അനർഹമായ ഇജ്തിഹാദിയൻ ചിന്തകൾക്കെതിരെ
അനർഹമായ ഇജ്തിഹാദിയൻ ചിന്തകൾക്കെതിരെ
🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴
ഇസ്‌ലാമിൻ്റെ നിയമങ്ങൾ - അതെന്താല്ലാമാണെന്നും എങ്ങനെയായിരിക്കണമെന്നും സ്രഷ്ടാവായ അല്ലാഹു തആലായുടെ നിശ്ചയങ്ങളിൽ പെട്ടതാണ്. അവ ഖുർആനിലും ഹദീസിലും പറഞ്ഞിട്ടുണ്ട്. നിസ്കരിക്കണം, നോമ്പനുഷ്ഠിക്കണം, സകാത് കൊടുക്കണം, ഹജ്ജ് ചെയ്യണം തുടങ്ങിയ നിർബന്ധകാര്യങ്ങൾ, കള്ളം പറയരുത്, കള്ള് കുടിക്കരുത്, വ്യഭിചാരത്തിലേക്ക് അടുക്കുകയേ ചെയ്യരുത് തുടങ്ങി നിഷിദ്ധകാര്യങ്ങൾ - ഇവയെല്ലാം ഏവർക്കും മനസ്സിലാകും വിധം വ്യക്തമാക്കിയതാണ്. എന്നാൽ മനുഷ്യൻ്റെ ഏത് പ്രവർത്തനങ്ങൾക്കും പഞ്ചവിധികളിൽ (വാജിബ് - സുന്നത് - ഹറാം - കറാഹത് - മുബാഹ് ) ഒന്ന് ബാധകമാണെന്ന പൊതു തത്വമനുസരിച്ച്, ലോകത്താകമാനം ജീവിച്ചിരിക്കുന്നതും വരാനിരിക്കുന്നതുമായ മനുഷ്യരുടെ എല്ലാ ചെയ്തികളുടെയും നിയമങ്ങൾ ഓരോന്നായി ഖുർആനിൽ പറയുക സാംഗത്യമുള്ളതല്ല.
ഇരുപത്തി മൂന്ന് വർഷങ്ങളിലായി വഹ്‌യ് വന്നെങ്കിലും പത്ത് വർഷത്തെ ഹിജ്റഃക്ക് ശേഷമുള്ള കാലയളവിലാണല്ലോ നിയമങ്ങളുടെ പ്രധാന അവതരണം. അതു തന്നെ സന്ദർഭങ്ങൾക്കനുസരിച്ച് ജീവിതത്തിലൂടെ പകർന്നു കൊടുക്കുന്ന വിവരണവും. ഇതിനിടക്ക് എല്ലാ നിയമങ്ങളും വിസ്തരിക്കുകയും പ്രായോഗികമല്ല. പിന്നെന്താണ് സംഭവിക്കുക എന്നല്ലേ, അതെ, ഏത് നിയമങ്ങളും കണ്ടെത്താനുതകുന്ന അടിസ്ഥാന തത്വങ്ങൾ വിശദീകരിക്കുക തന്നെ. ഇത് നേരിട്ട് പറഞ്ഞോ ചെയ്ത് കാണിച്ചോ സമ്മതം നൽകിയോ ആകാം. ഖുർആനിൽ പ്രതിപാദിച്ചതും ഇപ്രകാരം അടിസ്ഥാനങ്ങളാണ്. ഇവയിൽ നിന്നെല്ലാം ഇസ്‌ലാമിക നിയമങ്ങൾ ഗ്രഹിച്ചെടുക്കുകയാണ് ചെയ്യുക. ഈ രൂപത്തിൽ വേണം ഖുർആനിനെയും ഹദീസിനെയും വിലയിരുത്താൻ. തിരുനബി(സ്വ) ഇവ രണ്ടിനെയും മുറുകെ പിടിക്കാൻ പറഞ്ഞതും ഇതടിസ്ഥാനത്തിലാണ്.
