മുത്ത് നബി(സ്വ)യോട് ചോദിച്ചു കൂടെന്നോ !

മുത്ത് നബി(സ്വ)യോട് ചോദിച്ചു കൂടെന്നോ !
لك أشكو يا سيدي خير النبي  

🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴

തിരുനബി(സ്വ) തങ്ങൾ എല്ലാത്തിലുമെന്ന പോലെ സ്വഭാവ മഹിമയിൽ ഉത്തമ മാതൃകയായിരുന്നു. ചോദിച്ചു വരുന്നവരെ വെറുതെ തിരിച്ചയക്കാറുണ്ടായിരുന്നില്ല. ഖുർആനിൽ ഇങ്ങനെ നിർദ്ദേശിക്കപ്പെട്ടിട്ടുമുണ്ട്.

{ وَأَمَّا ٱلسَّاۤىِٕلَ فَلَا تَنۡهَرۡ }
[الاضحى: ١٠]

ചോദിക്കുന്നവൻ, ഒരു കുതിരപ്പുറത്ത് വന്നവനാണെങ്കിലും (എത്ര പണക്കാരനാണെങ്കിലും) - കൊടുത്തേക്ക്. ചോദിച്ചില്ലെ, ഇനി വെറുതെയാക്കല്ല. അതാണ് മാന്യത. ഒരു ഹദീസിൽ ഇങ്ങനെ കാണാം:

أَعْطُوا السَّائِلَ وَإِنْ جَاءَ عَلَى فَرَسٍ- (رواه الإمام مالك رحمه الله تعالى في الموطأ)

നിർബന്ധ ബാധ്യതയല്ലെങ്കിലും സൽസ്വഭാവവും മാന്യതയും അതാണ്. എന്നാൽ, സാന്ദർഭികമായി പറയട്ടെ, ഒരു നാട്ടിൽ ഭക്ഷണം - വസ്ത്രം - പാർപ്പിടം തുടങ്ങിയ മൗലികമായ കാര്യങ്ങൾക്ക് വല്ലവനും കഷ്ടത അനുഭവിക്കുന്നുവെങ്കിൽ  ധനികർക്ക് അത് തീർത്തു കൊടുക്കൽ നിർബന്ധ ബാധ്യത - فرض كفاية - ആയിട്ടാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അവർ ധനികനോട് ചോദിച്ചാൽ, ആവശ്യം നിറവേറ്റൽ فرض عين ആയി മാറി. 'മറ്റവനോട് ചോദിച്ചോ' എന്ന് പറയാൻ പോലും പറ്റില്ല. ഈ നിയമം പാലിക്കപ്പെട്ടിരുന്നെങ്കിൽ യാചകർ ഇല്ലാതായേനെ. ബസ്റ്റാൻ്റിലും റെയിൽവേ സ്റ്റേഷനിലും കാണുന്ന അർധ ജീവനുകൾക്ക് പരിഹാരമായേനെ.. ഈ ബാധ്യതാ പഠനം വിശദീകരണത്തോടെ മനസ്സിലാക്കണമെന്ന് ഉണർത്തി, വിഷയത്തിലേക്ക് തിരിച്ചു വരുന്നു - ചോദിച്ചവനെ വെറുതെയാക്കരുത്. അതാണ് മാന്യത.

