്ഖലാനി(റ) പറയുന്നു:

وَالْمُرَادُ بِقَوْلِهِ كُلَّ بِدْعَةٍ ضَلَالَةٌ مَا أُحْدِث وَلَا دَلِيلَ لَهُ مِنَ الشَّرْعِ بِطَرِيقٍ خَاصٍّ وَلَا عَامٍّ. اه‍ 
(فتح الباري: ١٣/٢٥٤)

"ഇപ്പറഞ്ഞത് കൊണ്ടുദ്ദേശം, പിൽക്കാലത്തുണ്ടാകുന്ന പൊതുവായോ ഇന്നതിനു മാത്രമായോ പ്രമാണമില്ലാത്ത കാര്യങ്ങളാണ്.."
അപ്പോൾ, ആ രൂപത്തിൽ പ്രമാണ പിൻബലമുള്ളവ ഇതിൽ നിന്നും ഒഴിവാണല്ലോ. മറ്റൊരു ഹദീസൽ വ്യക്തമായി പറയുന്നു:

( ومَنِ ابْتدَعَ بِدعةً ضَلالَةً لا يَرْضَاها اللهُ ورسولُهُ كان عليه مِثلُ آثامِ مَن عَمِلَ بِها)
(رواه الترمذي في سننه- ٢٦٧٧)

ഇതിൽ നിന്നും ضَلالَة അല്ലാത്ത, അല്ലാഹുവും റസൂലും തൃപ്തിപ്പെടുന്ന بدعة ഉണ്ടെന്ന് പറയാതെ പറ്റില്ല. എൻ്റെ കൂടെയുള്ള അവനുണ്ടല്ലോ, പരസ്യം പതിക്കരുതെന്ന് കണ്ട് ചിരിച്ചവൻ, അവനും ഇത് സമ്മതിക്കാതെ തരമില്ല. സംഘടനയായിട്ടും സ്ഥാപനങ്ങളായിട്ടും എന്തോരം വാർഷികങ്ങളാണോ ഇവൻ നടത്തുന്നത്! തിരുനബി(സ്വ) തങ്ങളോ സ്വഹാബതോ, പോട്ടെ - ഹിജ്റഃ മുന്നൂറിന് മുമ്പുള്ള ആരെങ്കിലും വാർഷികം നടത്തിയിട്ടുണ്ടോ? ഇതൊക്കെ ഇവൻ സ്വന്തം കാശ് മുടക്കിയല്ല. നാട്ടുകാരിൽ നിന്നും സൽകർമ്മമാണെന്നും സ്വർഗ്ഗത്തിൽ പകരം കിട്ടുമെന്നും പറഞ്ഞ് വാങ്ങിയിട്ടാണ് ഈ കാട്ടിക്കൂട്ടുന്നത്. 
അപ്പോ, അതിനൊക്കെ പൊതുവായ ഒരു പ്രമാണമുണ്ട്:

{ كُنتُمۡ خَیۡرَ أُمَّةٍ أُخۡرِجَتۡ لِلنَّاسِ تَأۡمُرُونَ بِٱلۡمَعۡرُوفِ وَتَنۡهَوۡنَ عَنِ ٱلۡمُنكَرِ وَتُؤۡمِنُونَ بِٱللَّهِۗ  }
[آل عمرٰن- ١١٠]

{ ٱدۡعُ إِلَىٰ سَبِیلِ رَبِّكَ بِٱلۡحِكۡمَةِ وَٱلۡمَوۡعِظَةِ ٱلۡحَسَنَةِۖ }
[النحل- ١٢٥]

പരിശുദ്ധ ദീനിൻ്റെ പ്രചരണം നടത്തണമെന്ന പൊതുതത്വം ഈ ആയതുകളിലും മറ്റു പലതിലും വ്യക്തമാണ്. 