عن أَبي هريرة رضي الله عنه ، قال: قال رسول الله صلى الله تعالى عليه وسلم: (إني قد تركت فيكم شيئين لن تضلوا بعدهما : كتاب الله وسنتي ولن يتفرقا حتى يردا علي الحوض)
(روه الحاكم في مستدركه )
ഇവയിൽ നിന്നു ഗ്രഹിച്ചെടുക്കണമെന്ന് പറഞ്ഞല്ലോ. ഇതിനു പക്ഷേ, എല്ലാവർക്കും സാധ്യമല്ല. അതിനുവേണ്ട വിവരങ്ങൾക്ക് പുറമെ അവ യഥാവിധം പ്രയോഗിക്കാനുള്ള ബുദ്ധിസാമർത്ഥ്യവും കൂടെ വേണം. ഇക്കാര്യം പണ്ഡിതന്മാരെല്ലാം വ്യക്തമാക്കിയതുമാണ്.
أَمَّا حَقِيقَتُهُ بِالْفِعْلِ فِي سَائِرِ الْأَبْوَابِ فَلَمْ يُحْفَظْ ذَلِكَ مِنْ قَرِيبِ عَصر الشَّافِعِيِّ إلَى الْآنَ كَيْفَ وَهُوَ مُتَوَقِّفٌ عَلَى تَأْسِيسِ قَوَاعِدَ أُصُولِيَّةٍ وَحَدِيثِيَّةٍ وَغَيْرِهِمَا يُخَرَّجُ عَلَيْهَا اسْتِنْبَاطَاتُهُ وَتَفْرِيعَاتُهُ وَهَذَا التَّأْسِيسُ هُوَ الَّذِي أَعْجَزَ النَّاسَ عَنْ بُلُوغِ حَقِيقَةِ مَرْتَبَةِ الِاجْتِهَادِ الْمُطْلَقِ وَلَا يُغْنِي عَنْهُ بُلُوغُ الدَّرَجَةِ الْوُسْطَى فِيمَا سَبَقَ فَإِنَّ أَدْوَنَ أَصْحَابِنَا وَمَنْ بَعْدَهُمْ بَلَغَ ذَلِكَ وَلَمْ يَحْصُلْ لَهُ مَرْتَبَةُ الِاجْتِهَادِ الْمَذْهَبِيِّ فَضْلًا عَنْ الِاجْتِهَادِ النِّسْبِيِّ فَضْلًا عَنْ الِاجْتِهَادِ الْمُطْلَقِ. اه
(تحفة: ١٠/١٠٩)
ഈ ഒരു സ്റ്റേജിലെത്തിയവർ ഇമാം ശാഫിഈ(റ) വിൻ്റെയും തൊട്ടുടനെയുള്ളവരുടെയും കാലഘട്ടത്തിന് ശേഷം ഇന്നേവരെ ഉണ്ടായിട്ടില്ലെന്ന് ഹി: 974 ൽ വഫാതായ ഇബ്നു ഹജർ(റ) സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ഒരു മദ്ഹബ് സ്വന്തമായി സ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിലും മറ്റുള്ളവരുടെ ഉസ്വൂലുകൾ വെച്ച് ഖുർആൻ - ഹദീസിൽ നിന്നും ഗവേഷണം ചെയ്യുന്നവർ, അവർക്ക് താഴെ, മദ്ഹബിൻ്റെ ഇമാമിൻ്റെ വാക്കുകൾക്ക് വിശദീകരണം നൽകുന്നവർ, അവർക്കും താഴെ രണ്ട് വീക്ഷണങ്ങളിൽ നിന്ന് പ്രബലമായത് വേർതിരിച്ച് കണ്ടെത്താൻ കഴിയുന്നവർ ഇങ്ങനെ ചെറിയ രൂപത്തിലുള്ള ഗവേഷണങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനും കഴിവുള്ളവർ കഴിഞ്ഞു പോയിട്ടുണ്ടെന്നാണ് ഇമാം പറഞ്ഞു വെക്കുന്നത്.