എന്നാൽ എല്ലാ സമയത്തും ഇങ്ങനെ നൽകാൻ സാധിക്കണമെന്നില്ല. ഇല്ലാത്തതിൻ്റെ പേരിലോ മറ്റോ ആയിരിക്കാം. തിരുനബി(സ്വ) തങ്ങൾ ഇത്തരം ഘട്ടത്തിൽ 'തരില്ല' എന്നോ 'ഇല്ല' എന്നോ പറയാറില്ല. മൗനം ദീക്ഷിക്കുകയാണ് പതിവ്. നിരാശയുണ്ടാക്കുന്ന ഇത്തരം വാക്ക് ഒഴിവാക്കുന്നതും ഒരു നല്ല സ്വഭാവമാണ്. ചോദ്യകർത്താവിന് പൊതുവെ ആ മുഖഭാവം കണ്ടാൽ തന്നെ കാര്യങ്ങൾ പിടികിട്ടും. എന്നാൽ, പല സ്വഭാവക്കാരും കൂട്ടത്തിലുണ്ടാവുമല്ലോ. ഒരു സംഭവം പറയാം:
  ഗ്രാമീണനായ ഒരാൾ തിരുനബി(സ്വ) തങ്ങളുടെ അടുക്കൽ വരുന്നു. എന്തോ മുഖ്യമായ കാര്യം ചോദിക്കാൻ തുനിയുന്നു. തങ്ങൾ, കൊടുക്കാനുള്ള ഒരു അവസ്ഥയിലായിരുന്നില്ല അപ്പോൾ. അത്കൊണ്ട് തന്നെ ഒന്നും മിണ്ടിയില്ല. കാര്യം തിരിഞ്ഞാൽ പിന്നെ, ചോദ്യകർത്താവും മൗനം പാലിക്കണമായിരുന്നു. പക്ഷെ, ഇയാൾ വീണ്ടും ചോദിക്കാൻ ഒരുങ്ങി. തങ്ങൾ മൗനിയായി ഇരുന്നു. ചോദ്യകർത്താവ് മൂന്നാമതും ചോദിക്കാനുണ്ടെന്ന് പറയുന്നു. അപ്പോൾ തിരുനബി(സ്വ) തങ്ങൾ അൽപ്പം അനിഷ്ടത്തോടെ പറഞ്ഞു:

"എന്നാ നിനക്ക് വേണ്ടത് ചോദിച്ചോളൂ.." 

ഗ്രാമീണൻ: 'യാത്രക്ക് പറ്റിയ ഒരു ഒട്ടകം വേണമായിരുന്നു..'

തിരുനബി(സ്വ): "തരാം, വേറെ എന്താ വേണ്ടത് ?"

ഗ്രാമീണൻ: 'ഒട്ടകപ്പുറത്ത് വെക്കുന്ന കട്ടിൽ വേണം.'

തിരുനബി(സ്വ): "ഉം, ഇനി വല്ലതും ?.."

ഗ്രാമീണൻ: 'യാത്രക്ക് ആവശ്യമായ ഭക്ഷണവും കൂടെ കിട്ടിയാൽ കൊള്ളാം..'

തിരുനബി(സ്വ): "ശരി, നിങ്ങൾ ഇയാൾക്ക് വേണ്ടത് കൊടുത്തേക്ക്.."

ഇതെല്ലാം കണ്ടു നിന്ന കൂടെയുള്ളവർ ആശ്ചര്യപ്പെട്ടു. ഇഷ്ടമുള്ളത് ചോദിക്കാൻ പറഞ്ഞപ്പോൾ സ്വർഗ്ഗം ചോദിക്കുമെന്നാ അവരൊക്കെ കരുതിയത്. പക്ഷേ, ഇദ്ദേഹം അവസരം മുതലെടുക്കാതെ ഒട്ടകവും മറ്റും ചോദിച്ചതാണ് അവരെ അൽഭുതപ്പെടുത്തിയത്. ശേഷം നബി(സ്വ) തങ്ങൾ തന്നെ പറഞ്ഞു:

"ഇയാളുടെ ചോദ്യത്തിനും ബനൂ ഇസ്റാഈല്യരിൽ പെട്ട ആ കിഴവിയുടെ ചോദ്യത്തിനും തമ്മിൽ എന്തൊരു അന്തരം! "

സ്വഹാബതിന് ആ കിഴവിയുടെ ചോദ്യമെന്താണെന്ന് മനസ്സിലായില്ല. അവിടുന്ന് പറഞ്ഞു കൊടുത്തു:

"മൂസാ നബി(അ)നോട് നൈൽ നദി മുറിച്ച് കടക്കാൻ നിർദേശമുണ്ടായ സന്ദർഭം, നബിക്ക് നദിയരികിൽ വെച്ച് ഒരു തടസ്സം നേരിട്ടു. വാഹനം (മൃഗം) വഴിപ്പെടുന്നില്ല. റബ്ബിനോട് കാരണം ചോദിച്ചുകൊണ്ട് ദുആ ഇരന്നു. അപ്പോൾ വഹ്‌യ് വന്നു - 
(إنك عند قبر يوسف، فاحتمل عظامه معك)
- യൂസുഫ് നബി(അ)ൻ്റെ ഖബ്റിനരികിലാണ് താങ്കളിപ്പോൾ, ആ തിരുശരീരം നിലവിലെ സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് മാറ്റി മറവ് ചെയ്യുക.. - അങ്ങനെ മൂസാ നബി(അ) ഖബ്റ് എവിടെയെന്ന് അന്വേഷിച്ചു. കൂടെയുള്ളവർ, ഒരു കിഴവിയുണ്ടെന്നും അവർക്ക് അറിയാമെന്നും പറഞ്ഞപ്പോൾ അവരോട് ചോദിക്കാൻ ആളെ വിട്ടു. പക്ഷെ, ആ കിഴവി ഒരു ഡിമാൻ്റ് വെക്കുന്നുണ്ട് - അവർ ചോദിക്കുന്ന കാര്യം സാധിപ്പിച്ചു തരണമെന്ന്. എന്താണെങ്കിലും ചോദിച്ചോളാൻ മൂസാ നബി(അ) സമ്മതിക്കുകയും ചെയ്തു. ഇതായിരുന്നു ചോദ്യം: സ്വർഗ്ഗത്തിൽ മൂസാ നബി(അ)ൻ്റെ ചാരെയായി ഒരു സ്ഥാനം ലഭിക്കണം! വേറെ എന്ത് ചോദിക്കാൻ പറഞ്ഞിട്ടും അവർ കൂട്ടാക്കാതെ വന്നപ്പോൾ, അല്ലാഹു വഹ്‌യ് അറിയിച്ചു: 'ആ സ്ഥാനം നൽകാമെന്ന്' - അങ്ങനെ അറിയിച്ച് കൊടുക്കുകയും യൂസുഫ് നബി(അ)നെ മാറ്റി മറവ് ചെയ്യുകയും ചെയ്തു.."

കിട്ടിയ അവസരം ശരിക്കും ഉപയോഗപ്പെടുത്തിയ ആ മഹതി എന്തൊരു ഭാഗ്യവതി ! ഇത്തരം - പരലോകവുമായി ബന്ധപ്പെട്ട ചോദ്യങ്ങളൊന്നും ആ ഗ്രാമീണനായ ആൾക്ക് ചോദിക്കാനുണ്ടായില്ലല്ലോ, ദുൻയാവിലെ കാര്യങ്ങളാണല്ലോ ചോദിച്ചത് എന്നാണ് തിരുനബി(സ്വ) തങ്ങൾ തെല്ലൊരാക്ഷേപ സ്വരത്തിൽ പറഞ്ഞത്.

പ്രസ്തുത ഹദീസിൽ യൂസുഫ് നബി(അ)ൻ്റെ عظام എന്ന് പ്രയോഗിച്ചത് എന്നെ അൽഭുതപ്പെടുത്തിയെന്ന് അൽബാനി സാഹിബ് പറയുന്നുണ്ട്. عظام എന്നാൽ ശരീരത്തിലെ എല്ലുകൾ എന്നാണല്ലോ. 'അമ്പിയാക്കളുടെ ശരീരം മണ്ണ് ഭക്ഷിക്കില്ല' എന്ന ഹദീസ് സ്വഹീഹായി വന്നിട്ടുമുണ്ട്. പിന്നീട് ഇമാം അബൂദാവൂദ്(റ) ഉദ്ധരിച്ച ഹദീസ് കണ്ടതോടെ സമാധാനമായെന്ന് അദ്ദേഹം പറയുന്നു:

أنَّه صلَّى اللَّهُ عليهِ وسلَّمَ لمَّا بَدَّنَ قالَ لَهُ تميمٌ الدَّاريُّ : ألا أتَّخذُ لَكَ مِنبرًا يا رسولَ اللَّهِ ، يجمعُ أو يحملُ عظامَكَ ؟ قالَ : بلَى.
(رواه أبو داود- ١٠٨١)

'അങ്ങയുടെ عظام നെ വഹിക്കുന്ന മിമ്പർ' എന്ന് പ്രയോഗിച്ചപ്പോൾ عظام എന്നത് ശരീരത്തെ സംബന്ധിച്ച് ഉപയോഗിക്കുമെന്ന കാര്യം തിരിച്ചറിഞ്ഞതാണ്.
(السلسلة الصحيحة- ١/٢١٢).