ഒരു كلّ എന്ന അറബ് പദം പോലും ഇത്ര വിശദീകരിക്കാൻ മാത്രമുണ്ടെന്ന് മനസ്സിലായില്ലേ, ഈ كلّനെ സംബന്ധച്ച്  മാത്രം ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? വിശ്വസിച്ചേ പറ്റൂ, ഇമാം സുബ്കീ(റ) എഴുതി അങ്ങനെയൊരു ഗ്രന്ഥം - أحكام الكل وما عليه تدل - എന്നാണതിന്റ പേര്.

 ഒരു സംഭവം ചേർത്തു വായിക്കാം:
ഇമാം സുയൂത്വീ(റ) പറയുന്നു: അല്ലാമഃ കാഫീജീ(റ) - ജ്ഞാന സാഗരമായ ഇദ്ദേഹത്തോടെപ്പം പതിനാല് വർഷത്തോളം ഞാൻ സഹവസിച്ചു. കാണുമ്പോഴേല്ലാം തഹ്ഖീഖുകൾ പറയുമായിരുന്നു. ഒരിക്കൽ എന്നോട് പറഞ്ഞു: " زيد قائم എന്നതിൻ്റെ إعراب ഒന്ന് വിശദീകരിച്ചാട്ടെ.."
ഞാൻ പറഞ്ഞു: "എന്താ ചെറിയ വിദ്യാർത്ഥിയുടെ സ്ഥാനത്ത് ആക്കിയോ എന്നെ ? ഇത്ര സിമ്പിളായതൊക്കെ ചോദിക്കുന്നു !"
ശൈഖ്: "അതേക്കുറിച്ച് 113 ചർച്ചകൾ എനിക്കറിയാം ..! "
ഞാൻ: " എങ്കിൽ, അതെല്ലാം പറഞ്ഞു തരാതെ ഇവിടുന്ന് പോകുന്ന പ്രശ്നമില്ല."
അങ്ങനെ, എല്ലാം പറഞ്ഞു തരികയും ഞാൻ എഴുതിയെടുക്കുകയും ചെയ്തു!.."
(بغية الوعاة في طبقات اللغويين والنحاة للسيوطي - ١/١١٨)

വർഷങ്ങളെടുത്ത് അറബി ഭാഷയും മറ്റും  മനസ്സിലാക്കിയതിന് ശേഷമേ ഖുർആനും ഹദീസുകളും വേണ്ടവിധം വിശകലനം ചെയ്യാനാവൂ. ഇത് വായിക്കുന്ന സാധാരണക്കാർക്ക് അൽപം ടഫ്ഫായി തോന്നിയിരിക്കും. അറബി നാല് വരി മനസ്സിലാക്കാൻ കഴിയുമ്പഴേക്ക്, ദർസ് പഠനത്തെയൊക്കെ കൊച്ചാക്കുന്ന പലരെയും നേരിട്ടറിയാം. വളരെ ലാഘവത്തോടെ ഖുർആനും ഹദീസും കണ്ട്, അതിൽ കയ്യിടുന്ന അൽപന്മാർ ഇതൊക്കെ ഒന്ന് അറിയുന്നത് നന്ന്. എല്ലാത്തിനും എല്ലാവരും പറ്റില്ലെന്ന പൊതുബോധമെങ്കിലും ഇവർക്കുണ്ടായിരുന്നെങ്കിൽ !


✍️
 അഷ്റഫ് സഖാഫി പള്ളിപ്പുറം

(കേട്ടെഴുത്ത് -
അബൂ ഹസന: ഊരകം)
💫

Comments

Popular posts from this blog

ഒറ്റപ്പെട്ടവനെ ചെന്നായ പിടിക്കും

ശൈഖ് രിഫാഈ(റ); ശരീഅത് മുറുകെ പിടിക്കാൻ ആഹ്വാനം ചെയ്ത ഗുരുശ്രേഷ്ഠർ.

റമളാൻ വരുന്നു, വീട്ടിലെ പൂച്ചകളെ മറന്നുകൂടാ.