ഇവ്വിഷയത്തിലെ ഒരു സംഗ്രഹം മാത്രമാണിത്. വിശദീകരിച്ചു മനസ്സിലാക്കേണ്ട വസ്തുതകളാണിതെല്ലാം. ചെറിയ കുറിപ്പിനുള്ളിൽ എല്ലാം പറഞ്ഞു തീർക്കുക സാധ്യമല്ല. ഒരു ഡോക്ടറാകാനോ എഞ്ചിനീയറാകാനോ ഏതെങ്കിലും ലേഖനങ്ങൾ വായിച്ചതു കൊണ്ടായില്ലല്ലോ. ഇസ്‌ലാമിക കാര്യങ്ങളും തഥൈവ. വർഷങ്ങളുടെ അധ്വാനത്തിൽ പഠിച്ചെടുക്കേണ്ട കുറേ കാര്യങ്ങളുണ്ട് (ഇസ്‌ലാമിൻ്റെ വിധിവിലക്കുകളെ പരിചയിക്കാൻ തന്നെ. ഗവേഷണം ചെയ്ത് കണ്ടെത്താനല്ല കെട്ടോ). ചില ക്ലാസുകളിൽ പങ്കെടുത്തോ പരിഭാഷകൾ നോക്കിയോ ഖുർആനിൽ നിന്നും ഹദീസിൽ നിന്നും അൽപം മനസ്സിലാക്കുമ്പഴേക്ക് എല്ലാം തികഞ്ഞവനെന്നും ഇസ്‌ലാമിലെ ഏത് കാര്യങ്ങളിലും അഭിപ്രായം പറയാൻ മാത്രം വളർന്നിട്ടുണ്ടെന്നും ധരിച്ചു വെച്ചിരിക്കുന്ന എത്രയോ സാധുക്കുളെ കണ്ടിട്ടുണ്ട്. പരമസാധുക്കളാണവർ.
രണ്ട് കഥ പറയാം:
മീനിന്റെ ടേസ്റ്റ് അറിഞ്ഞ പൂച്ച സാർ കടലിൽ എടുത്തു ചാടി, മീൻ തിന്നാൻ !
കൈയ്യിലെ എല്ലിന് പൊട്ടുണ്ടെന്ന് പറഞ്ഞ ഡോക്ടർ, കോൺക്രീറ്റ് പാലത്തിനുള്ളിലെ ചില കമ്പികൾ പൊട്ടിയിട്ടുണ്ടെന്ന് പറഞ്ഞു !
എന്തേ, വായനക്കാർ ചിരിക്കുന്നുണ്ടോ? എങ്കിൽ അറബി നാലക്ഷരം വായിക്കുമ്പോഴേക്കും ഇജ്തിഹാദിന് മുതിരുന്നവരെ കണ്ടാലും നിങ്ങൾ ചിരിച്ചേ പറ്റൂ. കരയിലെത്തിയ മീനിനെയോ അതിൻ്റെ അവശിഷ്ടങ്ങളെയോ തിന്ന് മാത്രം പരിചയമുളള പൂച്ചക്ക് കടലിലിറങ്ങാൻ കഴിയില്ല. അതിന് കഴിവുള്ളവർ കൊണ്ടുവന്നത് തിന്നാനേ പറ്റൂ. ഇല്ലെങ്കിൽ പൂച്ച മീനിനെയല്ല തിന്നുക, മറിച്ച് മീനുകൾ പൂച്ചയെ തിന്നലായിരിക്കും നടക്കുക. ഈ ഉദാഹരണം വൈലിത്തറ ഉസ്താദ്(ന:മ) പറയാറുള്ളതാണ്.
എല്ലിൻ്റെ പൊട്ട് പരിശോധിച്ച് കണ്ടെത്താൻ കഴിവുണ്ടെന്ന് കരുതി എഞ്ചിനീയറുടെ പണി ഡോക്ടർ എടുത്താൽ പരിഹാസ്യനാവുകയല്ലാതെ മറ്റെന്താണ് ? ഇപ്രകാരം ഇജ്തിഹാദിന് കഴിവുണ്ടാവുക അതൊന്ന് വേറെ തന്നെയാണ്. അവരെ അപേക്ഷിച്ച് മനുഷ്യരെല്ലാം ഗ്രാഹ്യ ശേഷിയില്ലാത്തവരായി മാറിയിട്ടുണ്ടെന്ന് ഇബ്നു ഹജർ(റ) അവരുടെ കാലത്തെ ജനങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്:
(ومن فروض الكفايات، القيام بِعُلُومِ الشَّرْعِ كَتَفْسِيرٍ وَحَدِيثٍ وَالْفُرُوعِ) الْفِقْهِيَّةِ زَائِدًا عَلَى مَا لَا بُدَّ مِنْهُ، (بِحَيْثُ يَصْلُحُ لِلْقَضَاءِ) وَالْإِفْتَاءِ بِأَنْ يَكُونَ مُجْتَهِدًا مُطْلَقًا....
قَالَ الْمَاوَرْدِيُّ وَغَيْرُهُ: وَإِنَّمَا يَتَوَجَّهُ فَرْضُ الْكِفَايَةِ فِي الْعِلْمِ عَلَى كُلِّ مُكَلَّفٍ حُرٍّ ذَكَرٍ غَيْرِ بَلِيدٍ مَكْفِيٍّ...