ഇത് العروة الوثقى എന്ന അലവി സഖാഫിയുടെ രചനയിൽ നിന്നാണ് കാണാനിടയായത്. ഇതേ പ്രയോഗം മറ്റു ഹദീസുകളിലും കാണാം.

(أمرت أن أسجد على سبعة أعظم)

ബുർദഃയിലുമുണ്ട്:

لا طِيبَ يَعْدِلُ تُرْباً ضَمَّ أَعْظُمَهُ
طُوبَى لِمُنْتَشِقٍ منهُ ومُلْتَئِم

കൂട്ടത്തിൽ പറഞ്ഞെന്നേയുള്ളൂ. വിഷയത്തിലേക്ക് വരാം.
 
യൂസുഫ് നബി(അ) ദുആ ചെയ്തതായി അല്ലാഹു പറയുന്നു:
യൂസുഫ് നബി(അ) ദുആ ചെയ്തതായി അല്ലാഹു പറയുന്നു:
{ تَوَفَّنِی مُسۡلِمࣰا وَأَلۡحِقۡنِی بِٱلصَّـٰلِحِینَ }
[يوسف-١٠١]
മുസ്‌ലിമായി മരിപ്പിച്ച് സ്വാലിഹീങ്ങളോട് ചേർക്കണേ എന്ന്. ഒറ്റക്ക് അന്തിയുറങ്ങുകയായിരുന്ന യൂസുഫ് നബി(അ)നെ അവരുടെ വഫാതിന് ശേഷം 400 വർഷങ്ങൾ കഴിഞ്ഞാണ്, മറ്റു അമ്പിയാക്കളോടൊപ്പം ബൈതുൽ മുഖദ്ദസിൻ്റെ ചാരത്തേക്ക് മൂസാ നബി(അ) നേതൃത്വത്തിൽ ഈ മാറ്റി മറവ് ചെയ്തത് (തഫ്സീറുൽ ഖുർത്വുബി). ദുആക്ക് വർഷങ്ങൾ കഴിഞ്ഞാണെങ്കിലും അല്ലാഹു തആലാ ഉത്തരം നൽകുന്നവനാണെന്ന ഉറച്ച പ്രതീക്ഷയാണ് ഇതിലൂടെ വിശ്വാസികൾ നേടേണ്ടത്.
ഈ പറഞ്ഞതിൽ നിന്നും نقل الميت ന് തെളിവ് പറയാൻ നിൽക്കണ്ട. ഈ സംഭവം ഉദ്ധരിച്ച് തന്നെ, ഇമാം ഇബ്നു ഹജർ(റ) പറയുന്നു:

فَلَا حُجَّةَ فِيمَا رَوَاهُ ابْنُ حِبَّانَ «أَنَّ يُوسُفَ صَلَّى اللَّهُ عَلَى نَبِيِّنَا وَعَلَيْهِ وَسَلَّمَ نُقِلَ بَعْدَ سِنِينَ كَثِيرَةٍ مِنْ مِصْرَ إلَى جِوَارِ جَدِّهِ الْخَلِيلِ - صَلَّى اللَّهُ عَلَيْهِمَا وَسَلَّمَ -» وَإِنْ صَحَّ مَا جَاءَ أَنَّ النَّاقِلَ لَهُ مُوسَى صَلَّى اللَّهُ عَلَى نَبِيِّنَا وَعَلَيْهِ وَسَلَّمَ لِأَنَّهُ لَيْسَ مِنْ شَرْعِنَا وَمُجَرَّدُ حِكَايَتِهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - لَهُ لَا تَجْعَلُهُ مِنْ شَرْعِهِ. اه‍ 
(تحفة: ٣/٢٠٣)

 നമ്മുടെ ശരീഅതിൽ പെട്ടതല്ലാത്തതിനാൽ അത് ഈ നിയമ വ്യവസ്ഥിതിക്ക് തെളിവാകില്ല. അല്ലെങ്കിലും ചരിത്രങ്ങളിൽ നിന്നും നിയമങ്ങൾ മനസ്സിലാക്കാൻ നമുക്ക് പറ്റില്ലല്ലോ. ഇതേക്കുറിച്ച്  മാത്രം "ചരിത്രങ്ങളിൽ നിന്നും മതവിധി കണ്ടെത്തുന്നത് ഒന്ന് നിർത്തൂ" - എന്ന  ഒരു ലേഖനം തന്നെ മുമ്പ് എഴുതിയിട്ടുണ്ട്.