وَبِقَوْلِهِ: غَيْرِ بَلِيدٍ مَعَ قَوْلِ الْمُصَنِّفِ كَابْنِ الصَّلَاحِ: أَنَّ الِاجْتِهَادَ الْمُطْلَقَ انْقَطَعَ مِنْ نَحْوِ ثَلَثِمِائَةِ سَنَةٍ، يُعْلَمُ أَنَّهُ لَا إثْمَ عَلَى النَّاسِ الْيَوْمَ بِتَعْطِيلِ هَذَا الْفَرْضِ، وَهُوَ بُلُوغُ دَرَجَةِ الِاجْتِهَادِ الْمُطْلَقِ؛ لِأَنَّ النَّاسَ كُلَّهُمْ صَارُوا بُلَدَاءَ بِالنِّسْبَةِ إلَيْهَا. اه بحذف.
(تحفة: ٩/٢١٦)
ഇത്രയൊക്കെ അപൂർവ്വ സിദ്ധികളായി എണ്ണിയ ഇജ്തിഹാദിലേക്ക് മുതിരാൻ അർഹരല്ലാത്തവർ ഏന്തിനോക്കിയാൽ അവരെ സാധുക്കളെന്നല്ലാതെ പിന്നെന്ത് വിളിക്കും ? ഇപ്പണി കണ്ട് എങ്ങനെ ചിരിക്കാതിരിക്കും ?
ഇനി, ഇതെല്ലാം മദ്ഹബ് സ്വന്തമായി സ്ഥാപിക്കാൻ കഴിയുന്ന മുജ്തഹിദ് മുത്വ്‌ലഖുകളെ പറ്റിയാണെന്നും അതിനേക്കാൾ താഴെ തട്ടിലുള്ള ചില ചെറിയ ഇജ്തിഹാദുകൾ തങ്ങൾക്ക് കഴിയുമെന്ന് ചിലർക്ക് തോന്നുന്നുണ്ടെങ്കിൽ, അതും പുറത്ത് പറയാതിരിക്കുക. ഇമാമുകളെയും അവരുടെ ചരിത്രങ്ങളും പഠിച്ചാൽ ഇത് ശരിക്കും ബോധ്യമാവും. രണ്ടാം ശാഫിഈ എന്നറിയപ്പെട്ട ഇമാം നവവി(റ)യുടെ സ്ഥാനം എത്രയാണ് ! മദ്ഹബിലെ രണ്ടു വീക്ഷണങ്ങളിലെ ബലാബലം നോക്കി മനസ്സിലാക്കാവുന്ന സ്റ്റേജിലേക്കേ ഇവർ വരെ എത്തിയിട്ടുള്ളൂ. എന്നിട്ടാണോ ഇക്കാലത്തെ ചിലർ ഖുർആനും - സുന്നത്തുമെന്ന് പറഞ്ഞ് സ്വന്തം അഭിപ്രായങ്ങൾ പറയാൻ നടക്കുന്നത് ? ഇവരെ പിന്താങ്ങാൻ അന്നം തിന്നുന്നവർക്ക് പറ്റില്ല. അത്ര തന്നെ.
ഇമാം ശാഫിഈ(റ)യുടെ വാക്ക്:
തൻ്റെ സതീർത്ഥ്യരായ അസ്വ് ഹാബുകളോട് ഇമാം ശാഫിഈ(റ) ഇങ്ങനെ പറഞ്ഞു:
إذا صح الحديث فهو مذهبي واتركوا قولي
" ഹദീസ് സ്വഹീഹായി ലഭിച്ചാൽ അത് തന്നെയാണെൻ്റെ മദ്ഹബ്. അതിനെതിരെ ഞാൻ പറഞ്ഞത് നിങ്ങൾക്ക് ഒഴിവാക്കാം."- ഈ ആശയത്തിൽ വരുന്ന വാക്ക് ദുരുപയോഗം ചെയ്താണ് പല ആധുനികരും വിഷയങ്ങൾ കയ്യേറുന്നത്. ഇത് കൂടെയുള്ള 'അസ്വ് ഹാബി'നോടാണ്. 'അസ്വ് ഹാബുൽ വുജൂഹ്' എന്ന ഈ സ്ഥാനമലങ്കരിക്കാനുള്ള യോഗ്യത അറിഞ്ഞാൽ മതി, അതിൻ്റെ വാല്യു തിരിയാൻ. ഈ വാക്ക് ശ്രദ്ധയിൽ പെടാത്തവരല്ലല്ലോ നമ്മുടെ ഇമാമുകളാരും. ഇമാം നവവി(റ) പ്രസ്തുത വാക്കിനെപ്പറ്റി പറഞ്ഞത്:
وهو ليس على ظاهره
അത് ബാഹ്യാർത്ഥം നോക്കി മനസ്സിലാക്കാൻ പറ്റിയതല്ലെന്ന്. ഇമാം ശാഫിഈ(റ)വിൻ്റെ ഈ വാക്യത്തെ മാത്രം ആധാരമാക്കി ഗ്രന്ഥങ്ങൾ രചിച്ചവരാണ് നമ്മുടെ ഇമാമുകൾ. ഇതിനെ പറ്റി മാലികീ മദ്ഹബുകാരനായ ഇമാം ഖറാഫീ(റ) പറഞ്ഞത് ഇപ്രകാരമാണ്:
ومن هذا الباب ما يروى عن الشافعي - رضي الله عنه - أنه قال إذا صح الحديث فهو مذهبي أو فاضربوه بمذهبي عرض الحائط، فإنه كان مراده مع عدم المعارض، فهو مذهب العلماء كافة وليس خاصاً به، وإن كان مع وجود المعارض فهذا خلاف الإجماع فليس هذا القول خاصة بمذهبه كما ظنه بعضهم.
كثير من فقهاء الشافعية يعتمدون على هذا ويقولون: مذهب الشافعي كذا لأن الحديث صح فيه وهو غلط فإنه لا بد من انتفاء المعارض والعلم بعدم المعارض يتوقف على من له أهلية استقراء الشريعة حتى يحسن أن يقول لا معارض لهذا الحديث، وأما استقراء غير المجتهد المطلق فلا عبرة به، فهذا القائل من الشافعية ينبغي أن يحصل لنفسه أهلية هذا الاستقراء قبل أن يصرح بهذه الفتوى لكنه ليس كذلك فهو مخطئ في هذا القول. اه
(شرح تنقيح الفصول للقرافي- ٤٥٠)
"ഇമാം ശാഫിഈ(റ)യുടെ പ്രസ്തുത വാക്യം, എല്ലാ മദ്ഹബിലും സ്വീകാര്യമായതാണ്. ഇമാമിൻ്റെ വാക്കുകളോട് എതിരായി തോന്നുന്ന സ്വഹീഹായ ഹദീസുകൾക്ക്, ഇമാമിൻ്റെ ഭാഗത്ത് നിന്ന് മറുപടികളും സമീപന രീതികളും ഇല്ലെങ്കിൽ മാത്രമാണ് ഈ വാക്യം അന്വർത്ഥമാവൂ. സ്വഹീഹായ ഹദീസ് മാത്രം കണ്ട് ഇതാണ് ശാഫിഈ മദ്ഹബെന്ന് പറയുന്ന, അവരുടെ മദ്ഹബിലെ ചിലർക്ക് പിഴച്ചിരിക്കുന്നു. കാര്യം മനസ്സിലാക്കാതെ, ഗവേഷണ കഴിവില്ലാത്ത ഇക്കൂട്ടർ പറഞ്ഞു വിടുന്നതിന് യാതൊരു പരിഗണനയുമില്ല.."
ഇമാം ശാഫിഈ(റ)യുടെ മേൽ വാക്കിൽ من غير معارض എന്ന നിബന്ധനയോടു കൂടി തന്നെ തുഹ്ഫഃയിൽ ഉദ്ധരിച്ചിട്ടുണ്ട്:
أنه تواتر عن وصيته: إذا صح الحديث من غير معارض فهو مذهبه. اه
(تحفة: ١/٥٤)
ഇസ്‌ലാമിൻ്റെ നിയമങ്ങളുമായി ബന്ധിച്ച ഹദീസിന്റെ യഥാർത്ഥ ആശയം മനസ്സിലാവുക ഫുഖഹാഇന്ന് മാത്രമാണെന്ന് ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്:
الحديث مضلة إلا للفقهاء.