 ഇനി, മുസ്‌ലിം(റ) റിപ്പോർട്ട് ചെയ്ത വിശ്രുത ഹദീസ് നോക്കാം:

(أَنَا سَيِّدُ وُلدِ آدَمَ يَوْمَ الْقِيَامَةِ)
[رقم الحديث- ٢٢٧٨]

ഇതിനെ വിശദീകരിച്ചു കൊണ്ട് ഇമാം നവവി(റ) പറഞ്ഞത് നോക്കൂ:

السَّيِّدُ .. هُوَ الَّذِي يُفْزَعُ إِلَيْهِ فِي النَّوَائِبِ وَالشَّدَائِدِ فَيَقُومُ بِأَمْرِهِمْ وَيَتَحَمَّلُ عَنْهُمْ مَكَارِهَهُمْ وَيَدْفَعُهَا عَنْهُمْ. اه‍ 
(شرح مسلم- ١٥/٣٧)

ഹദീസിലെ السيد എന്നതിനർത്ഥം - വിഷമഘട്ടങ്ങളിലെ ഉമ്മതിൻ്റെ അഭയകേന്ദ്രം, അവരുടെ കാര്യങ്ങൾ നിറവേറ്റിക്കൊടുക്കുന്ന, പ്രയാസങ്ങൾ നീക്കിക്കൊടുക്കുന്ന ആൾ - എന്നാണ്. ദുൻയാവിലെയും سيد തന്നെയാണ് തങ്ങൾ' എന്നിട്ടും 'ആഖിറതിലെ' എന്ന് പ്രത്യേകം പറഞ്ഞത് - എല്ലാർക്കും ആ സമയത്ത് ബോധ്യപ്പെടുന്നതിനാലാണ്. ഈ ദുൻയാവിലെ നേതാവാകാൻ പലരും മത്സരിക്കുന്നുണ്ടല്ലോ. ഖിയാമത് നാളിൽ തങ്ങളല്ലാതെ ആരുമുണ്ടാവില്ല എന്നറിയാക്കാൻ. എല്ലാ സമയത്തെയും പരമാധികാരി الله تعالى ആയിട്ടും ഖുർആനിൽ ഇങ്ങനെ പറഞ്ഞല്ലോ -

{ لِّمَنِ ٱلۡمُلۡكُ ٱلۡیَوۡمَۖ لِلَّهِ ٱلۡوَ ٰ⁠حِدِ ٱلۡقَهَّارِ }
[الغافر- ١٦]

ഖിയാമത് നാളിലെ അധികാരം ഏകനായ الله تعالى ക്ക് അല്ലാതെ മറ്റാർക്കുണ്ട് ? ഇവിടെ പലരും അധികാരികളായി ചമയുന്നുണ്ടെങ്കിലും അന്ന് സ്ഥാനമാനങ്ങൾക്ക് ആരുമുണ്ടാകില്ല. ശരിക്കും ബോധ്യപ്പെടുന്നതിനാൽ പ്രത്യേകം പറഞ്ഞതാണ്. എന്ന പോലെ ആഖിറതിലെ سيد എന്ന് പ്രത്യേകം പറഞ്ഞെന്നേയുള്ളൂ. തിരുനബി(സ്വ) തങ്ങൾ എന്നത്തെയും سيد തന്നെ. മേൽ പറഞ്ഞ سيد എന്നതിൻ്റെ അർത്ഥം ഉൾക്കൊണ്ട് ദുൻയാവിൽ വെച്ച് തന്നെ അവിടത്തോട് വിഷമങ്ങൾ അവതരിപ്പിക്കാം, പരിഹാരത്തിനായി സമീപിക്കാം എന്ന് മനസ്സിലാക്കാം. എന്നല്ല, അങ്ങനെ വേണം. മറ്റൊരു മശ്ഹൂറായ രിവായതിൽ
أَنَا سَيِّدُ وُلدِ آدَمَ وَلَا فَخْرَ 
എന്ന് വന്നിട്ടുണ്ടെന്നും ഈ അറിയിപ്പ് ഇതിലെ വാക്ക് തേടുന്നത് പോലെ പ്രാവർത്തികമാക്കാൻ - വിഷമ ഘട്ടങ്ങളിൽ ആവലാതി ബോധിപ്പിച്ച് പരിഹാരം നേടാൻ - വേണ്ടിയാണെന്നും ഇമാം നവവി(റ) കൂട്ടിച്ചേർക്കുന്നുണ്ട്:

وَالثَّانِي أَنَّهُ مِنَ الْبَيَانِ الَّذِي يَجِبُ عَلَيْهِ تَبْلِيغُهُ إِلَى أُمَّتِهِ لِيَعْرِفُوهُ وَيَعْتَقِدُوهُ وَيَعْمَلُوا بِمُقْتَضَاهُ. اه‍ 
(شرح مسلم- ١٥/٣٧)

ഇമാം ദസൂഖി(റ) പറഞ്ഞത് നോക്കൂ:

السيد هو الذي يفزع إليه في المهمات والمولى هو الناصر ولا شك أن الفزع في المهم إلى السيد يكون أولا ، ونصرته لمن فزع إليه في نيل مهمه تكون ثانيا بعد فزعه إليه، .... ولا شك أنه صلى الله عليه وسلم مفزع الخلائق وناصرهم في الدنيا لما بين لهم من طرف النجاة وعلمهم أنواع الهدايات حتى تركهم على المحجة البيضاء التي لا غبار عليها ومفزعهم وناصرهم في الآخرة فيفزعون إليه من شدة الهول الحاصل له في الموقف فيشفع لهم الشفاعة العظمى. اه‍ 
(حاشية الدسوقي على أم البراهين- ١٠)

ചുരുക്കത്തിൽ ആഖിറവുമായി ബന്ധ
പ്പെട്ട കാര്യങ്ങൾ തേടാനാണ് മുത്ത് നബി(സ്വ)യുടെ ആഹ്വാനം. അത് കൊണ്ട് സ്വലാത്തുകൾ കൊണ്ട് ചുണ്ടുകൾ ചലിച്ചു കൊണ്ടിരിക്കട്ടെ. റബീഅ് മാസത്തിൽ വിശേഷിച്ചും. അവിടുത്തെ ശഫാഅത് തന്ന് ആശീർവദിക്കാനും സ്വർഗ്ഗത്തിൽ ഒരിടം തരാനും തങ്ങളോട് മനസ്സറിഞ്ഞ് പറഞ്ഞോളൂ. തരുന്നവൻ ഏകനായ റബ്ബാണെങ്കിലും അവൻ്റെ ഹബീബിനെ മാനിച്ച് തരാതിരിക്കില്ല. പ്രതീക്ഷ തകരാതിരിക്കട്ടെ - ആമീൻ.

✍️
 അഷ്റഫ് സഖാഫി പള്ളിപ്പുറം

(കേട്ടെഴുത്ത് -
അബൂ ഹസന: ഊരകം)
💫

Comments

  1. വായിക്കാം 👇
    "ചിത്രങ്ങളിൽ നിന്നും മതവിധി കണ്ടെത്തുന്നത് ഒന്ന് നിർത്തൂ "
    .
    http://aunaispp313.blogspot.com/2022/07/blog-post.html
    '

    ReplyDelete

Post a Comment

Popular posts from this blog

ഒറ്റപ്പെട്ടവനെ ചെന്നായ പിടിക്കും

ശൈഖ് രിഫാഈ(റ); ശരീഅത് മുറുകെ പിടിക്കാൻ ആഹ്വാനം ചെയ്ത ഗുരുശ്രേഷ്ഠർ.

റമളാൻ വരുന്നു, വീട്ടിലെ പൂച്ചകളെ മറന്നുകൂടാ.