ഒരു സംഭവം വിവരിക്കാം:
ഇമാം ശർഖാവീ(റ) പറയുന്നു: " യുവത്വകാലത്തെ തുടിപ്പിൽ ഉസ്വൂലുൽ ഫിഖ്ഹിലെ ധാരാളം ഗ്രന്ഥങ്ങൾ مطالعة ചെയ്യുകയും തൽവഴി, മുജ്തഹിദുകളുടെ വാക്കുകളും അവരുടെ ദലീലുകളും മനസ്സിലാക്കിയപ്പോൾ, എനിക്ക് സ്വന്തമായ ചില വീക്ഷണങ്ങളൊക്കെ വന്നു തുടങ്ങി. ചിലപ്പോൾ ഫിഖ്ഹിൽ പറഞ്ഞതിനോട് യോജിക്കുന്നതും മറ്റു ചിലപ്പോൾ യോജിക്കാത്തതുമായിരുന്നു അത്. കുറച്ചു കാലം ഇങ്ങനെ വെളിവായെങ്കിലും ആരോടും പറയാതെ ഞാൻ മറച്ചു വെച്ചു. അങ്ങനെയിരിക്കെ, നല്ല ബുദ്ധിസാമർത്ഥ്യമുള്ള എൻ്റെ ഒരു ശിഷ്യനോട് ഇങ്ങനെ ചോദിച്ചു: 'കർമ്മ ശാസ്ത്ര ഗ്രന്ഥത്തിലില്ലാത്ത ചില വീക്ഷണങ്ങൾ ഞാൻ നിനക്ക് തെളിവ് സഹിതം വിവരിച്ചു തന്നാൽ, കിതാബിലുളളത് ഒഴിവാക്കി ഞാൻ പറഞ്ഞത് നീ സ്വീകരിക്കുമോ ?'
അത് അംഗീകരിക്കില്ലെന്ന് പറയാൻ വിദ്യാർത്ഥിക്ക് കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല. ഇതോടെ അത്തരം ചിന്തകളിൽ നിന്ന് ഞാൻ വിട്ടു നിൽക്കുകയായിരുന്നു. അല്ലാഹുവിൻ്റെ അനുഗ്രഹം! "
قال الشيخ العلامة عبد الله بن حجازي الشرقاوي : وقد وقع لي في عنفوان الشبيبة الاشتغال بكتب الأصول، والاطلاع على أقوال المجتهدين وأدلتهم مثل ما وقع للشيخ السيوطي، فكنت كلما مررت على مسألة اخترت فيها قولا إما موافقا للمشهور فيها أو مخالفا له، ومكث ذلك معي مدة وأنا أكتمه، إلى أن قلت ذات يوم لتلميذ نجيب كان يحضر عندي: إذا اخترت اختيارات غير هذه الاختيارات هل تتبعني أو لا ؟ فقال: لا، فكان ذلك سببا لرجوعي عما خطر لي، وذلك بفضل الله تعالى. اه
(طبقات الشافعية لعبد الله بن حجازي الشرقاوي المتوفى سنة ١٢٢٧ هـ)
ഇമാം സുയൂത്വീ(റ)ക്കും ഇത് പോലെ സ്വന്തമായ ചില വീക്ഷണങ്ങൾ ഉണ്ടായത് സൂചിപ്പിക്കുന്നുണ്ട് മേൽ വാക്യത്തിൽ. സമകാലികരായ ഇമാമുകൾ അതിനെ ചോദ്യം ചെയ്യുകയും അവർക്ക് മുന്നിൽ സുയൂത്വീ ഇമാം(റ), പറഞ്ഞു പോയത് ഉചിതമായില്ലെന്ന ഭാവത്തിൽ മൗനം പാലിക്കുകയുമായിരുന്നു.
തൻ്റെ ശിഷ്യനിലൂടെ റബ്ബ് അനുഗ്രഹം ചൊരിഞ്ഞ് തന്നു എന്നാണ് ഇമാം ശർഖാവീ(റ) പറഞ്ഞു വെക്കുന്നത്.
ഇതുപോലെ, തൻ്റെ ശിഷ്യൻ വഴി അറിവിൻ്റെ ആഴങ്ങളിലേക്ക് ചെല്ലാൻ നിമിത്തമായ ചില ഉദാഹരണങ്ങൾ ഉണ്ടായിട്ടുണ്ട്:
ഇബ്നു അറഫഃ(റ) പറയുന്നു: ഞാനെങ്ങനെ ഉറങ്ങാനാ, നേരം പുലരും വരെ 'ഉബയ്യി'ൻ്റെയും 'ബർസലി'യുടെയും ഇടയിലല്ലേ. ഒരാൾ ഗ്രാഹ്യ ശക്തിയിലും ബുദ്ധി സാമർത്ഥ്യത്തിലും, മറ്റെയാൾ ഓർമ്മശക്തിയിലും ഉദ്ധരണികൾ പരിശോധിക്കുന്നതിലും - ഇരുവരും രണ്ട് സിംഹങ്ങളാണ്!
قال ابن عرفة: كيف أنام وأصبح بين أسدين الأبي بفهمه وعقله والبرزلي بحفظه ونقله. اه
(شجرة النور الزكية)
സമസ്ത സ്ഥാപകാംഗങ്ങവും ആദ്യ ജനറൽ സെക്രട്ടറിയുമായ പാങ്ങിൽ അഹ്‌മദ് കുട്ടി മുസ്‌ലിയാർ(ഖു:സി). അവരുടെ ശിഷ്യനാണ് താഴെക്കോട് കുഞ്ഞലവി മുസ്‌ലിയാർ(ഖു:സി). മണ്ണാർക്കാട് ദർസ് നടത്തിയിരുന്ന കാലം. കുശാഗ്ര ബുദ്ധിക്കാരനായ കുഞ്ഞലവി മുസ്‌ലിയാർ എന്ന തൻ്റെ വിദ്യാർത്ഥിയുടെ ഓരോ ചോദ്യങ്ങൾക്കും കനമേറിയ മറുപടി ആവശ്യമായിരുന്നു. ഇതെല്ലാം അഹ്‌മദ് കുട്ടി മുസ്‌ലിയാർ(ഖു:സി) തരണം ചെയ്ത് പറഞ്ഞു കൊടുക്കുമായിരുന്നു. ക്ലാസിൽ കുഞ്ഞലവി തലയുയർത്തിയാൽ (സംശയം ചോദിക്കാൻ) താൻ വിയർക്കാറുണ്ടായിരുന്നെന്ന് അദ്ദേഹം പറയാറുണ്ടത്രെ ! മഹല്ല് കമ്മിറ്റികളോട് തമാശ രൂപേണ പറയും: 'ഒന്നുകിൽ എനിക്ക് ശമ്പളം കൂട്ടിത്തരണം, അല്ലെങ്കിൽ കുഞ്ഞലവിയെ ഇവിടന്ന് മാറ്റണം..'
പഴമക്കാർ പറഞ്ഞിരുന്നു: "പാങ്ങിലെ ഉസ്താദിനെക്കൊണ്ട് കുഞ്ഞലവി മുസ്‌ലിയാർ ആലിമായതല്ല, മറിച്ച് കുഞ്ഞലവി മുസ്‌ലിയാരെക്കൊണ്ട് പാങ്ങിൽ പണ്ഡിതനായതാണ് "
മേൽ പറഞ്ഞ വാക്കുകളുടെ ബാഹ്യാർത്ഥമൊന്നും ആരും ചിന്തിച്ചു പോകരുത്. അതീവ ബുദ്ധിശാലിയായ തൻ്റെ വിദ്യാർത്ഥിക്ക് അറിവ് പകർന്നു കൊടുക്കാൻ അൽപം അധ്വാനിച്ചു എന്നത്, അന്നത്തെ ചില തമാശകളിലും വാക്കുകളിലും അവതരിപ്പിച്ചതാണ്. അല്ലെങ്കിലും ഇങ്ങനെത്തെ വിദ്യാർത്ഥികളെ ലഭിച്ചിരുന്നെങ്കിൽ എന്ന് ആശിക്കാത്ത ഏത് ഗുരുനാഥനാണ് ഉണ്ടാവുക? കൂടുതൽ ഇൽമ് പഠിക്കാനും ചിന്തിക്കാത്ത ഭാഗങ്ങൾ ചിന്തിക്കാനും ഇത്തരം ശിഷ്യന്മാർ നിമിത്തമാവുമെന്നതാണ് നേര്. അതിന് ഉത്തമ ഉദാഹരണം നമ്മുടെ പൂർവ്വികരിൽ ഉണ്ടായതാണ് വിവരിച്ചത്.
✍️
അഷ്റഫ് സഖാഫി പള്ളിപ്പുറം
(കേട്ടെഴുത്ത് -
അബൂ ഹസന: ഊരകം)
💫
Comments
Post a Comment